NEWS

റോഡുകളുടെ ശോചനീയാവസ്ഥ ; ജയസൂര്യയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ജയസൂര്യ ഫെയ്‌സ്ബുക്കില്‍ വിഡിയോ സന്ദേശം നല്‍കിയിരുന്നു. ജയസൂര്യ നേരിട്ട് കണ്ട ഒരു റോഡപകടത്തെക്കുറിച്ചും വീഡിയോയില്‍ വിവരിച്ചിരുന്നു. വിഷയം ശ്രദ്ധയില്‍ പെട്ട മുഖ്യമന്ത്രി ജയസൂര്യയെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ്. സൂര്യയുടെ ഭാഗത്ത് നിന്നുണ്ടായ ഇടപെടലിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പുതിയ സിനിമയ്ക്ക് എല്ലാ വിജയവും നേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

പിണറായി വിജയന്റെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം ;

റോഡു വികസനം അനിവാര്യമാണ്.

റോഡുകളുടെ ശോച്യാവസ്ഥ യാഥാര്‍ത്ഥ്വവുമാണ്. ടാര്‍ ചെയ്ത് ഒരു വര്‍ഷമാകുന്നതിന് മുമ്പ് റോഡുകള്‍ കുഴികളാവുകയാണ്. യഥാസമയത്ത് നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ച് പണി നടക്കാത്തതു കൊണ്ടാണിത്. പൊതു മരാമത്ത് വകുപ്പ്, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, നഗരസഭാ, പഞ്ചായത്ത് എന്നിങ്ങനെയുള്ള ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പരസ്പരം പഴി ചാരുന്ന അനുഭവമാണ് ജില്ലാ വികസന സമിതികളില്‍ കാണുന്നത്. തര്‍ക്കത്തിനൊടുവില്‍ കരാറുകാരന്‍ പ്രതിയാകും. ഈ സംവിധാനത്തില്‍ സമഗ്രമായ അഴിച്ചു പണി അനിവാര്യമാണ്.

അധികാരത്തില്‍ വരുന്നതിനു മുന്പ്തന്നെ എല്‍ ഡി എഫ് ഈ കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയതാണ്. നവ കേരള മാര്‍ച്ചിനിടയില്‍പല പ്രദേശങ്ങളിലും ഞാന്‍ ഈ കാര്യം ചൂണ്ടിക്കാണിക്കുകയുണ്ടായി. തെരഞ്ഞെടുപ്പു പ്രകടന പത്രികയിലും ഭരണത്തിലെത്തിയതിനു ശേഷം ആദ്യ ബജറ്റിലും ഈ വിഷയം ഞങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജന സാന്ദ്രതയ്ക്ക് അനുസൃതമായി റോഡുകള്‍ നിര്‍മ്മിച്ച് മെച്ചപ്പെട്ട യാത്രാ സൗകര്യം ഉറപ്പു വരുത്തുക സര്‍ക്കാരിന്റെ മുഖ്യ പരിഗണനകളില്‍ ഒന്നാണ്.

റോഡുകള്‍ വീതികൂട്ടി ശാസ്ത്രീയമായി നവീകരിച്ച് സൗന്ദര്യവത്കരിക്കും. എന്ന് മാത്രമല്ല, കാലവര്‍ഷത്തില്‍ താറുമാറായ റോഡുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂര്‍ത്തി യാക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്.റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതില്‍ പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്ഥാപനങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍, ഓവുചാല്‍ വൃത്തിയാക്കല്‍, കുഴികള്‍ അടക്കല്‍, അപകട ഭീഷണിയുളള മരങ്ങളുടെ ശാഖകള്‍ മുറിക്കല്‍ എന്നിവ ഇതില്‍ പെടും.

റോഡ് സുരക്ഷിതത്വം അതി പ്രധാനമാണ്. ഓടകള്‍, വഴിവിളക്കുകള്‍, നടപ്പാത എന്നിവയോടു കൂടി റോഡുകളും ജങ്ഷനുകളും ബസ് ബേകളും ബസ് കാത്തിരുപ്പു കേന്ദ്രങ്ങളും അവശ്യ സൗകര്യങ്ങള്‍ ഉറപ്പാക്കി പുനര്‍നിര്‍മിക്കും. നാടിന്റെ പൈതൃകം സംരക്ഷിച്ച് ജനസൗഹൃദമായി റോഡുകള്‍ സൗന്ദര്യവത്കരിക്കുന്നതിനു ശ്രദ്ധിക്കും. മീഡിയനുകളും പൂന്തോട്ടങ്ങളും നിര്‍്മിക്കും. റോഡ് മുറിച്ചുകടക്കുന്നതിന് ടേബിള്‍ടോപ്പ് സംവിധാനം, ജങ്ഷനുകളില്‍ ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം എന്നിവ സ്ഥാപിക്കും. നടപ്പാതപോലെ സൈക്കിളുകള്‍ക്കായി മാത്രം പാത നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കും.
ജനപങ്കാളിത്തത്തോടെ റോഡുകളുടെ നിലവാരം ഉയര്‍ത്താനാകുമെന്നാണ് എന്റെ ഉറച്ച വിശ്വാസം. അതത് പ്രദേശത്തെ റോഡുകള്‍ മോശമായാല്‍ അത് സംബന്ധിച്ച് ജനങ്ങള്‍ ജനപ്രതിനിധികള്‍ക്ക് നല്കുന്ന പരാതികള്‍ ബന്ധപ്പെട്ട എഞ്ചിനിയര്‍മാര്‍ക്ക് കൈമാറി നടപടിയെടുക്കാന്‍ വലിയ കാലതാമസം നേരിടുന്നത് ഒഴിവാക്കിയേ തീരൂ.

സഞ്ചാര യോഗ്യമാല്ലാത്തെ റോഡുകള്‍ നന്നാക്കിയെടുക്കുന്നതുമായി ബന്ധപ്പെട്ട്!, പുതിയ സിനിമയുടെ റിലീസിന്റെ തിരക്കിനിടയിലും നടന്‍ ജയസൂര്യയുടെ (Jayasurya) ഭാഗത്ത് നിന്നുണ്ടായ ഇടപെടലിനെ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ പുതിയ സിനിമയ്ക്ക് എല്ലാ വിജയവും നേരുന്നു. ജയസൂര്യയെ പോലുള്ള പ്രശസ്ത താരങ്ങളും നിര്‍മ്മാതാക്കളും സ്വയം മുന്നിട്ടിറങ്ങിയും തങ്ങളുടെ കമ്പനികളുടെ സി എസ് ആര്‍ ഫണ്ടുകള്‍ ഉപയോഗിച്ചും സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടും ഇത്തരം പ്രോജക്ടുകള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും പ്രാദേശിക സമൂഹത്തിന്റെയും പിന്തുണ അവര്‍ക്കുണ്ടാകും എന്നും വിശ്വസിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button