പ്രമുഖ ഛായാഗ്രാഹകനായ അഴകപ്പനെ അപമാനിച്ച യുവസംവിധായകന്‍ സാജിദ് യഹിയയെ നടന്‍ ജയസൂര്യ അടിക്കാന്‍ കയ്യോങ്ങി എന്ന വാര്‍ത്ത ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നേരെത്തെ പ്രചരിച്ചിരുന്നു. ‘ഇടി’ എന്ന സിനിമയുടെ സെറ്റിൽ ജയസൂര്യയെ കാണാൻ വന്ന അഴകപ്പനെ സാജിദ് കണ്ടില്ലെന്ന് നടിച്ചതാണ് പ്രശ്നമായെതെന്നായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍ അത്തരമൊരു സംഭവമേ ഇടിയുടെ ലൊക്കേഷനില്‍ നടന്നിട്ടില്ല എന്നാണ് സാജിദ് പറയുന്നത്. സാങ്കല്പികമായി ചിലര്‍ സൃഷ്ടിച്ചെടുക്കുന്ന ഇത്തരം വാര്‍ത്തകള്‍ ദയവുചെയ്ത് ആരും വിശ്വസിക്കരുതെന്നും സാജിദ് പറയുന്നു.
സംഭവുമായി ബന്ധപ്പെട്ട് സാജിദ് എഴുതിയ ഫെയിസ്ബുക്ക് കുറിപ്പ് വായിക്കാം
പ്രിയപ്പെട്ട സുഹൃത്തുക്കളെ,
ആദ്യ സിനിമ സംവിധാന സംരംഭമായ ‘ഇടി’യേ പ്രേക്ഷകരായ നിങ്ങള്‍ സ്വീകരിച്ച് ഒരു വിജയമാക്കി തീര്‍ത്തതില്‍ ഒരുപാട് നന്ദിയുണ്ട്. അതിന്‍റെ സന്തോഷത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ ചില കാര്യങ്ങളോട് പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നെ കുറിച്ച് വന്ന ഒരു വാര്‍ത്തയുടെ ചില ലിങ്കുകള്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്. ഈ വാര്‍ത്തയില്‍ പറയുന്ന പോലെ ഒരു സംഭവം ഇടിയുടെ സെറ്റില്‍ നടന്നിട്ടില്ല. ജയേട്ടനെ കാണാന്‍ അവിടെ അഴഗപ്പന്‍ സാര്‍ വന്നിട്ടില്ല. അത്കൊണ്ട് ഈ വാര്‍ത്ത തീര്‍ത്തും ആരുടെയോ ഒരു സാങ്കല്പിക സൃഷ്ടിയാണ്. ഇടിയുടെ സെറ്റില്‍ ഉണ്ടായിരുന്ന ആരോട് വേണേലും ഇതിനെ കുറിച്ച് അന്വേഷിച്ചാല്‍ സത്യാവസ്ഥ അറിയാം.
ചെറു ചെറു വേഷങ്ങളിലൂടെയാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. അന്ന് ഞാന്‍ ആദ്യമായി മനസിലാക്കിയ കാര്യംഎന്താണെന്ന് വെച്ചാല്‍ സിനിമയില്‍ വലുതും ചെറുതുമായി ആരുമില്ല. എല്ലാരുടെയും കൂട്ടായ അധ്വാനത്തിന്‍റെ ഫലമാണ് സിനിമ. അത് കൊണ്ട് എല്ലാര്‍ക്കും സ്നേഹവും ബഹുമാനവും നല്‍കിയാണ് ഞാന്‍ എന്നുംപെരുമാറിയിട്ടുള്ളത്.ഇത്രയും സീനിയറായ അഴഗപ്പന്‍ സാര്‍ എന്ന ക്യാമറമാനോടും സംവിധായകനോടും എന്നും ബഹുമാനം മാത്രമേയുള്ളൂ, കാരണം ഞാന്‍ കണ്ടുവളര്‍ന്ന സിനിമകളുടെ പിന്നില്‍ അദ്ധേഹത്തിന്‍റെ കൈകള്‍ ചലിച്ചിട്ടുണ്ട്.
