പ്രമുഖ തിരക്കഥാകൃത്ത് ടി എ റസാക്കിന്റെ മരണവാര്‍ത്ത വൈകിപ്പിച്ചത് നല്ലൊരു കാര്യത്തിനു വേണ്ടിയാണെന്നും ഇതൊരു തെറ്റായി കാണാന്‍ കഴിയില്ലെന്നും നടന് സലിംകുമാര്‍. കോഴിക്കോട് നടന്ന മോഹനം -2016 എന്ന പരിപാടിയുടെ ഭാഗമായി ടി.എ റസാക്കിന്റെ മരണവാര്‍ത്ത പരിപാടിയുടെ സംഘാടകര്‍ മറച്ചുവെച്ചിരുന്നു എന്ന ആരോപണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സലിംകുമാറിന്റെ വാക്കുകള്‍
രോഗബാധിതരായി കിടപ്പിലായ ഒട്ടേറെ കലാകാരന്മാരെ സഹായിക്കുന്നതിനു വേണ്ടിയാണ് മോഹനം -2016 സംഘടിപ്പിച്ചത്. ലക്ഷങ്ങള്‍ മുടക്കി ചികിത്സ നടത്താന്‍ കഴിയാത്തവരാണ് അവരില്‍ പലരും. ഒരു ഷോ നടത്തുന്നതിനു പിന്നില്‍ അത്രമാത്രം കഠിനാധ്വാനം വേണം, പണച്ചെലവും അത്രത്തോളമുണ്ട്. ഒരുപാട് പേരുടെ പരിശ്രമത്തിന്റെ ഫലമാണ് ഇന്നലെ കോഴിക്കോട് നടന്ന ഷോ. റസാക്കിന്റെ മരണവാര്‍ത്ത പുറത്തു വിട്ട് വേണെമെങ്കില്‍ ഷോ മാറ്റിവയ്ക്കാമായിരുന്നു. പക്ഷേ പിന്നീട് ഈ പരിപാടി എപ്പോള്‍ നടത്താന്‍ കഴിയുമെന്ന് പറയാനാകില്ല. കാരണം ഷോയില്‍ വന്ന നടീനടന്മാര് പ്രതിഫലം ഒന്നും വാങ്ങാതെയാണ് ചടങ്ങിന് എത്തിയത്. ഇവര്‍ക്കൊക്കെ ഒത്തുവരുന്ന ഒരു ദിവസം ഇനിയും കണ്ടെത്തുക പ്രയാസമായിരിക്കും. ഈയൊരു സാഹചര്യത്തില്‍ ഷോ നടത്തുകയാണ് ഉചിതമെന്നും സംഘാടകര്‍ വിചാരിച്ചു കാണും. റസാക്കിന്റെ മരണവാര്‍ത്ത പുറംലോകം അറിയാന്‍ വൈകിയിട്ടുന്ടെങ്കില് അതിന്റെ ഗുണം ലഭിച്ചിട്ടുണ്ടാവുക രോഗാവസ്ഥയില്‍ കഴിയുന്ന മറ്റനേകം രോഗികള്‍ക്കാണ്. ഷോ നടത്തിയില്ലായിരുന്നുവെങ്കില്‍ അവരുടെ ജീവിതത്തെ തന്നെ അത് ബാധിക്കുമായിരുന്നു.
സിനിമാ ലോകത്ത് നിന്ന് തന്നെയുള്ള ചില ആളുകള്‍ ഷോയുടെ സംഘാടകര്‍ക്കെതിരെ മുറവിളി കൂട്ടുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. ഇവരൊക്കെ അവശകലാകാരന്മാരെ സഹായിക്കുന്നതിനായി എന്ത് ചെയ്തിട്ടുണ്ട് എന്ന് കൂടി സ്വയം ആലോചിക്കുന്നത് വളരെ നല്ലതായിരിക്കും. കാര്യങ്ങളെ യാഥാര്‍ത്ഥ്യ ബോധത്തോടെ വീക്ഷിക്കാന്‍ പഠിക്കണം . റസാക്ക് നന്മയുള്ള കലാകാരനായിരുന്നു. മറ്റുള്ളവരെ സഹായിക്കുന്നതിനു വേണ്ടി നടത്തുന്ന ഷോ നടക്കാന്‍ വേണ്ടി റസാക്കിന്റെ മരണവാര്‍ത്ത മറച്ചുവെച്ചിട്ടുണ്ടെങ്കില്‍ അദേഹത്തിന്റെ ആത്മാവ് അതില്‍ സന്തോഷിക്കുകയേയുള്ളൂ.
Post Your Comments