General

‘ആ നിമിഷം ഞാന്‍ കരഞ്ഞു പോയി’…. ആര്‍നള്‍ഡിനെ നേരില്‍കണ്ട അനുഭവത്തെക്കുറിച്ച് അബു സലിം

ജീവിതത്തില്‍ എപ്പോഴും കാണാറുള്ള ഒരു സ്വപ്നം സഫലമായതിന്റെ ആവേശത്തിലാണ് നടനും മുന്‍ മിസ്റ്റര്‍ ഇന്ത്യയുമൊക്കെയായ നടന്‍ അബു സലിം. സൂപ്പര്‍ ആർനൾഡ് ഷ്വാസ്നെഗറെ നേരില്‍കണ്ട അനുഭവം പങ്കിടുകയാണ് അദ്ദേഹം. ജീവിതത്തില്‍ കരഞ്ഞു പോയ ഒരു നിമിഷമായിരുന്നു ഇതെന്നും അബു സലിം കൂട്ടിച്ചേര്‍ത്തു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്‍റെ ഈ വികാരനിര്‍ഭരമായ തുറന്നു പറച്ചില്‍.
‘ഡീ ഈ ആർനൾഡ് ഷ്വാസ്നെഗർ നല്ല പച്ച മലയാളം പറയും.’ ഇങ്ങേർക്കിതെന്തുപറ്റി എന്ന ഭാവത്തിൽ ഭാര്യ ഉമ്മുക്കൊലുസു കട്ടിലിൽ ഉണർന്നിരിക്കുന്ന എന്നെ നോക്കും. ഞാൻ പലതവണ ആർനൾഡിനെ സ്വപ്നം കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ അദ്ദേഹമെന്നോട് മലയാളം പറയും. ആർനൾഡ് ഷ്വാസ്നെഗറിന്റെ ‘ദി എജ്യുക്കേഷൻ ഓഫ് എ ബോഡി ബിൽഡർ’ എന്ന പുസ്തകമൊക്കെയാണ് അന്ന് നമ്മുടെ അറിവിന്റെ കിത്താബ്. നടനും മുൻ മിസ്റ്റർ യൂണിവേഴ്സുമായ ആർനൾഡിനെ നേരിൽ കാണണമെന്നത് ചെറുപ്പം മുതലേയുള്ള ആഗ്രഹമാണ്. സിനിമയിലുള്ളവർക്കൊക്കെ എന്റെയീ ആഗ്രഹം അറിയുകയും ചെയ്യും. അങ്ങനെയിരിക്കെ ഒരു ദിവസം നടന്‍ വിക്രം വിളിക്കുന്നു. വിക്രമും ഞാനും തമ്മിൽ ‘‘ഇന്ദ്രപ്രസ്ഥ’ത്തിൽ അഭിനയിക്കുമ്പോൾ മുതലുള്ള ചങ്ങാത്തമാണ്. വർഷത്തിലൊരിക്കൽ വയനാട്ടിൽ വരും. കൽപ്പറ്റയിലുള്ള എന്റെ വീട്ടിലാണ് താമസിക്കാറ്. വിക്രം വിളിക്കുന്നു. ആർനൾഡിനെ കാണണ്ടേ എന്നൊരു ചോദ്യവും. ‘ഐ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനായി ആർനൾഡ് വരുന്നു. വേഗം ചെന്നൈയ്ക്ക് വരാൻ. നേരെ ചെന്നൈയ്ക്കു വിട്ടു. അവിടെ എനിക്ക് പരിചയമുള്ള ചില പൊലീസുകാരു വഴി അന്വേഷിച്ചപ്പോൾ അർനൾഡ് ലീലാ പാലസിലാണ് താമസമെന്നറിഞ്ഞു. വരുന്ന വഴി സിഎമ്മിനെ കാണാനായിരുന്നു പ്ലാൻ. ഫ്ലൈറ്റ് വൈകിയതു കാരണം ആ മീറ്റിങ് മാറ്റി ആർനൾഡ് ബ്രേക്ഫാസ്റ്റ് കഴിക്കാൻ പോയി. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശമുള്ളതുകൊണ്ട് വൻ സുരക്ഷാക്രമീകരണങ്ങളാണ്. ആരേയും കാണാൻ സമ്മതിക്കില്ല എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ‍ പറഞ്ഞു. പൊലീസുകാരുമായുള്ള പരിചയം വച്ച് ഹോട്ടലിൽ അദ്ദേഹം ഭക്ഷണം കഴിക്കുന്നതിനടുത്തെത്തി. റിസപ്ഷനിലേക്കു പോകുന്ന വഴിയിൽ ഞാൻ നിന്നു. എന്റെ മുന്നിൽ കൂടി സാക്ഷാൽ ആർനൾഡ് സുരക്ഷാ ഉദ്യോഗസ്ഥർ തീർത്ത വലയത്തിലൂടെ നടന്നുപോകുന്നു. ഇത്രയും കൊല്ലം മനസ്സിൽ സൂക്ഷിച്ച അടങ്ങാത്ത ആഗ്രഹത്തിന്റെയൊരു തരംഗമുണ്ടല്ലോ, അതിലൊന്ന് അദ്ദേഹത്തിന്റെയടുത്ത് എത്തിക്കാണും. ആർനൾഡ് എന്നെ നോക്കി കൈവീശി വിഷ് ചെയ്തു. പിറകിലുള്ള ആരോടെങ്കിലും ആണോ എന്ന് ഞാൻ തിരിഞ്ഞു നോക്കി. അല്ല, എന്നോടു തന്നെ..നടക്കുന്ന വഴി അദ്ദേഹത്തോടൊപ്പം ചെന്ന് ഞാൻ സ്വയം പരിചയപ്പെടുത്തി. ബോഡി ബിൽഡറാണെന്നറിഞ്ഞപ്പോൾ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ മാറ്റി ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും അദ്ദേഹം സമ്മതിച്ചു. പോകാൻ നേരം ആർനൾഡ് പറഞ്ഞു എ ഗുഡ് ബോഡി’.
ജീവിതത്തിൽ രണ്ടേ രണ്ടുതവണ മാത്രമേ ഞാൻ കരഞ്ഞിട്ടുള്ളൂ… ഒന്ന് മിസ്റ്റർ ഇന്ത്യയായപ്പോഴും പിന്നെ, ആർനൾഡിനെ കണ്ടപ്പോഴും….
അബു സലിം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button