പ്രവീണ്‍.പി നായര്‍
കെ.സുരേന്ദ്രന്‍ എന്ന ഇന്ദ്രന്‍സ് മലയാള സിനിമ രംഗത്തേക്ക് കടന്നു വരുന്നത് സിനിമയിലെ വസ്ത്രാലങ്കാരകനായിട്ടാണ്. എണ്‍പതുകളുടെ തുടക്കം മുതല്‍ക്കു തന്നെ ഇന്ദ്രന്‍സ് മലയാള സിനിമയില്‍ മുഖം കാണിച്ചു തുടങ്ങിയിരുന്നു. മൂന്നൂറിലേറെ ചിത്രങ്ങളില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങളില്‍ അഭിനയിച്ച ഇന്ദ്രന്‍സ് മലയാള സിനിമയിലെ വേറിട്ട ഒരു നടന സാന്നിദ്ധ്യം തന്നെയാണ്. മെലിഞ്ഞ ശരീരത്തിലെ ആ മിടുക്കുള്ള കലാകാരന്‍റെ നര്‍മ വൈഭവം കണ്ടു നമ്മളിലെ പ്രേക്ഷകര്‍ എത്രയോ ഉറക്കെ ചിരിച്ചിട്ടുണ്ട്. ഇന്ദ്രന്‍സിന്‍റെ മെലിഞ്ഞ ശരീരം തന്നെയാണ് അയാളിലെ ഏറ്റവും നല്ല അഭിനയ സൗന്ദര്യം. മറ്റു കൊമേഡിയന്‍മാരില്‍ നിന്നും ഇന്ദ്രന്‍സിനെ വേറിട്ട് നിര്‍ത്തുന്നതും അത്തരമൊരു ശരീരപ്രകൃതിയാണ്.
നല്ലൊരു കൊമേഡിയനായ അഭിനേതാവ് മാത്രമല്ല ഇന്ദ്രന്‍സ്. സ്വഭാവ വേഷങ്ങള്‍ മികവോടെ അവതരിപ്പിക്കുന്ന അഭിനയസിദ്ധി കൈമുതലാക്കിയ മിടുക്കുള്ള നടന്‍ കൂടിയാണ് അദ്ദേഹം. ‘അപ്പോത്തിക്കിരി’യും, ’ലീല’യും പോലെയുള്ള ചിത്രങ്ങളൊക്കെ അത് ശരിവയ്ക്കുന്നുമുണ്ട്. ഇന്ദ്രന്‍സിലെ നടനെ മലയാള സിനിമ വേണ്ടവിധം ഉപയോഗിച്ചു തുടങ്ങിയത് വളരെ വൈകിയാണെന്ന് പറയേണ്ടി വരും. നര്‍മങ്ങളുടെ വഴിയില്‍ മാത്രമല്ല ഇന്ദ്രന്‍സിലെ നടന്‍റെ മിടുക്ക് വെളിവാകുന്നത്. ഇന്ദ്രന്‍സ് എന്ന നടന് ശരിക്കും എല്ലാ തരത്തിലുമുള്ള അഭിനയവും വഴങ്ങും. ഫലിതം കാട്ടി കയ്യിലെടുക്കുന്നതൊടൊപ്പം നൊമ്പരപ്പെടുത്തി പ്രേക്ഷകനെ വേദനിപ്പിക്കാനും ഇന്ദ്രന്‍സിലെ അഭിനേതാവിനു അനായാസേന കഴിയും. തുടര്‍ച്ചയായി കോമഡി വേഷം കെട്ടിയാടി കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്ദ്രന്‍സിന് ‘കഥാവശേഷന്‍’ എന്ന ടി.വി ചന്ദ്രന്‍റെ സിനിമയില്‍ അഭിനയ സാദ്ധ്യതയുള്ള ഒരു കള്ളന്‍റെ വേഷം വീണു കിട്ടിയത്. ‘കഥാവശേഷന്‍’ എന്ന സിനിമ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് ‘കണ്ണ്നട്ടു കാത്തിരുന്നിട്ടും എന്‍റെ കരളിന്‍റെ കരിമ്പ് തോട്ടം കട്ടെടുത്തതാരാണ്’.. എന്ന ഗാനം മറക്കാന്‍ കഴിയില്ല. ആ ഗാനരംഗത്തില്‍ ഇന്ദ്രന്‍സ് എന്ന നടന്‍ മതിമറന്നു അഭിനയിച്ചത് തീരെ മറക്കാനുമാവില്ല. അത് കഴിഞ്ഞിട്ടും ഇന്ദ്രന്‍സിനെ തേടി അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ ഒന്നും തന്നെ വന്നിരുന്നില്ല. അപ്പോഴും സ്ഥിരം നര്‍മത്തിലൂന്നി മലയാള സിനിമയില്‍ ചങ്കുറപ്പോടെ ഇന്ദ്രന്‍സ് പിടിച്ചു നിന്നു.
