General

‘പാവപ്പെട്ടവന്റെ വരുമാനം മുടക്കിയും അവനുള്ള സേവനം തടഞ്ഞും ആകരുത് പണിമുടക്ക്’ പണിമുടക്കിനെക്കുറിച്ച് ജോയ് മാത്യു എഴുതിയ ലേഖനം ചര്‍ച്ചയാകുന്നു

ഇവിടുത്തെ സമരരീതികളെ അടിമുടി എതിര്‍ക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. ദേശീയ പണിമുടക്കിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജോയ് മാത്യു ഫെയിസ് ബുക്കില്‍ കുറിച്ചത് സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായിരുന്നു. ഇതിന്‍റെ സാഹചര്യത്തില്‍ ജോയ് മാത്യു മലയാള മനോരമയില്‍ എഴുതിയ ലേഖനമാണ് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.
സമരങ്ങളോട് എതിര്‍പ്പുള്ള ആളല്ല താന്‍. സമരങ്ങള്‍ക്കിറങ്ങിയിട്ടുമുണ്ട്. സമരരീതികളോട് ആണ് തന്റെ എതിര്‍പ്പെന്നും ജോയ് മാത്യു ലേഖനത്തില്‍ പറയുന്നു. പണിമുടക്കിന്റെ രീതികളിലും കാലത്തിനൊത്തു മാറ്റം വരേണ്ടേ? പണിക്കു പോകുന്നവനെ തടയുന്നതാവരുത് പണിമുടക്ക്. പണിക്കു പോകുന്നില്ല എന്ന പ്രഖ്യാപിക്കലാകണം. മുഖ്യമന്ത്രിയും മന്ത്രിമാരും പണിമുടക്കാതിരുന്നത് എന്തുകൊണ്ടാണ്? അപ്പോള്‍ പണിമുടക്കിയാല്‍ പ്രശ്‌നമുണ്ട്. മുഖ്യമന്ത്രി ഡല്‍ഹിക്കു പോകാതിരുന്നില്ല. വിമാനം പറക്കാതിരുന്നില്ലെന്നും ജോയ് മാത്യു തുറന്നടിക്കുന്നു.
പണിമുടക്ക് എന്തു പ്രാകൃത സമരമാര്‍ഗമാണ് എന്നു ഞാന്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുമുണ്ടായി. പ്രതികൂലിച്ചവര്‍ വേഗം മര്‍മത്തു കയറിപ്പിടിച്ചു. ‘സിനിമാനടന്‍ ആയതോടെ ജോയ് മാത്യു പഴയതൊക്കെ മറന്നിരിക്കുന്നു.’ ജോയ് മാത്യുവിന്റെ പഴയതൊക്കെ ആരാ കണ്ടത്? സിനിമാനടന്‍ ആകുന്നതിനു മുന്‍പുള്ള 24 വര്‍ഷം ഞാന്‍ എന്തൊക്കെ പണി ചെയ്താണു ജീവിച്ചതെന്ന് ആര്‍ക്കാണ് അറിയാവുന്നത്? ഒരു ദിവസം പോലും പണിമുടങ്ങുന്നത് എനിക്ക് ആലോചിക്കാനാവുമായിരുന്നില്ല.

ഒരു ദിവസത്തെ പണിമുടക്കില്‍ കേരളത്തിനു നഷ്ടം 1700 കോടി രൂപയാണ്. ഇതു നഷ്ടപ്പെടുത്തിയാണു നമ്മുടെ ഓരോ പണിമുടക്കും. പിറന്നുവീഴുന്ന ഓരോ മലയാളിയും 40,000 രൂപ കടക്കാരനാണ്. ഈ കടം കൂട്ടുകയാണ് ഓരോ പണിമുടക്കും. ഇതിന്റെ ദുഷ്ഫലം അനുഭവിക്കേണ്ടി വരുന്നതു സാധാരണ ജനമാണ്, ബാങ്കില്‍ നിന്നു വായ്പയെടുത്തു ചായക്കട നടത്തുന്നവരും ഓട്ടോറിക്ഷ ഓടിക്കുന്നവരുമാണ്. വായ്പകളുടെ പലിശ രാവും പകലുമില്ലാതെ കൂടിക്കൊണ്ടിരിക്കുന്നതാണ്. അതിന്റെ സുഖം നന്നായി അനുഭവിച്ചിട്ടുള്ളതാണ് ഞാനും.

