പരസ്യങ്ങളിലൂടെ ജനങ്ങള്‍ പറ്റിക്കപ്പെടുന്നത് ആദ്യമല്ല. കാലങ്ങളായി കേട്ടുതുടങ്ങിയ പരാതിയില്‍ ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്തു. നിരവധി താരങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങളിലുംപെട്ടു. മാനനഷ്ടക്കേസുമായി കോടതിയെ സമീപിക്കുന്ന പരാതിക്കാര്‍ കമ്പനിക്കെതിരെ മാത്രമല്ല, താരങ്ങള്‍ക്കെതിരെയും പ്രതികരിച്ചു തുടങ്ങി. വയനാട് സ്വദേശി മമ്മൂട്ടിക്കെതിരെ പരാതി നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു.
സൂപ്പര്‍സ്റ്റാറിനെ വിശ്വസിച്ചാണ് ഇന്ദുലേഖ സോപ്പ് വാങ്ങിയതെന്നായിരുന്നു പരാതി. ഇത്തരം പരാതികള്‍ താരങ്ങള്‍ക്ക് വലിയ തലവേദന തന്നെ സൃഷ്ടിച്ചു. പക്ഷെ, താരങ്ങള്‍ക്ക് ഇത്തരം പ്രശ്‌നങ്ങളില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടില്ല. എന്നാല്‍, വൈകാതെ അതും സംഭവിക്കാം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളില്‍ അഭിനയിക്കുന്നത് ശിക്ഷാര്‍ഹമാണ്. തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 50 ലക്ഷം രൂപ പിഴയ്ക്ക് പുറമെ അഞ്ചുവര്‍ഷം തടവുശിക്ഷ കൂടി നല്‍കുന്ന തരത്തില്‍ ഉപഭോക്തൃ സംരക്ഷണ നിയമം മാറ്റാനാണ് ഉപഭോക്തൃകാര്യ വകുപ്പിന്റെ നീക്കം.
നിയമം നടപ്പിലായാല്‍ സൂപ്പര്‍സ്റ്റാര്‍ ഉള്‍പ്പെടെ ശിക്ഷ നേരിടേണ്ടി വരുമെന്നുറപ്പ്. ഇപ്പോഴും കരടുരൂപത്തില്‍ മാത്രമെത്തിയിട്ടുള്ള നിയമത്തിലെ പരിഷ്‌കാരങ്ങളില്‍ ശ്രദ്ധേയമായ കാര്യങ്ങളിലൊന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കുന്ന സെലിബ്രിറ്റികളും ഈ ശിക്ഷയുടെ പരിധിയില്‍ വരുമെന്നതാണ്. പരസ്യത്തിലൂടെ എന്ത് വാഗ്ദാനമാണോ നല്‍കുന്നത് അത് ജനങ്ങള്‍ക്ക് ലഭിച്ചിരിക്കണം. അല്ലെങ്കില്‍ കമ്പനിക്കൊപ്പം പരസ്യത്തിലഭിനയിച്ച സൂപ്പര്‍ത്താരവും അകത്താകും.
ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃ സംരക്ഷണ മേഖലകള്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയ പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്. മാഗി നിരോധിച്ചതിനു പിന്നാലെയാണ് താരങ്ങള്‍ക്കും ഒരു ഉത്തരവാദിത്വമുണ്ടെന്ന കാര്യം വന്നത്. അങ്ങനെയൊരു നിയമപരിഷ്‌കരണം വേണമെന്ന് പറയുകയുമുണ്ടായി.
ഒരു താരത്തെവച്ച് പരസ്യം ചിത്രീകരിക്കുമ്പോഴാണ് ജനങ്ങളുടെ ഇടയിലേക്ക് ശ്രദ്ധയാകര്‍ഷിക്കുന്നത്. ആ ഉത്പന്നത്തിന് സ്വീകാര്യത കൂടുന്നു. അത് മുതലെടുത്ത് പരസ്യ കമ്പനികള്‍ താരങ്ങളെവച്ച് പരസ്യമെടുത്തു. പുതിയ ബില്ലിലെ 75ബി വകുപ്പ് പ്രകാരമാണ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് ആദ്യ ഘട്ടത്തില്‍ രണ്ടുവര്‍ഷം തടവും പത്തുലക്ഷം രൂപ പിഴയും പറയുന്നത്. തെറ്റാവര്‍ത്തിച്ചാല്‍ അഞ്ചുവര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും നല്കുമെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍, മതിയായ മുന്‍കരുതലുകള്‍ സ്വീകരിച്ചശേഷം പരസ്യത്തില്‍ അഭിനയിച്ചാല്‍ സെലിബ്രിറ്റിക്ക് അതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് രക്ഷപ്പെടാമെന്നും ഈ വകുപ്പില്‍ പറയുന്നുണ്ട്.
Post Your Comments