ഈ അടുത്തകാലത്തായി ഇന്ദ്രന്‍സിലെ മികവുറ്റ നടനെ മലയാള സിനിമാ സംവിധായകരും, എഴുത്തുകാരും കാണുന്നുണ്ട് എന്നൊരു തോന്നല്‍ ഉണ്ടാകാറുണ്ട്. മാധവ് രാമദാസന്‍ സംവിധാനം ചെയ്ത ‘അപ്പോത്തിക്കിരി’ എന്ന സാമൂഹിക പ്രസക്തിയുള്ള സിനിമയില്‍ ഇന്ദ്രന്‍സ് ഒരു വേഷം അവതരിപ്പിച്ചിരുന്നു. ജയസൂര്യയുടെ അച്ഛനായി എത്തുന്ന ‘ജോസഫ്’ എന്ന കഥാപാത്രം. സിനിമയെ സൂക്ഷ്മമായി നീരിക്ഷിക്കുന്നതൊടൊപ്പം നമ്മള്ളിലെ ഓരോ പ്രേക്ഷകരും ഇന്ദ്രന്‍സിന്‍റെ അഭിനയത്തെ കൂടിയൊന്നു സൂക്ഷ്മതോടെ നീരീക്ഷിച്ചു നോക്കണം. അയാളിലെ കൈ മുതല്‍ പാദം വരെ സ്വഭാവികതയോടെടെ അഭിനയിക്കുന്നത് നമുക്ക് ദര്‍ശിക്കാം. ആ കഥാപാത്രത്തിന് അനുസൃതമായ അയാളിലെ നടത്തം പോലും നമ്മളെ വല്ലാതെ വിസ്മയിപ്പിക്കും. ശരിക്കും അടിവരയിട്ടു എഴുതാം ഇന്ദ്രന്‍സ് മലയാള സിനിമയിലെ മികച്ച നടന്മാരില്‍ ഒരാള്‍ തന്നെയാണ്. ‘ലീല’യിലെ ദാസപ്പായിയായി ഇന്ദ്രന്‍സ് തകര്‍ത്ത് അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ചിത്രത്തിന്‍റെ സംവിധായകനായ രഞ്ജിത്ത് പറയുകയുണ്ടായി “മലയാള സിനിമ കണ്ട മികച്ച നടന്മാരുടെ കൂട്ടത്തിലാണ് ഞാന്‍ ഇന്ദ്രന്‍സിനെയും നോക്കി കാണുന്നതെന്ന്”.
ഇന്ദ്രന്‍സിന്‍റെ അഭിമുഖം ടിവിയില്‍ കാണുമ്പോള്‍ അയാളിലെ അഭിനയത്തിനുമപ്പുറം അയാളെ തൊഴുതു പോകുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ഇന്ദ്രന്‍സിന്‍റെ എളിമ. അത്ര ഭവ്യതയോടെയാണ് ഇന്ദ്രന്‍സ് തന്നിലെ വാക്കുകള്‍ പുറത്തേക്ക് എടുക്കുക. അഭിമുഖ നേരം അയാളില്‍ ഒരു നടനില്ല. ജീവിതത്തെക്കുറിച്ചും, സിനിമയെക്കുറിച്ചുമൊക്കെ പച്ചയായ മനുഷ്യനെ പോലെ അയാള്‍ സംസാരിക്കും. മുന്‍പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ ഇന്ദ്രന്‍സിനോട് ഒരു അവതാരകന്‍ ചോദിക്കുകയുണ്ടായി. ഇപ്പോള്‍ സിനിമ ഒന്നും ഇല്ലേയെന്ന്? ലളിതമായി ഇന്ദ്രന്‍സ് അതിന് ഉത്തരവും നല്‍കി “സിനിമ ഇഷ്ടം പോലെയുണ്ട് പക്ഷേ ഒന്നിലും ഞാന്‍ ഇല്ലന്നേയുള്ളൂ”. അതാണ് ഇന്ദ്രന്‍സ്, ഒരു പച്ചയായ മനുഷ്യന്‍. ഭാവത്തിലും സംസാരത്തിലുമൊക്കെ വിനയം തെളിയുമ്പോള്‍ ഇന്ദ്രന്‍സിനോളം സുന്ദരനായ ആരുണ്ട് മലയാള സിനിമയില്‍. പ്രിയപ്പെട്ട ഇന്ദ്രന്‍സ് നിങ്ങള്‍ ഞങ്ങളുടെ ഹീറോയാണ്. നിങ്ങളാണ് ഇന്ദ്രന്‍സ് മലയാള സിനിമയിലെ എളിമയുടെ സൂപ്പര്‍സ്റ്റാര്‍.
Post Your Comments