Movie Reviews

പ്രേക്ഷകരെ കയ്യിലെടുക്കുന്ന കിടിലന്‍ മുത്തശ്ശി

പ്രവീണ്‍ പി നായര്‍

തിരുവോണ നാളിലായിരുന്നു ‘ഒരു മുത്തശ്ശി ഗദ’ എന്ന ചിത്രവുമായി ജൂഡ്‌ ആന്റണി ജോസഫ്‌ എന്ന സംവിധായകന്‍റെ വരവ്. പ്രേക്ഷകര്‍ക്ക് നന്നേ രസിച്ച ‘ഓംശാന്തി ഓശാന’യായിരുന്നു ജൂഡ് ആദ്യം പ്രേക്ഷകരുമായി പങ്കുവെച്ച സിനിമ. പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ ‘ഒരു മുത്തശ്ശി കഥ’ എന്ന പേരില്‍ മുന്‍പൊരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. കാലം മാറിയപ്പോള്‍ ജൂഡ് കഥ മാറി ഗദക്കൊപ്പം നിന്നു. ചിത്രത്തിന്‍റെ ശീര്‍ഷകം കേള്‍ക്കുമ്പോള്‍ തന്നെയുണ്ട്‌ ഒരു ആനച്ചന്തം ‘ഒരു മുത്തശ്ശി ഗദ’.

 
‘ഒരു മുത്തശ്ശി ഗദ’ മുന്നില്‍ വയ്ക്കുന്നത് അറുപതു കഴിഞ്ഞ ഒരു മുത്തശ്ശിയെ കേന്ദ്രീകരിച്ചുള്ള ആശയമാണ്. അവര്‍ക്കിടയിലാണ് കഥ വട്ടം ചുറ്റുന്നത്. ലീലാമ്മ മുന്‍കോപക്കാരിയാണ്. മകനും ,മരുമകള്‍ക്കും,ചെറുമക്കള്‍ക്കുമെല്ലാം തലവേദനായി മാറുന്ന വാര്‍ധക്യത്തിലെ വായാടി കഥാപാത്രമാണ് ലീലാമ്മ. ലീലാമ്മയുടെ കോപവും,സന്തോഷങ്ങളും നൊമ്പരങ്ങളുമെല്ലാം പ്രേക്ഷകര്‍ക്കു പ്രീതിയാകും വിധം സ്ക്രീനില്‍ ചലിച്ചു തുടങ്ങി. പുതുമയുള്ള നല്ല പ്രമേയങ്ങളാണ് മലയാള സിനിമയ്ക്ക് എപ്പോഴും ആവശ്യം. അത്തരമൊരു ഭംഗിയുള്ള പ്രമേയമാണ് ‘ഒരു മുത്തശ്ശി ഗദ’യുടെ ശക്തി. അതുകൊണ്ട് തന്നെയാണ് ‘മുത്തശ്ശി ഗദ’ പ്രേക്ഷകരോട് കൂടുതല്‍ അടുക്കുന്നതും. ലീലാമ്മ സിനിമയില്‍ അങ്ങനെ നിറഞ്ഞു നിന്നപ്പോള്‍ പ്രേക്ഷകര്‍ക്ക് അത് വേറിട്ടൊരു ആസ്വാദന സുഖം സമ്മാനിച്ചു. ചെറുപ്പം അരങ്ങുവാഴുന്ന സിനിമയുടെ നെഞ്ചത്ത് ലീലാമ്മ ഒരു രാജ്ഞിയെ പോലെ കസേരയിട്ടിരുന്നു. കഥയുടെ ആശയം ജൂഡിന് പകര്‍ന്നു നല്‍കിയത് യുവനടന്‍ നിവിന്‍ പോളിയാണ്. പ്രേക്ഷകരെ എങ്ങനെ മുഷിവുണ്ടാക്കാതെ രണ്ടരമണിക്കൂര്‍ പിടിച്ചുഇരുത്താം എന്ന ബുദ്ധിപൂര്‍വമായ തന്ത്രമാണ് ജൂഡ്‌ ആന്റണി ജോസഫ്‌ മുത്തശ്ശി ഗദയുടെ തിരക്കഥയില്‍ പ്രയോഗിച്ചിരിക്കുന്നത്. കഥ വര്‍ദ്ധക്യത്തിന്‍റെതാണ് അങ്ങനെയൊരു വിഷയം പങ്കുവച്ചിട്ടും നാടകീയമായ അറുബോറന്‍ രംഗങ്ങള്‍ ഒന്നും ചിത്രത്തില്‍ ഉണ്ടായിട്ടില്ല എന്നത് പ്രശംസനീയമാണ്. സിനിമ തുടങ്ങുന്നത് മുതല്‍ തീരുന്നത് വരെ സ്വഭാവികതയിലാണ് ചിത്രം മിന്നിയത്. ജൂഡിലെ സംവിധായകനിലെയും, എഴുത്തുകാരന്റെയും മികവാണത്.

