നല്ല സൗഹൃദങ്ങളാണ് ഏറ്റവും വലിയ സമ്പത്ത്, ആ പഴയ കൂട്ടുകാരനെ വിക്രം ചേര്‍ത്തുപിടിച്ചു ‘അവന്‍ ഒന്നും മറന്നിട്ടില്ല’ ഷാജു പറയുന്നു

ആദ്യ കാലങ്ങളില്‍ തമിഴ് സൂപ്പര്‍ താരം വിക്രം മലയാള സിനിമകളുടെ ഭാഗമായിരുന്നു. നായകനൊപ്പം അണിചേരുന്ന സൗഹൃദ സംഘത്തില്‍ ഒരാള്‍. അതുകൊണ്ട് തന്നെ വിക്രത്തിന് മലയാള സിനിമകളില്‍ നിന്ന് ഒരുപാട് നല്ല സൗഹൃദങ്ങളുമുണ്ടായി.

ആ സൗഹൃദ സംഘത്തില്‍ വിക്രത്തിന് ഏറ്റവും പ്രിയപ്പെട്ട ഒരാളില്‍ നടന്‍ ഷാജുവും ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം തന്‍റെ സ്നേഹനിധിയായ മകളോട് വിക്രമും ഒത്തുള്ള നല്ല സൗഹൃദത്തിന്‍റെ കഥ പറയുകയാണ്‌ നടന്‍ ഷാജു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ‘കഥപറയുമ്പോള്‍’ സിനിമയെ ഓര്‍മിപ്പിക്കും പോലെയുള്ള നന്മയുള്ള ചങ്ങാത്തത്തിന്‍റെ ആ പഴയ കഥ ഷാജു പറഞ്ഞത്.