പണിമുടക്കുന്നവര്‍ ആത്മാര്‍ഥമായാണ് അതു ചെയ്യുന്നതെങ്കില്‍ ശമ്പളം വേണ്ടെന്നു വച്ചു മുടക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അതു ചെയ്യുമോ? മാര്‍ക്‌സിന്റെ നിര്‍വചനം അനുസരിച്ച് ഉല്‍പാദന പ്രക്രിയയില്‍ പങ്കെടുക്കുന്നവനാണു തൊഴിലാളി. നമ്മുടെ തൊഴിലാളികള്‍ ഏതെങ്കിലും പൊതുമേഖലാസ്ഥാപനം നാടിനു തൃപ്തി തോന്നുന്ന മട്ടില്‍ അവരുടെ അധ്വാനം കൊണ്ട് ആക്കിയെടുത്തിട്ടുണ്ടോ? അതു ചെയ്തിട്ടില്ലെങ്കില്‍ അവരോട് എങ്ങനെയാണു ബഹുമാനം തോന്നുക? ബഹുമാനം തോന്നുക മുന്‍പേ പറഞ്ഞ വായ്പയെടുത്തു ജീവിതം കരുപ്പിടിപ്പിക്കാന്‍ ഓടുന്ന തൊഴിലാളിയോടാണ്. അവന്റെ പണിയാണു നമ്മള്‍ മുടക്കുന്നത്. അവന്റെ ഓട്ടോയുടെ കാറ്റാണ് അഴിച്ചുവിടുന്നത്.

പണിമുടക്കും ഹര്‍ത്താലും ഇവിടെ ആഘോഷമാണ്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ട് ഏതെങ്കിലും ജില്ലയെ ഒഴിവാക്കി എന്നു പറഞ്ഞാല്‍ ആ ജില്ലയില്‍ നിന്നു കേള്‍ക്കാം, ‘അയ്യോ’ എന്ന്. എന്നാല്‍, ഹര്‍ത്താല്‍ എന്നു കേള്‍ക്കുമ്പോള്‍ മറുനാട്ടില്‍ കഠിനമായി ജോലി ചെയ്തു നാട്ടിലേക്കു പണമയയ്ക്കുന്ന മലയാളികള്‍ക്കു തോന്നുക പുച്ഛമാണ്. അവരുടെ പണം കൊണ്ടാണല്ലോ കേരളത്തിന്റെ സാമ്പത്തിക മേഖല നേരെ നില്‍ക്കുന്നത്. അല്ലാതെ ഇവിടത്തെ ഉല്‍പാദന പ്രക്രിയയും വ്യവസായ വളര്‍ച്ചയും കൊണ്ടല്ല. സര്‍ക്കാര്‍ നിലനില്‍ക്കുന്നതു ജനത്തെ പിഴിയുന്ന നികുതി കൊണ്ടാണ്. പണിമുടക്ക് ആ പിഴിച്ചില്‍ കൂട്ടും.
പാവപ്പെട്ടവന്റെ വരുമാനം മുടക്കിയും അവനുള്ള സേവനം തടഞ്ഞും ആകരുത് പണിമുടക്ക്. ആശുപത്രി പ്രവര്‍ത്തിക്കാതിരുന്നാല്‍ അവന്റെ ചികില്‍സയാണു മുടങ്ങുക. ആശുപത്രിയെ ഒഴിവാക്കി എന്നു പറയുന്നതു വിഡ്ഢിത്തമാണ്, ജോലിക്കു പോകാന്‍ നഴ്‌സിനും ഡോക്ടര്‍ക്കും വാഹനമില്ലെങ്കില്‍ അവരെങ്ങനെ ആശുപത്രിയിലെത്തും; അവരില്ലാതെ എങ്ങനെ ആശുപത്രികള്‍ പ്രവര്‍ത്തിക്കും? ഇതു ഹൈടെക് കാലമാണ്. ഹൈടെക് സാക്ഷരതയിലേക്ക് ഉയര്‍ത്തപ്പെട്ടവര്‍ വീട്ടിലിരുന്നും പണിയെടുക്കും. അവിടെയും തള്ളപ്പെടുന്നതു പാവപ്പെട്ടവനാണ്. അവരെ കൂടുതല്‍ ദുരിതത്തിലേക്കു തള്ളിവിടുന്നതാവുകയാണ് ഇന്നത്തെ പണിമുടക്കെന്നും ജോയ് മാത്യു ലേഖനത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button