 
ലീലാമ്മ എന്ന രസികന്‍ കഥാപാത്രത്തോട് വേഗത്തിലാണ് പ്രേക്ഷകന് അടുപ്പമേറുന്നത്. മൂശേട്ട സ്വഭാവമാണെങ്കിലും ഇങ്ങനെയൊരു എനര്‍ജെറ്റിക് മുത്തശ്ശി നമ്മുടെ വീട്ടിലും ഉണ്ടായിരുന്നുവെങ്കില്‍ എന്നു ഓരോ പ്രേക്ഷകരും അറിയാതെ ആശിച്ചു പോകും .
ലീലമ്മയുടെ ജീവിതത്തിലേക്ക് സൂസമ്മ എന്ന മറ്റൊരു മുത്തശ്ശി കഥാപാത്രം കൂട്ട് വരുമ്പോഴാണ് ചിത്രം കൂടുതല്‍ ആസ്വാദ്യകരമാകുന്നത്. പിന്നീട് ലീലാമ്മയുടെ സന്തോഷങ്ങളും, നൊമ്പരങ്ങളും പഴയകാല ജീവിതവുമെല്ലാം പ്രേക്ഷകന് മുന്നില്‍ മുത്തശ്ശി ഗദ എന്ന ചിത്രം പകുത്ത് നല്‍കുന്നുണ്ട്. ഓരോ പ്രേക്ഷകരും കണ്ണും നട്ടിരിക്കുന്നതും കയ്യടിച്ചു ഇരിക്കുന്നതുമൊക്കെ അത്തരം സന്ദര്‍ഭങ്ങളിലാണ്. മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പുത്തന്‍ ശൈലിയിലുള്ള ആസ്വാദനത്തിന്റെ വാതില്‍ തുറന്നിടുകയാണ് ‘ഒരു മുത്തശ്ശി ഗദ’. നിങ്ങള്‍ക്ക് ചിരിച്ചിരിക്കാം, നല്ലൊരു വിനോദ സിനിമകണ്ടു ഉല്ലസിച്ചു പുറത്തിറങ്ങാം.

 
ഒരു വിനോദ സിനിമയ്ക്ക് ചേരുംവിധമായ സംവിധാന രീതിയാണ്‌ ജൂഡിലെ സൂത്രധാരന്‍ കൈക്കൊണ്ടത്. കണ്ടിരിക്കുന്ന പ്രേക്ഷകന് തെല്ലും മടുപ്പ് ഉണ്ടാക്കാത്ത തരത്തിലായിരുന്നു ചിത്രത്തിന്‍റെ പോക്ക്. കൊടുക്കുന്ന പൈസയ്ക്ക് അര്‍ഹമായത് തിരിച്ചു നല്‍കിയ ജൂഡിലെ സംവിധായകനും എഴുത്തുകാരനുമൊക്കെ ഇനിയും നല്ല ചിത്രങ്ങള്‍ സമ്മാനിക്കാന്‍ കഴിയുന്ന മിടുക്കുള്ള കലാകാരനാണ്. ജൂഡിന്റെ രചനാ ശൈലിയും അഭിനനന്ദനം അര്‍ഹിക്കുന്നതാണ്. ബാത്ത് റൂം കോമഡികളും,അശ്ലീല ചുവയുള്ള സംഭാഷണങ്ങളും തിരുകി പ്രേക്ഷകരെ ചിരിപ്പിക്കാന്‍ തുനിയാത്ത ജൂഡിലെ നല്ല എഴുത്തുകാരന്‍ ഇനിയും തൂലിക ചലിപ്പിക്കണം. തീരെ കൃത്രിമത്വം കലരാത്ത രീതിയില്‍ സംഭാഷണം എഴുതി ചേര്‍ക്കുന്നതിലും ജൂഡ് മികവ് കൈവരിക്കുന്നുണ്ട്.

 
‘ഓംശാന്തി ഓശാന’ എന്ന ചിത്രത്തില്‍ ചിത്രീകരിച്ച  വീടും രണ്‍ജി പണിക്കര്‍ അവതരിപ്പിച്ച ഡോക്ടര്‍ കഥാപാത്രവും വീണ്ടും തിരികെ കൊണ്ടുവന്നത് പുതുമ തോന്നിച്ച ചിത്രീകരണ കാഴ്ചയായിരുന്നു.

