സ്വന്തമായി കൂര ഇല്ലാത്തവര്‍ക്ക് വീട് നല്‍കുന്ന സുരക്ഷിതം ഭവന പദ്ധതിയുടെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്തുന്നതായി നടന്‍ ദിലീപ്. നിരാലംബരായ ആയിരം കുടുംബങ്ങള്‍ക്ക് വീട് നല്‍കുന്ന ദിലീപിന്‍റെ നേതൃത്വത്തിലുള്ള പദ്ധതിയ്ക്ക് പുതുവര്‍ഷത്തിലാണ് തുടക്കം കുറിച്ചത്. എന്നാലിപ്പോള്‍ ഇതിന്റെ പേരില്‍ കള്ളപ്പിരിവുമായി ചിലര്‍ രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ദിലീപ് തന്നെയാണ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊട്ടാരക്കരയിലും പുനലൂരിലും സമീപപ്രദേശങ്ങളിലുമാണ് ചിലര്‍ ഇതിന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതെന്നും ഇത്തരക്കാരെ പൊതുജനം തിരിച്ചറിയണമെന്നും ദിലീപ് പറയുന്നു.
ദിലീപിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
പ്രിയരെ, വളരെയധികം ദുഖത്തോടെയാണ് ഈ പോസ്റ്റിടുന്നത്. ‘സുരക്ഷിത ഭവനം’ പദ്ധതി വളരെ വലിയൊരു സ്വപ്‌നമാണ്. നിസ്സഹായരും നിരാലംബരുമായവര്‍ക്ക് തലചായ്ക്കാനൊരിടം എന്ന ലക്ഷ്യത്തോടെ തുടക്കമിട്ട ഈ പദ്ധതിക്ക് തുരങ്കം വെക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായറിയുന്നു. കൊട്ടാരക്കരയും പുനലൂരിലും സമീപപ്രദേശങ്ങളിലുമായി ഈ പദ്ധതിയില്‍ വീടുവാങ്ങി തരാമെന്നു പറഞ്ഞ് അപേക്ഷാഫീസ് എന്നപേരില്‍ പലരില്‍ നിന്നുമായ് പണപ്പിരിവ് നടത്തുന്നു എന്നറിയാന്‍ കഴിഞ്ഞു. ഇത്തരം പെരുങ്കള്ളന്മാരെ പൊതുജനം തിരിച്ചറിയണം. ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ ആരും അപേക്ഷാഫീസ് നല്‍കേണ്ടതില്ല എന്നറിയിക്കുന്നു. എന്നുമാത്രമല്ല ഈ പദ്ധതിയുടെ പേരില്‍ യാതൊരുവിധ പിരിവ് നടത്താനും ഞങ്ങള്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ല. പൊതുജനങ്ങളും പൊതുപ്രവര്‍ത്തകരും മാധ്യമസുഹൃത്തുക്കളും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇനിയും ഇത്തരം കള്ളത്തരങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനുകളിലോ താഴെ കാണുന്ന ‘സുരക്ഷിതഭവനം ‘ പദ്ധതി പ്രവര്‍ത്തകരുടെ നമ്പരുകളിലോ ബന്ധപ്പെടുക. A.s.Ravichandran-9447577823 Surash.m-9447187868 Prince-7994111411
Post Your Comments