രശ്മി രാധാകൃഷ്ണന്‍
പഥേര്‍ പാഞ്ചാലിയുടെ അറുപത്തൊന്നു വര്‍ഷം
സിനിമ നിങ്ങള്‍ കണ്ടിട്ടില്ലെങ്കില്‍ സൂര്യനെയോ ചന്ദ്രനെയോ കണ്ടിട്ടില്ലാത്തത് പോലെയാണ് എന്ന് ഇതിഹാസചലച്ചിത്രകാരനായ അകിര കുറസോവ പറഞ്ഞത് ‘പഥേര്‍പാഞ്ചാലി, എന്ന ദൃശ്യാനുഭവത്തെക്കുറിച്ചാണ്..ഈ വിസ്മയം ഇന്ത്യയുടെ ജീവിതത്തിന്റെ കറുത്ത മണ്ണില്‍ വിളഞ്ഞിട്ട്,ഇന്ത്യയുടെ ആത്മാവില്‍ ഉയിര് ചേര്‍ത്തിട്ട്ആഗസ്ത് ഇരുപത്താറിന് അറുപത്തൊന്നു വര്ഷം തികയുന്നു..
പഥേര്‍ പാഞ്ചാലിയിലൂടെ സത്യജിത് റായ് എന്ന ചലച്ചിത്രമാന്ത്രികന്‍ ഇന്ത്യന്‍സിനിമയ്ക്ക് ലോകചരിത്രത്തില്‍ മുന്‍നിരയില്‍ തന്നെ ഒരു ഇടം നേടിക്കൊടുത്തു.ചാര്‍ളി ചാപ്ലിന്‍,കുറസോവ,ബര്‍ഗ്മാന്‍ എന്നിവര്‍ക്കൊപ്പം നമുക്കും ഒരാളുണ്ടെന്ന അഭിമാനത്തിന് വഴിയൊരുക്കിത്തന്നു.ഇന്നും ലോകസിനിമാ ചരിത്രം അപഗ്രഥനം ചെയ്യാനൊരുങ്ങുന്ന ഒരു ചലച്ചിത്ര വിദ്യാര്‍ത്ഥിയൊ ഗവേഷകനോ നവസിനിമയുടെ ഈ വഴിത്തിരിവില്‍ വന്നു അത്ഭുതാദരങ്ങളോടെ തൊഴുതു നിന്ന് പോകും. പഥേര്‍പാഞ്ചാലിയുടെ ചരിത്രം ഇന്ത്യന്‍സിനിമയുടെ വഴിത്തിരിവിന്റെ ചരിത്രം കൂടിയാണ്.അയഥാര്‍ത്ഥമായ മായക്കാഴ്ച്ചകളില്‍ അഭിരമിച്ചിരുന്ന ഇന്ത്യന്‍ സിനിമയെ യാഥാര്‍ത്ഥ്യബോധത്തിന്റെ ഭൂമികയിലേയ്ക്ക് പറിച്ചു നട്ടുകൊണ്ട് ഇന്ത്യയിലെ നവസിനിമാസംരംഭങ്ങള്‍ക്ക് വഴിതെളിയ്ക്കുകയും വഴികാട്ടിയാവുകയും ചെയ്യുക എന്നതായിരുന്നു പഥേര്‍ പാഞ്ചാലിയുടെയും സത്യജിത് റായുടെ തന്നെയും നിയോഗം.
