General

കഥകളിയുടെ മഹാ ആചാര്യന്മാര്‍ക്ക് മുന്നിലെ ലാല്‍ നടനത്തെക്കുറിച്ച് ഷാജി എന്‍.കരുണ്‍

ഷാജി എന്‍.കരുണിന്‍റെ സംവിധാനത്തില്‍  മോഹന്‍ലാല്‍ കഥകളി വേഷം കെട്ടിയാടികൊണ്ട്  തകര്‍ത്തഭിനയിച്ച  ചിത്രമായിരുന്നു  1999-ല്‍ പുറത്തിറങ്ങിയ  ‘വാനപ്രസ്ഥം’. ദേശിയ സംസ്ഥാന പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ ചിത്രം  മലയാള സിനിമ കണ്ട മികച്ച ക്ലാസ്സിക് സിനിമകളില്‍ ഒന്നായിരുന്നു. കഥകളി നടന്‍റെ മാനറിസങ്ങള്‍ മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ വിസ്മയമാം വിധം പകര്‍ന്നാടി.  നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിന്‍റെ അഭിനയ പെരുമയെ കുറിച്ച്  ചിത്രത്തിന്‍റെ സംവിധായകനായ ഷാജി എന്‍ കരുണ്‍ പറയുകയുണ്ടായി. കഥകളിയുടെ മഹാ ആചാര്യന്‍മാര്‍ക്ക്  മുന്നില്‍ നിന്നുള്ള അഭിനയം എന്നെ പേടിപ്പെടുത്തുന്നുവെന്ന് ലാല്‍  പറഞ്ഞതായി  ഷാജി  എന്‍.കരുണ്‍  പറയുന്നു.  എന്നാല്‍ അതേ പേടി  കഥകളിയുടെ മഹാ ആചാര്യന്മാര്‍ക്കും ഉണ്ടായിരുന്നതായി ഷാജി എന്‍ കരുണ്‍ വെളിപ്പെടുത്തുന്നു.  ‘ഈ മനുഷ്യന് മുന്നില്‍ നിന്ന് ഞങ്ങളെങ്ങനെ അഭിനയിക്കും?’  എന്നതായിരുന്നു അവരുടെ ആശങ്ക.

ഷാജി എന്‍. കരുണിന്‍റെ വാക്കുകള്‍

വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടനെ ലാല്‍ ഗംഭീരമാക്കുമെന്നതില്‍ എനിക്ക് ആശങ്കകളൊന്നുമുണ്ടായിരുന്നില്ല. കലാമണ്ഡലം ബാലസുബ്രഹ്മണ്യമാണ് ലാലിനെ കഥകളി പഠിച്ചത്. ലാല്‍ അത് പഠിച്ച് അവതരിപ്പിച്ചു എന്നതിനെക്കാള്‍ അദ്ദേഹം പുലര്‍ത്തിയ ടൈമിംഗാണ് എന്നെ അമ്പരപ്പിച്ചത്. പത്തുമിനിട്ടില്‍ ഒരാള്‍ പറയുന്ന കാര്യങ്ങള്‍ വളരെ ചെറിയ സമയം കൊണ്ട് കണ്‍വേ ചെയ്യാന്‍ പറ്റുന്നയാളാണ് സിനിമയെ സംബന്ധിച്ച് ഒരു നല്ല നടന്‍. അക്കാര്യത്തില്‍ ലാല്‍ പുലര്‍ത്തിയ ടൈമിംഗ് അവിശ്വസനീയമാണ്. ആരുടെയൊക്കെ മുന്നില്‍നിന്നാണ് ലാല്‍ ആടേണ്ടിയിരുന്നത്. കലാമണ്ഡലം ഗോപി ആശാന്‍, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാള്‍, കലാമണ്ഡലം കേശവന്‍ എന്നിവരൊക്കെയാണ് തൊട്ടുമുന്നില്‍. കഥകളിയുടെ മഹാ ആചാര്യന്മാര്‍. ‘ഈ കേമന്മാര്‍ക്ക് മുന്നില്‍നിന്ന് ഞാന്‍ എങ്ങനെ പെര്‍ഫോം ചെയ്യും? പേടിയാകുന്നു. ചെയ്യുന്നത് തെറ്റിപ്പോയാലോ.’ ഒരിക്കല്‍ ലാല്‍ തന്നെ ചോദിച്ചതാണിത്. ഇതേ ഭയം അവര്‍ക്കുമുണ്ടായിരുന്നു. ‘ഈ മനുഷ്യന് മുന്നില്‍ നിന്ന് ഞങ്ങളെങ്ങനെ അഭിനയിക്കും?’ സത്യത്തില്‍ ഈ കൊടുക്കല്‍ വാങ്ങല്‍ തന്നെയായിരുന്നു വാനപ്രസ്ഥത്തിന്റെ വിജയം. പരസ്പരം ബഹുമാനിക്കുന്ന ഒരു കൂട്ടം കലാകാരന്മാര്‍. ആ ബഹുമാനത്തില്‍നിന്നാണ് ഭയം ജനിക്കുന്നത്. അതവരെ കൂടുതല്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ്. അത് ഫിലിം മേക്കിംഗിനെ ആവേശമുള്ളതാക്കി. ആ സിനിമയുടെ സ്വത്വം എന്ന് പറയുന്നതും അതാണ്.

 

 

shortlink

Related Articles

Post Your Comments


Back to top button