അച്ചേ, അച്ചയെ ‘ഐ’ യിലെ വിക്രം കെട്ടിപ്പിടിച്ചല്ലേ?
ചോദിച്ചത് ജാനി എന്ന് ഞങ്ങൾ ഓമനിച്ചു വിളിക്കുന്ന അഞ്ചു വയസുകാരി മകൾ നീലാഞ്ജന.
രജപുത്രന്‍ എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് ഞങ്ങൾ സുഹൃത്തുക്കളാകുന്നത്. സുരേഷ് ഗോപിയാണ് സിനിമയിൽ നായകൻ. കമ്മീഷണറൊക്കെ അഭിനയിച്ച് സുരേഷ് ഗോപി സൂപ്പർതാരമായ സമയമാണ്. ഞങ്ങൾക്ക് നായകന്റെ കൂട്ടുകാരുടെ വേഷമാണ്. സെറ്റിലേക്ക് സുരേഷ്ഗോപി എത്തുമ്പോൾ ഞങ്ങളൊക്കെ ആരാധനയോടെ മാറി നിന്ന് നോക്കുമായിരുന്നു. വിക്രവും ഞാനും സെറ്റിൽ എപ്പോഴും ഒരുമിച്ചുണ്ടാകും. രാത്രി കിടക്കുന്നത് ഒരു മുറിയിൽ. സിനിമയെക്കുറിച്ചാണ് ഏറെയും സംസാരം. തമിഴൻ ആണെങ്കിലും മലയാളമാണ് തനിക്ക് അവസരം നൽകുന്നതെന്നൊക്കെ പറയുമായിരുന്നു. ഞാൻ അപ്പോഴും മിമിക്രി ചെയ്തിരുന്നു. ലാലേട്ടൻ ആണ് എന്റെ മാസ്റ്റർപീസ്. ലാലേട്ടന്റെ കട്ട ഫാൻ. സെറ്റിൽ എപ്പോഴും ലാലേട്ടനെ അനുകരിക്കാൻ എന്നോട് ആവശ്യപ്പെടും. ചെയ്തു കാട്ടുമ്പോൾ കെട്ടിപ്പിടിച്ച് അഭിനന്ദിക്കും. ഇതാ ഒരു സ്നേഹഗാഥ എന്ന ചിത്രത്തിൽ വിക്രം നായകനായി. ക്യാപ്റ്റൻ രാജുവാണ് ചിത്രം സംവിധാനം ചെയ്തത്. പാലക്കാടായിരുന്നു ചിത്രത്തിന്റെ ലൊക്കേഷൻ. ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ വിക്രം വീട്ടിലേത്തും. അമ്മയുമായി വലിയ ചങ്ങാത്തമായിരുന്നു അവന്. അമ്മ വിളമ്പിക്കൊടുക്കുന്നത് കഴിക്കാൻ വളരെ ഇഷ്ടവും. അന്ന് വലിയ ചിട്ടകളൊക്കെയുണ്ട്. പുലർച്ചെ എഴുന്നേറ്റ് എക്സർസൈസ് തുടങ്ങും. ഭക്ഷണത്തിലൊക്കെ വലിയ നിയന്ത്രണവും. ചെറിയ റോളുകളിൽ അഭിനയിക്കുമ്പോൾ പോലും വലിയ തയാറെടുപ്പാണ് മുപ്പർക്ക്. ഇടയ്ക്ക് തമിഴിൽ ഡബ് ചെയ്യാൻ പോകും. സിനിമയായിരുന്നു ജീവിതം. പിന്നീട് അധികം സിനിമകളിലൊന്നും ഒരുമിച്ചഭിനയിക്കാൻ കഴിഞ്ഞില്ല. എങ്കിലും അവൻ അഭിനയിക്കുന്ന സെറ്റിൽ ഞാൻ വെറുതെ പോകുമായിരുന്നു. പിന്നീട് ഞാൻ മിമിക്രിയും ചെറിയ റോളുകളുമെല്ലാമായി മലയാളത്തിൽ തന്നെ നിന്നു. അപ്പോഴാണ് അവന് സേതുവിലേക്ക് അവസരം കിട്ടുന്നത്. തനിക്ക് രക്ഷപ്പെടാനുള്ള വഴിയാണിതെന്ന് അവൻ പറഞ്ഞിരുന്നു. പിന്നീടുള്ളതെല്ലാം ചരിത്രം. സേതു ഹിറ്റ് ആയതോടെ വിക്രത്തിന് തുടർച്ചയായി മികച്ച റോളുകൾ. ഒരിക്കല്‍ കന്തസാമി എന്ന ചിത്രത്തിന്റെ സെറ്റിലേക്ക് എന്നെ വിളിച്ചിരുന്നു. നിർഭാഗ്യവശാൽ പോകാൻ കഴിഞ്ഞില്ല. ഒരു ചാനലിന്റെ ഓണപ്പരിപാടിക്കു വേണ്ടിയാണ് ചിയാൻ വിക്രം കൊച്ചിയിൽ എത്തിയത്. അതിന്റെ പിന്നണിക്കാരാണ് ഞങ്ങളുടെ സൗഹദൃ ചികഞ്ഞെടുത്തത്. 18 വർഷം മുമ്പ് പിരിഞ്ഞ സുഹൃത്തിനെ ഒരിക്കൽ കൂടി നേരിൽ കാണാൻ കഴിയുമെന്ന ആഹ്ളാദമായിരുന്നു മനസ് നിറയെ. വിക്രം ‘സേതു’വിൽ അഭിനയിക്കുന്നതിനു മുൻപാണ് അവസാനമായി കണ്ടത്. അതിനുശേഷം വിക്രത്തിന്റെ വളർച്ച പെട്ടെന്നായിരുന്നു. അന്യനും ഐയും രാവണനും എല്ലാം കണ്ട് അത്ഭുതപ്പെട്ടവരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. അത്ര അടുപ്പമുണ്ടായിരുന്നെങ്കിലും പിന്നീട് വിളിക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. തിരക്കിനിടയിൽ വിക്രം എന്നെ ഓർത്തിരിക്കുകയുമില്ല. ചാനൽ സ്റ്റുഡിയോയിൽ വിക്രത്തെ കണ്ടപ്പോൾ ഓർമകൾ പിന്നോട്ടു പാഞ്ഞു. ആരവങ്ങൾക്കിടയിലേക്കാണ് വിക്രം വന്നിറങ്ങിയത്. ഞാൻ പിന്നിൽ മിണ്ടാതെ നിന്നു. കാണുമോ, കണ്ടാൽ തിരിച്ചറിയുമോ, മുഖം തരുമോ. ഒരായിരം ചോദ്യങ്ങൾ മനസിൽ നിറഞ്ഞു. എല്ലാവരോടും ചിരിച്ച മുഖത്തോടെ സംസാരിച്ച് തിരിഞ്ഞു നോക്കുമ്പോൾ മുന്നിൽ ഞാൻ. ഒരു നിമിഷം… ജനലക്ഷങ്ങളുടെ ചിയാൻ സ്തബ്ദനായി. എന്തു പറയണമെന്നറിയാതെ ഞാനും. പിന്നെ പെട്ടെന്നായിരുന്നു… എന്നെ പിടിച്ച് വലിച്ച് ചേർത്തു നിർത്തി. ചെറിയ കുട്ടിയെ പോലെ സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ചു. വീട്ടുവിശേഷം തിരക്കി, മക്കളെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. പഴയ ഓർമയിൽ ഒരു കാര്യം ആവശ്യപ്പെട്ടു. നീ ലാലേട്ടനെ ഒന്ന് അനുകരിച്ചു കാട്ടൂ… പിരിയും മുൻപ് അവൻ പറഞ്ഞു, എന്റെ മകളുടെ വിവാഹമാണ്… നീ എന്തായാലും വരണം. ഇത്ര വലിയ നിലയിലെത്തിയിട്ടും വിക്രം ആ പഴയ വിക്രം തന്നെ. അന്നത്തെ സ്നേഹവും കരുതലും ഇപ്പോഴും അതേപടി. സിനിമകൾ ഇറങ്ങുമ്പോഴും ഞാൻ പോയികാണും. വിക്രത്തിന്റെ വളർച്ച കാണുമ്പോൾ അടുത്ത സുഹൃത്ത് എന്ന നിലയിൽ എനിക്ക് അഭിമാനം തോന്നും.

Share
Leave a Comment