കലാ-സാഹിത്യ പാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ ജനിച്ച്, ശാന്തിനികേതനില്‍ പഠനം പൂര്‍ത്തിയാക്കി, ഒരു പരസ്യക്കമ്പനിയില്‍ ജോലി ചെയ്തു കൊണ്ടിരുന്നപ്പോഴും റായുടെ മനസ്സില്‍ തിരക്കഥകളായിരുന്നു.വായിച്ചും എഴുതിയും തിരുത്തിയും അദ്ദേഹം സിനിമയോട് കൂടുതല്‍ അടുത്തു കൊണ്ടിരുന്നു.അക്കാലത്തെ സിനിമകളുടെ നിലവാരത്തെക്കുറിച്ച് അസ്വസ്ഥനായ റായി എഴുതി, “സിനിമയുടെ അസംസ്കൃത ഭാവം ജീവിതം തന്നെയാണ്. കവിതയിലും ചിത്രകലയിലും വലുതായ പ്രചോദനം നല്‍കിയ ഒരു രാജ്യം ചലച്ചിത്രരചയിതാവിന് മാത്രം ഒരു അനുഭൂതിയും നല്കുന്നില്ലെന്നുള്ളത് അവിശ്വസനീയമായിരിയ്ക്കുന്നു.സത്യം നാം അംഗീകരിച്ചേ തീരൂ.എല്ലാ അര്‍ത്ഥത്തിലും വാഴ്ത്തപ്പെടുന്ന ഒരു ഇന്ത്യന്‍ സിനിമ ഇനിയുമുണ്ടായിട്ടില്ല.” ഒടുവില്‍ അത്തരത്തിലൊരു നിയോഗത്തിന് നിമിത്തമായത് അദ്ദേഹം തന്നെയായിരുന്നു.
പരസ്യക്കമ്പനിയുടെ ഒരു ഹ്രസ്വകാല പരിശീലനത്തിനായി ലണ്ടനിലെത്തിയ റായ് ഡിസീകയുടെ ബൈസിക്കിള്‍ തീവ്സ് ഉള്‍പ്പെടെയുള്ള നൂറോളം ലോക സിനിമകള്‍ കണ്ട് പ്രചോദിതനായി ഇന്ത്യയിലേയ്ക്കുള്ള കപ്പലില്‍ മടങ്ങുമ്പോള്‍ ചുറ്റുമുള്ള ഇരമ്പുന്ന കടലിനേക്കാള്‍ പ്രക്ഷുബ്ധമായ ആ മനസ്സില്‍ പഥേര്‍ പാഞ്ചാലിയുടെ സ്കെച്ചുകള്‍ ഉണ്ടായിരുന്നു. ബിഭൂതി ഭൂഷന്‍ ബന്ധോപാധ്യായയുടെ ആത്മകഥാംശമുള്ള നോവലിനെ തനിമ ചോരാതെ ദൃശ്യരൂപത്തിലെയ്ക്ക് ആവാഹിയ്ക്കാം എന്നുള്ള ആത്മവിശ്വാസവും. 1952 ല് സുഹൃത്തുക്കളില്‍ നിന്ന് പിരിച്ചെടുത്ത ഏഴായിരം രൂപയുമായി റായി പഥേര്‍ പാഞ്ചാലിയിലേയ്ക്കുള്ള ആദ്യത്തെ ചുവട് വച്ചു. ഒട്ടും പ്രൊഫെഷണല്‍ അല്ലാത്ത, നടീനടന്മാര്‍..തുച്ഛമായ ബജറ്റ്.എഡിറ്ററും കലാസംവിധായകനും എണ്‍പത് വയസ്സുള്ള നാടകനടിയായ ചുനിബാലദേവിയും മാത്രം അല്‍പ്പമെങ്കിലും മുന്‍പരിചയമുള്ളവര്‍. ഭാര്യയുടെ ആഭരണങ്ങള്‍ പണയപ്പെടുത്തി റായ് പകുതിയോളം സിനിമ പൂര്‍ത്തിയാക്കി.മുന്നോട്ട് നീങ്ങാന്‍ കൈവശമുണ്ടായിരുന്ന അപൂര്‍വ്വമായ പുസ്തകങ്ങളും അമൂല്യമായ ഗ്രാമഫോണ്‍ റെക്കോര്‍ഡുകളും പണയപ്പെടുത്തി.ഷൂട്ട് ചെയ്ത അയ്യായിരം അടിയോളം ഫിലിം ബംഗാളിലെ എല്ലാ വിതരണക്കാരേയും കാണിയ്ക്കേണ്ടി വന്നു.ഒടുവില്‍ എല്ലാവരും ഈ സിനിമയ്ക്കെതിരായി ഒത്തൊരുമിച്ച് വിധിയെഴുതി.ഒടുവില്‍ 1955 ല് പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ സഹായത്തോടെ പഥേര്‍ പാഞ്ചാലി പൂര്‍ത്തിയായി. 1955 ഓഗസ്ത് 26 ന് പൂര്‍ണ്ണരൂപത്തില്‍ പിറവി കൊണ്ട ഈ ചലച്ചിത്രം ‘ഏറ്റവും മഹത്തായ മനുഷ്യജീവിതരരേഖയെന്നു കാനില്‍ വാഴ്ത്തപ്പെട്ടു..ഒരു നദിയുടെ പ്രശാന്തതയോടെ ഒഴുകുന്ന സിനിമ എന്ന് പാശ്ചാത്യലോകം അത്ഭുതപ്പെട്ടു.
