സുജിത്ത് ചാഴൂര്‍
വി കെ പ്രകാശ് സംവിധാനം ചെയ്ത മരുഭൂമിയിലെ ആന പ്രേക്ഷകരെ ചിരിപ്പിക്കുന്നു. ചെറിയൊരു ഇടവേളക്ക് ശേഷം എത്തുന്ന ഈ വി. കെ. പ്രകാശ് ചിത്രത്തിന് പ്രേക്ഷകരെ കയ്യിലെടുക്കാന്‍ കഴിയുന്നു. നര്‍മ്മത്തിന്റെ മേമ്പൊടിയോടെ പറയുന്ന കഥക്ക് ബിജു മേനോനും സഹതാരങ്ങളും കൂടിയാകുമ്പോള്‍ രസം കൂടുന്നുണ്ട്.
പേര് സൂചിപ്പിക്കും പോലെ മരുഭൂമിയും മലയാളവും തമ്മിലുള്ള കണക്ഷന്‍ തന്നെയാണ് കഥ. ഗള്‍ഫിലും കേരളത്തിലുമായി നടക്കുന്ന കഥയില്‍ ഒട്ടേറെ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ഉണ്ട്. കടക്കെണിയില്‍ അകപ്പെട്ട് സകലതും നശിക്കുന്ന ഒരു ശരാശരി മലയാളിയുടെ അന്തിമ പ്രതീക്ഷയാണ് ഗള്‍ഫ്. പണമുണ്ടാക്കാന്‍ വേണ്ടി എന്തും ചെയ്യേണ്ടി വരുന്ന അവസ്ഥയില്‍ ഒരു ക്രൈം ചെയ്യാന്‍ പോലും മടിക്കാത്ത നിലയിലേക്ക് പോകേണ്ടി വരുന്ന ഒരു കഥാപാത്രം. ചതികള്‍ക്ക് മേല്‍ ചതി അനുഭവിക്കപ്പെട്ട് നിന്ന് തിരിയാന്‍ പോലും കഴിയാതെ നിസ്സഹായാവസ്ഥയില്‍ മടങ്ങേണ്ടി വരുന്ന ആ ചെറുപ്പക്കാരന്‍ അതിനേക്കാള്‍ വലിയ കുടുക്കില്‍ ചെന്ന് ചാടുമ്പോള്‍ ഉള്ള അവസ്ഥയാണ് മരുഭൂമിയിലെ ആന നമ്മളോട് പറയുന്നത്.
അങ്ങനെയുള്ള ചെറുപ്പക്കാരനെ അവതരിപ്പിക്കുന്നത് പ്രേമം സിനിമയിലൂടെ പ്രിയങ്കരനായ കൃഷ്ണ ശങ്കര്‍ ആണ്. ഒപ്പം അകമ്പടിയായി ബാലു വര്‍ഗീസും. എങ്കിലും സിനിമയുടെ ഹൈലൈറ്റ് എന്നത് ഒരേ ഒരു നടനാണ്. സാക്ഷാല്‍ ബിജു മേനോന്‍. ഒരു സിനിമയുടെ ഗതി നിര്‍ണ്ണയിക്കാന്‍ പോന്ന കരുത്തുണ്ട് ബിജു മേനോന്‍ കഥാപാത്രങ്ങള്‍ക്ക്. ഈ സിനിമയിലും മറ്റൊന്നല്ല. അറബിയായി ബിജു മേനോന്‍ അടിച്ചുപൊളിക്കുകയാണ്. ബിജു മേനോന്റെ ഇന്ട്രോഡക്ഷന്‍ മുതല്‍ സിനിമ കൂടുതല്‍ രസകരമാവുകയാണ്. അറബി രാജാവിന്റെ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ നിരവധിയാണ്.
ഒരു പ്രത്യേക കാരണത്താല്‍ കേരളത്തിലേക്ക് എത്തപ്പെടെണ്ടി വന്ന അറബി രാജാവിന് നിസ്സഹായതയാല്‍ വട്ടം തിരിയുന്ന സുകു എന്ന ചെറുപ്പക്കാരന്റെ കൂടെ കൂടേണ്ടി വരുന്നു. അല്ലെങ്കില്‍ രണ്ടു പേര്‍ക്കും പരസ്പരം കൈ കോര്‍ക്കേണ്ടി വരുന്നു. ഇവരെ നട്ടം തിരിക്കുന്ന കഥാപാത്രമായി ലാലു അലക്സും അയാളുടെ സഹായിയായി സാജു നവോദയയും കൂടി എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് പൈസ നഷ്ടമാവില്ല.
നായികാപ്രാധാന്യം കുറവുള്ള ഈ ചിത്രത്തില്‍ സംസ്കൃതി ഷേണായ് ആണ് നായിക. കേരളത്തിലെ നിരവധി സാമൂഹിക കാര്യങ്ങള്‍ ഈ ചിത്രത്തില്‍ ഇടയ്ക്കിടെ പരാമര്‍ശിച്ചു പോകുന്നുണ്ട്. പൊങ്ങച്ചത്തിന് വേണ്ടി മലയാളി കാട്ടിക്കൂട്ടുന്ന കാര്യങ്ങളും വന്‍കിട സ്വര്‍ണ്ണക്കച്ചവടക്കാരുടെ കോമാളി ബിസിനസ് തന്ത്രങ്ങളും ഇതില്‍ തുറന്നു കാണിക്കുന്നു. ഒപ്പം വിദേശ നിക്ഷേപങ്ങളുടെ പേരില്‍ ഇവിടെ എന്തും ചെയ്യാമെന്ന പലരുടെയും കണക്കുകൂട്ടലുകളും ഇതില്‍ വിഷയമാകുന്നുണ്ട്. എന്തിനും ഏതിനും ഗള്‍ഫിലേക്ക് ഒഴുകിയിരുന്ന മലയാളിക്ക് ഒരു വാണിംഗ് കൂടി ഈ സിനിമ തരുന്നുണ്ട്. മാറുന്ന കാലഘട്ടത്തില്‍ ഇനി ഇന്ത്യയില്‍ നിന്നുള്ള ഒഴുക്കിന് പകരം തിരികെ ഇങ്ങോട്ടാണ് ഒഴുക്കെന്നു സൂചിപ്പിക്കുന്നു.
സംവിധായകന്‍ എന്ന നിലക്ക് ഒരു ശരാശരി മലയാളിയുടെ മനസ്സ് കാണാന്‍ വി കെ പ്രകാശിന് കഴിഞ്ഞിട്ടുണ്ട്. വൈ. വി. രാജേഷ് എഴുതിയ ഈ സിനിമ നിര്‍മ്മിച്ചത് ഡേവിഡ് കാച്ചപ്പിള്ളിയാണ്. ഈസ്റ്റ് കോസ്റ്റ് ഓഡിയോ റിലീസ് ചെയ്ത രതീഷ് വേഗയുടെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിലെ പാട്ടുകള്‍ ഇതിനകം തന്നെ സൂപ്പര്‍ ഹിറ്റാണ്. സിനിമാട്ടോഗ്രാഫി അജയ് ഡേവിഡ് കാച്ചപ്പിള്ളിയും എഡിറ്റിംഗ് ലിജോ പോളുമാണ്.
മലയാളി ഷേയ്ഖായി ബിജു മേനോന്‍ സഹതാരങ്ങളുടെ അകമ്പടിയില്‍ മരുഭൂമിയിലെ ഒരേയൊരു ആനയായി വിലസുമ്പോള്‍ അത് പ്രേക്ഷകരില്‍ ചിരി പടര്‍ത്താതെ പോകില്ല.
Post Your Comments