ശാസ്ത്രജ്ഞന്മാരുടെ ഇടയിലെ മഹാമേരുവാണ് അല്ബെര്ട്ട് ഐന്സ്റ്റീന്. അതുകൊണ്ടു തന്നെയാണ് വിഖ്യാത സംവിധായകന് റോണ്‍ ഹോവാര്‍ഡിന്റെ മേല്‍നോട്ടത്തില്‍ നാഷണല്‍ ജ്യോഗ്രഫിക് ഒരുക്കുന്ന “ജീനിയസ്” സീരിസിന്റെ തുടക്കം തന്നെ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാകാമെന്ന് വച്ചതും. ശാസ്ത്രലോകത്തിന് അനശ്വരസംഭാവനകള്‍ നല്കിയ ഈ ബുദ്ധിരാക്ഷസനെപ്പറ്റിയുള്ള ആദ്യ സ്ക്രിപ്റ്റഡ് സീരിസാകും ഇത്.
ഐന്സ്റ്റീനെപ്പറ്റിയുള്ള ചിത്രത്തില്‍ അദ്ദേഹത്തെ അവതരിപ്പിക്കുന്നതും എല്ലാം തികഞ്ഞ ഒരു നടനായിരിക്കണം. നിര്‍മ്മാതാക്കള്‍ ഈ പ്രശ്നവും പരിഹരിച്ചു. ഓസ്കാര്‍ ജേതാവായ ഓസ്ട്രേലിയന്‍ നടനവിസ്മയം ജെഫ്രി റഷ് ആകും ഐന്സ്റ്റീന് ക്യാമറയ്ക്കു മുന്നില്‍ ജീവന് പകരുന്നത്. ഐന്‍സ്റ്റീന്റെ ചെറുപ്പകാലം ജോണി ഫ്ലിന്‍ അവതരിപ്പിക്കും. ഓരോ സീസണിലും യുഗപ്രഭാവനായ ഒരു ലോകപ്രതിഭയെപ്പറ്റിയാകും ജീനിയസില്‍ പറയുക.
അഭിനയത്തിലെ മൂന്നു ലോകകിരീടങ്ങള്‍ എന്നറിയപ്പെടുന്ന ഓസ്കാര്‍ അവാര്‍ഡ്, പ്രൈംടൈം എമ്മി അവാര്‍ഡ്, ടോണി അവാര്‍ഡ് ഇവ മൂന്നും നേടിയിട്ടുള്ള ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാളാണ് ജെഫ്രി റഷ്. 1996-ല്‍ പുറത്തിറങ്ങിയ “ഷൈന്‍” എന്ന ചിത്രത്തിലെ അഭിനയത്തിനാണ് റഷിന് ഓസ്കാര്‍ ലഭിച്ചത്.
Post Your Comments