അപുവിന്റെ ജീവിതമാണ് പഥേര്‍ പാഞ്ചാലി.ബംഗാളിലെ വിദൂരഗ്രാമമായ നിശ്ചിന്തപുരത്ത് പഥേര്‍പാഞ്ചാലി തുടങ്ങുമ്പോള്‍ അപു അമ്മ സര്‍ബജയയുടെ വയറ്റിലാണ്.ഇല്ലായ്മയുടെയും അസ്വസ്ഥതകളുടെയും ഇടയിലേയ്ക്ക് പ്രതീക്ഷയുടെ പ്രകാശമായാണ് അവന്‍ ജനിച്ചു വീഴുന്നത്. അപുവിന്റെയും ചേച്ചി ദുര്‍ഗയുടെയും കണ്ണിലൂടെ അവരുടെ ബാല്യം അടയാളപ്പെടുത്തുന്ന കാഴ്ചകളാണ് നമ്മളും കാണുന്നത്.ബാല്യത്തിന്റെ നിഷ്കളങ്കത,മരണവും ജീവിതവും മുഖാമുഖം നോക്കിനില്‍ക്കുന്ന നിസ്സഹായമായ ജീവിത സന്ദര്‍ഭങ്ങള്‍.. കുനിഞ്ഞിരിയ്ക്കുന്ന നിലയില്‍ മരിയ്ക്കുന്ന ഇന്ദര്‍ ആണ് കുട്ടികളുടെ ഓര്‍മ്മയിലേയ്ക്ക് മരണത്തിന്റെ തണുത്ത നിസ്സംഗത ആദ്യമെത്തിയ്ക്കുന്നത്.ജീവനറ്റ വൃദ്ധയുടെ മുഖത്തേയ്ക്ക് കനക്കുന്ന സന്ധ്യ മരണത്തിന്റെ എല്ലാ ഭീകരതയുംനല്‍കുന്നു..ഈ രംഗം അഭിനയിയ്ക്കാന്‍ ചുനിബാല ദേവി വിമുഖത കാണിച്ചിരുന്നു എന്ന് പിന്നീട് റായ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്..ദുര്‍ഗ്ഗയുടെ മരണം അപൂ എന്ന കുട്ടിയുടെ,നിഷ്കളങ്കതയുടെ അന്ത്യം കൂടിയാണ്..കഥാസന്ദര്‍ഭങ്ങളും പശ്ചാത്തലമാകുന്ന പ്രകൃതിബിംബങ്ങളും എത്ര ചേര്‍ച്ചയോടെയാണ് തിരശീലയില്‍ ദൃശ്യമാകുന്നതെന്ന് അത്ഭുതത്തോടെ നോക്കി നിന്നുപോകും.
