General

അര്‍ഹതയ്ക്കുള്ള അംഗീകാരം കെ.ജി.ജോര്‍ജിന് ജെ.സി.ഡാനിയല്‍ പുരസ്‌കാരം

ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള 2015ലെ ജെ.സി.ഡാനിയല്‍ പുരസ്‌കാരം സംവിധായകന്‍ കെ.ജി.ജോര്‍ജിന്. മലയാള സിനിമയില്‍ സംവിധായകന്‍ എന്ന നിലയില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തിട്ടുള്ള കെ.ജി ജോര്‍ജ് 19 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അവയില്‍ മിക്കതും ജനശ്രദ്ധയാകര്‍ഷിച്ചതും നിരൂപക പ്രശംസ പിടിച്ചു പറ്റിയവയുമാണ്. 1982-ല്‍ പുറത്തിറങ്ങിയ ‘യവനിക’ എന്ന ചിത്രമായിരുന്നു കെ.ജി ജോര്‍ജിന്റെ ഏറ്റവും ജനശ്രദ്ധ നേടിയ ചിത്രം. കുറ്റാന്വേഷണ കഥകള്‍ പരിചിതമല്ലാതിരുന്ന മലയാള സിനിമയിലേക്ക് അത്തരമൊരു ത്രില്ലര്‍ സ്വഭാവമുള്ള സിനിമ കെ.ജി ജോര്‍ജ് കൊണ്ടുവന്നപ്പോള്‍ ആസ്വദകര്‍ക്ക് അതൊരു പുത്തന്‍ അനുഭവം തന്നെയായിരുന്നു. ആ വര്‍ഷത്തെ മികച്ച കഥയ്ക്കും സിനിമയ്ക്കുമുള്ള പുരസ്‌കാരം ‘യവനിക’യ്ക്കായിരുന്നു. 1975ല്‍ പുറത്തുവന്ന ‘സ്വപ്‌നാടന’മാണ് അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രം. ആ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം സ്വപ്നാടനത്തിനായിരുന്നു. 1980ല്‍ പുറത്തിറങ്ങിയ ‘മേള’യും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. തുടര്‍ന്ന് ‘ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്’, ‘ആദാമിന്റെ വാരിയെല്ല്’, ‘പഞ്ചവടിപ്പാലം’, ഇരകള്‍ അങ്ങനെ നിരവധി മികച്ച സിനിമകളുടെ സൂത്രധാരനായി കെ.ജി ജോര്‍ജ് ഇന്നും മലയാള സിനിമയില്‍ തലയെടുപ്പോടെ നില്‍ക്കുന്നു. ഒക്ടോബര്‍ 15-നാണ് അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button