കൊച്ചി: അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ടി.എ റസാഖിന്റെ മരണവാര്‍ത്ത പുറത്തുവിടാതെ മറച്ചുവെച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. നേരത്തെ അന്തരിച്ച റസാഖിന്റെ മരണവാര്‍ത്ത മണിക്കൂറുകളോളം മറച്ചുവച്ചതും മൃതദേഹവും വഹിച്ചുകൊണ്ട് ജന്മനാട്ടിലേക്ക് പോയ ആംബുലന്‍സ് വഴിയരുകില്‍ നിര്‍ത്തിയിട്ടതും കോഴിക്കോട് കഴിഞ്ഞദിവസം സംഘടിപ്പിച്ച താരമാമാങ്കം തടസപ്പെടാതിരിക്കാന്‍ വേണ്ടിയാണ് എന്നാണ് ആരോപണം.
സംവിധായകരായ വിനയനും അലി അക്ബറും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ടി. എ. റസാഖ് എന്ന ചലച്ചിത്രകാരന്റെ മരണവാര്‍ത്ത മണിക്കൂറുകളോളം തമസ്കരിക്കപ്പെടുകയും, ശവശരീരം വഹിച്ച വാഹനം റോഡില്‍ പിടിച്ചിട്ട് താമസിപ്പിക്കുകയും ചെയ്തത് കോഴിക്കോട്ടു നടന്ന താരമാമാങ്കം തടസ്സമില്ലാതെ പൂര്‍ത്തീകരിക്കാന്‍ വേണ്ടിയായിരുന്നു എന്ന് അറിഞ്ഞപ്പോള്‍ സാംസ്കാരിക കേരളമേ നീ ലജ്ജിച്ചു തലതാഴ്ത്തൂ ഈ വിവരദോഷികളുടെ മുന്നില്‍ എന്നു പറയാനാണ് തോന്നിയതെന്ന് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
രാത്രി 11 മണിക്ക് റസാഖിന്റെ മൃതദേഹം കോഴിക്കോടെത്തണമെങ്കില്‍ വൈകിട്ട് 6 മണിക്കെങ്കിലും എറണാക്കുളത്തൂന്ന് പുറപ്പെടണം. അങ്ങനെയാണെങ്കില്‍ കൂടി 4 മണിക്ക് മരണം സംഭവിച്ചിരിക്കണം. പക്ഷേ ചാനലുകളില്‍ സ്ക്രോളിംഗ് വന്നതു തന്നെ രാത്രി 10 മണിക്കാണ്. മാത്രമല്ല അലി അക്ബര്‍ പറയുന്നു.. ഇന്നു വൈകുന്നേരം വരെ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചുകൂടെ, ധാരാളം സുഹൃത്തുക്കള്‍ അറിഞ്ഞു വരാനുണ്ട് എന്നു ചോദിച്ചപ്പോള്‍ 24 മണിക്കൂറില്‍ കൂടുതല്‍ മൃതദേഹം വെക്കാന്‍ പാടില്ല എന്നാണത്രെ ഉത്തരം കിട്ടിയത്. അതിനര്‍ത്ഥം പതിഞ്ചാം തീയതി ഉച്ചയോടു കൂടി പ്രിയ റസാഖ് അന്തരിച്ചു എന്നാണ്. എന്തിനാണ് ആദരണീയനായ ഒരു സുഹൃത്തിന്റെ മൃതദേഹം വെച്ച് ഇങ്ങനെയൊരു പ്ലേ നടത്തിയത്. മരണവാര്‍ത്തയറിഞ്ഞ് അമൃത ആശുപത്രിയിലെത്തിയ തനിക്ക് മൃതദേഹം നേരത്തെതന്നെ കോഴിക്കോട്ടേക്ക് കൊണ്ട് പോയെന്ന മറുപടിയാണ് ലഭിച്ചതെന്നും വിനയന്‍ പറഞ്ഞു.