 
രാജിനി ചാണ്ടിയെന്ന 65-കാരിയാണ് ലീലാമ്മയായി വേഷമിട്ടത്. ഇത് ഇവരുടെ ആദ്യ സിനിമയാണോ? അതോ അഞ്ഞൂറാമത്തെ സിനിമയാണോ? ഇവര്‍ ക്യാമറയ്ക്ക് മുന്നില്‍ ആദ്യം വരികയാണെന്ന് വിശ്വസിക്കാനേ തോന്നുന്നില്ല. ശരിക്കും അതിശയിപ്പിക്കുന്നുണ്ട് രാജിനി ചാണ്ടി എന്ന പുത്തന്‍ നായിക. വളരെ വെടിപ്പോടെ തന്നിലെ കഥാപാത്രം കലക്കനാക്കിയിട്ടുണ്ട് ഈ കളര്‍ഫുള്‍ മുത്തശ്ശി. പലയിടത്തുമുള്ള ലീലാമ്മയുടെ കൗണ്ടര്‍ കോമഡികള്‍ ചിത്രത്തില്‍ നന്നായി ഏറ്റിട്ടുണ്ട്.പുതു തലമുറയോടുള്ള രീതികള്‍ക്ക് നേരെ കൊഞ്ഞനം കുത്തുന്ന ലീലാമ്മ ഇന്നത്തെ യുവത്വത്തെ പിന്നിലാക്കി ശരിക്കും സ്കോര്‍ ചെയ്യുന്നുണ്ട്.
ലീലാമ്മയുടെ മകനായി അഭിനയിച്ച സുരാജും ചിത്രത്തില്‍ തരക്കേടില്ലാത്ത അഭിനയം കാഴ്ചവച്ചിട്ടുണ്ട്‌.ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സൂസമ്മ എന്ന നല്ലൊരു വേഷം നന്നായി അവതരിപ്പിച്ചിട്ടുണ്ട്.  ശ്രീനിവാസനും, വിനീത് ശ്രീനിവാസനുമൊക്കെ സിനിമയിലെ രസം പിടിപ്പിച്ച അഭിനയ മുഖങ്ങളായിരുന്നു. രണ്ട് കാലഘട്ടത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചായിരുന്നു ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടി അപര്‍ണ ബാലമുരളിയുടെ വരവ്. ലീലാമ്മയുടെ ചെറുപ്പം അവതരിപ്പിച്ച അപര്‍ണയുടെ കഥാപാത്രം കൂടുതല്‍ മികച്ചു നിന്നു. സംവിധായകന്‍ ജൂഡ് ആന്റണിയും ചെറിയൊരു വേഷത്തില്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

 
ഇപ്പോഴത്തെ മിക്ക സിനിമകളിലും നല്ല ദൃശ്യങ്ങള്‍ പകര്‍ത്തുന്ന വിനോദ് ഇല്ലമ്പള്ളിയാണ്‌ മുത്തശ്ശി ഗദയുടെ ഛായാഗ്രഹണ നിർവ്വാഹകൻ. വിനോദ് ഇല്ലമ്പള്ളിയുടെ ക്യാമറ ചിത്രത്തെ കൂടുതല്‍ അഴകാക്കി മാറ്റുന്നുണ്ട്. ഷാന്‍ റഹ്മാന്‍ ഈണമിട്ട ഗാനങ്ങള്‍ ശ്രവണസുഖകരമായിരുന്നില്ല. വേറിട്ട സംഗീതം ചേര്‍ക്കാനാണ് ഷാന്‍ ശ്രമിച്ചതെന്ന് തോന്നുന്നു. പതിവ് പോലെ പശ്ചാത്തലസംഗീതം ഷാന്‍ ഉഗ്രനാക്കിയിട്ടുണ്ട്.

 

അവസാന വാചകം

കുടുംബസമേതം കണ്ടിരിക്കാവുന്ന നല്ലൊരു രസികന്‍ സിനിമയാണ് ‘ഒരു മുത്തശ്ശി ഗദ’. പ്രായഭേദമന്യേ എല്ലാവര്‍ക്കും സ്വീകാര്യമാകുന്ന ചിത്രം. ഗദയുമായി നില്‍ക്കുന്ന ഈ മുത്തശ്ശിക്ക് മുന്നില്‍ കയ്യടിക്കാത്ത ഒരു പ്രേക്ഷകനും തീയേറ്ററില്‍ ഉണ്ടാകില്ല.

shortlink

Related Articles

Post Your Comments


Back to top button