കരലളിയിയ്ക്കുന്ന മാനുഷികത തന്നെയാണ് പഥേര്‍ പാഞ്ചാലിയുടെ മുഖമുദ്ര.ഭൌതിക സമസ്യകളിലുഴറുന്ന സാധാരണക്കാരന്റെ ജീവിതമാണ് സത്യസന്ധമായി കാണാനാകുന്നത്.എല്ലാത്തിനും ശേഷവും ജീവിതം തുടരുന്നു എന്ന അത്ഭുതപ്പെടുത്തുന്ന അതിജീവനവുമുണ്ട്.അന്ന് അത്ര പ്രസിദ്ധനല്ലായിരുന്ന സിത്താര്‍ വാദകനായിരുന്ന രവിശങ്കറിന്റെ പശ്ച്ചാത്തലസംഗീതം മാറ്റി നിര്‍ത്താനാവുന്നില്ല. നിശ്ചിന്തപുരത്തിന്റെ അടയാളങ്ങളായ താമരക്കുളവും വയലും കരിമ്പനകളുമെല്ലാം സംസാരിയ്ക്കുന്ന ദൃശ്യങ്ങളാണ്..പല സാഹചര്യങ്ങളിലും താമരക്കുളത്തിന് മുകളിലൂടെ വീശുന്ന കാറ്റ് പോലും നമ്മോട് സംവേദനം ചെയ്യുന്നുണ്ട്. ട്രെയിനും ഇലക്ട്രിക് പോസ്ടുമെല്ലാം മാറുന്ന കാലത്തിന്റെ ശക്തമായ ബിംബങ്ങളായി നില കൊള്ളുന്നു. സാമൂഹ്യാംശം പലപ്പോഴും കേവലമായ കലാപരതയ്ക്ക് വേണ്ടി ന്യൂനീകരിയ്ക്കപ്പെടുന്നു എന്നും ഉള്ളടക്കത്തെയും പ്രമേയത്തെയും അവഗണിച്ചു ആവിഷ്കരണ ഭംഗിയില്‍ മാത്രം അഭിരമിയ്ക്കുന്ന ഒരു ചലച്ചിത്രകാരനാണ് റായിയെന്നുമുള്ള ആരോപണങ്ങള്‍ ശരി വയ്ക്കുന്ന തരത്തിലേക്ക് ചില ദൃശ്യങ്ങള്‍ നമ്മെ കൊണ്ട് പോകുന്നുമുണ്ട്.
ഇന്ത്യയിലെ ദാരിദ്ര്യവും പട്ടിണിയും റായ് വിദേശങ്ങളില്‍ വില്‍ക്കുകയായിരുന്നെ ആരോപണം നര്‍ഗീസ് ഉള്‍പ്പെടെ അന്നുന്നയിച്ചിട്ടുണ്ട്. കൊള്ളക്കാരും നിയമലംഘകരും കാബറെ നര്‍ത്തകികളും ഉള്‍പ്പെടുന്ന ബോളിവുഡ് സിനിമകളാണോ യഥാര്‍ത്ഥ ഇന്ത്യയെ പ്രതിനിധീകരിയ്ക്കുന്നതെന്ന് റായ് ആരാധകര്‍ അവരോട് കലമ്പിച്ചിട്ടുമുണ്ട്.അങ്ങനെ ഇന്ത്യയിലെ അന്നത്തെ സാമ്പ്രദായികമായ സാമൂഹ്യ-സാംസ്കാരിക-ചലച്ചിത്ര സാഹചര്യങ്ങളോട് കലഹിച്ചു കൊണ്ട് തന്നെയാണ് പഥേര്‍പാഞ്ചാലിയെന്ന ചരിത്രദൌത്യം സത്യജിത് റായ് പൂര്‍ത്തിയാക്കിയതും മുന്നോട്ടു കൊണ്ട് പോയതും. റായിയുടെ തന്നെ അപരാജിതോ,അപുര്‍ സന്‍സാര്‍ എന്നീ തുടര്‍ച്ചകളിലൂടെ അപുവിന്റെ കൌമാരവും യൌവനവും നമ്മള്‍ കണ്ടു.ടാഗോര്‍ ഉള്‍പ്പെടെയുള്ള കവികള്‍ കവിതയിലൂടെ ഉയര്‍ത്തിക്കാട്ടിയ മാനവികതയെ ദൃശ്യഭാഷയില്‍ പറിച്ചു നടുകയായിരുന്നു സത്യജിത് റായ് പഥേര്‍ പാഞ്ചാലിയിലൂടെ ചെയ്തത്.മാനുഷികമൂല്യവും സാങ്കേതികമികവും ഒത്തിണങ്ങിയ ഒരു ഇന്ത്യന്‍ ഇതിഹാസമായി ലോകത്തിനു മുന്നില്‍ ഇന്നും പഥേര്‍ പാഞ്ചാലി നിലകൊള്ളുന്നു.
Post Your Comments