യാതൊരു വിധ സിനിമബന്ധങ്ങളോ പാരമ്പര്യമോ ഇല്ലാതെ കഷ്ടപ്പെട്ടാണ് സിനിമയിലേക്ക് ഞാന്‍ കടന്നുവന്നത് എന്ന് എനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും. ഇടി എന്ന സിനിമ കുഞ്ഞുനാള്‍ മുതല്‍ ഉള്ളില്‍കൊണ്ട് നടക്കുന്ന എന്‍റെ അനവധി സിനിമ സ്വപ്നങ്ങളുടെ ആദ്യ ചുവടു വെയ്പ്പാണ്. റിലീസ് ചെയ്ത മുതല്‍ പലരുടെയും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ‘ഇടി’ ടാര്‍ഗറ്റ് ചെയ്യപ്പെടുകയാണ്. ആദ്യം Degrading , പിന്നെ വ്യാജപതിപ്പ്..ഇപ്പോ ദാ ഇതേപോലെയുള്ള വ്യാജ വാര്‍ത്തകള്‍.
ഈ ‘വ്യാജ വാര്‍ത്ത’ വായിച്ചപ്പോള്‍ ഇതിനെതിരെ പ്രതികരിക്കണം എന്ന് ജയേട്ടനും ഞാനും തീരുമാനിച്ചിരിക്കുകയാണ്. ഇങ്ങനെയൊരു വ്യാജ വാര്‍ത്ത എഴുതി പോസ്റ്റ്‌ചെയ്യുന്ന മുന്നേ ഞങ്ങളെയൊന്നു വിളിച്ച് ഇതിന്‍റെ സത്യാവസ്ഥയെ കുറിച്ച് തിരക്കാഞ്ഞത് തീര്‍ത്തും മാധ്യമ ധര്‍മ്മത്തിന് എതിരാണ് എന്ന് ഓര്‍മ്മിപ്പിച്ചു കൊള്ളുന്നു. എന്‍റെഭാഗത്ത് നിന്നും ഇങ്ങനെയൊരു പ്രവര്‍ത്തി ഒരിക്കലുംഉണ്ടാവുകയില്ല എന്ന് എന്നെഅറിയാവുന്ന എന്‍റെ അടുത്ത സുഹൃത്തുകള്‍ക്ക് അറിയാം. എന്നാല്‍ പേജ് ക്ലിക്കിനോ, വെബ്സൈറ്റ് ട്രാഫിക്കിനോ വേണ്ടി നിങ്ങള്‍ ഇങ്ങനെയുള്ള നുണകഥകള്‍ പ്രചരിപ്പിക്കുമ്പോള്‍ എന്നെ അറിയാത്ത പലരും അത് സത്യമാണെന്ന് വിശ്വസിച്ചു പോകും. അത് കൊണ്ടാണ് ഇങ്ങനെയൊരു വിശദീകരണം നല്‍കുന്നത്.
സംഭവത്തിന്‍റെ സത്യാവസ്ഥ മനസ്സിലായെങ്കില്‍ വാര്‍ത്ത കൊടുത്ത ന്യൂസ് വെബ്സൈറ്റ്കള്‍ അത് പിന്‍വലിച്ചു തിരുത്തല്‍ നല്‍കി മാന്യത കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നല്ല വാര്‍ത്തകളും നല്ല ചിന്തകളും പ്രചരിപ്പിക്കാനും പരസ്പരം സഹായിക്കാനും നമുക്ക് ഈ ഓണ്‍ലൈന്‍ മീഡിയം ഉപയോഗിക്കാം എന്ന ഓര്‍മ്മപ്പെടുത്തലോടെ നിര്‍ത്തുന്നു.
നന്ദിപൂര്‍വ്വം,
സാജിദ് യാഹിയ
Post Your Comments