ടി. എ. റസാഖിനെ പോലുള്ളവര്‍ക്ക് ചികിത്സാ സഹായം ചെയ്യാന്‍ വേണ്ടി നടത്തിയ കലാപരിപാടി ആയതുകൊണ്ടാണ് ശവശരീരം വഴിയിലിട്ടിട്ടാണെങ്കിലും ഞങ്ങള്‍ അതാഘോഷിച്ചത് എന്നാണ് ഇപ്പോള്‍ അവര്‍ പറയുന്ന ന്യായം. എന്താണിതിന് മറുപടി പറയേണ്ടത്? പണവും താരഷോയും ആണോ റസാഖിന്റെ മൃതശരീരത്തോടുള്ള ആദരവിനെക്കാള്‍ വലുതെന്നും വിനയന്‍ ചോദിച്ചു.
ഗിരീഷ് പുത്തഞ്ചേരിയെ സഹായിക്കാനായി ഇതുപോലെ പരിപാടി നടത്തി സമാഹരിച്ച തുകയില്‍ 25 ലക്ഷത്തോളം രൂപ പുത്തഞ്ചേരിയുടെ കുടുംബത്തിനു കോടുക്കാതെ വെച്ചിരിക്കുന്നു എന്ന് അതിന്റെ കമ്മിറ്റിയില്‍ തന്നെ അംഗമായ അലി അക്ബര്‍ പറഞ്ഞതായും വിനയന്‍ വെളിപ്പെടുത്തി. തത്കാലം ആ തുക ടി. എ. റസാഖിന്റെ ചികിത്സക്കായി ചിലവാക്കാന്‍ പാടില്ലായിരുന്നോ? കോഴിക്കോട്ടെ കലാസ്നേഹികളായ നല്ല മനുഷ്യരുടെ കയ്യില്‍ നിന്നും പലതിനും ഇതുപോലെ സാമ്പത്തിക സമാഹരണം നടത്തുന്ന കോഴിക്കോട്ടെ ചലചിത്രപ്രവര്‍ത്തകരും സംഘാടകരുമൊക്കെ ഇത്തരം ചോദ്യങ്ങള്‍ക്കു കൂടി ഉത്തരം പറയണം. നമ്മുടെ പ്രമുഖ ദൃശ്യമാധ്യമ ചാനലുകള്‍ ശ്രീ ടി. എ. റസാഖിന്റെ മരണവാര്‍ത്ത മണിക്കൂറുകളോളം തമസ്കരിച്ചു എന്നത് ഇതിനെക്കാളൊക്കെ തന്നെ ഞെട്ടിച്ചുവെന്നും വിനയന്‍ പറഞ്ഞു.
മനസ്സിന് തോന്നിയ പ്രയാസം കൊണ്ട് ഇത്രയും പ്രതികരിച്ചതിന്റെ പേരില്‍ ഫാന്‍സുകാരെ ഇറക്കി സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ തെറിയഭിഷേകം നടത്തിയാലും താനത് കാര്യമാക്കുന്നില്ല. പറയാനുള്ളതു പറഞ്ഞു എന്നുള്ളതിലാണ് തന്റെ സംതൃപ്തിയെന്നും വിനയന്‍ വ്യക്തമാക്കി.
റസാഖിന്‍റെ മരണ വാര്‍ത്ത അറിഞ്ഞിട്ടും,കോഴിക്കോട് സരോവരത്ത് ആഹ്ലാദ തിമര്‍പ്പിലാണ് മലയാള സിനിമാ പ്രവര്‍ത്തക ചെറ്റകള്‍ ദുഖമുണ്ട്… എന്നാണ് സംവിധായകന്‍ അലി അക്ബര്‍ പ്രതികരിച്ചത്. 11മണിക്ക് അന്തരിച്ച റസാഖിന്റെ മരണവാര്‍ത്ത മണിക്കൂറുകളോളം മറച്ചുവച്ചുവെന്നും ആഘോഷ പരിപാടി തിരുന്നതിനുമുന്പ് കോഴിക്കോട് ബോഡി എത്താതിരിക്കാന്‍ വഴിയില്‍ ആംബുലന്‍സ് നിറുത്തിയിട്ടുവെന്നും അലി അക്ബര്‍ ആരോപിച്ചു.
Post Your Comments