ദിലീപിനെ നായകനാക്കി ലാല്‍ജോസ് ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ‘മീശമാധവന്‍’. കുടുംബ സദസ്സുകള്‍ നെഞ്ചിലേറ്റിയ മീശമാധവന്‍ എന്ന ചിത്രത്തിന് പ്രചോദനമായതാവട്ടെ മലയാളത്തിലെ മറ്റൊരു സൂപ്പര്‍ ഹിറ്റ് സിനിമയും. ‘രണ്ടാംഭാവം’ എന്ന ചിത്രത്തിന് ശേഷം ലാല്‍ജോസും, രചയിതാവ് രഞ്ജന്‍ പ്രമോദും ഒരുമിക്കുന്ന സിനിമയാണ് മീശമാധവന്‍. ‘രണ്ടാംഭാവം’ എന്ന ചിത്രം ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു. മീശമാധവന്‍ എന്ന സിനിമയുടെ ചര്‍ച്ചയുമായി മുന്നോട്ടു പോകുന്ന സമയത്താണ് ലാല്‍ജോസ് റാഫി എന്ന സംവിധായകനെയും,തിരക്കഥാകൃത്തിനെയും ഒരു ഹോട്ടലില്‍വെച്ചു കാണാനിടയായത്.
റാഫി ലാല്‍ജോസിനെ കണ്ടപ്പോള്‍ തന്നെ പറഞ്ഞു. “എനിക്ക് തന്നോട് ഭയങ്കര ദേഷ്യം ഉണ്ടെടോ”. അത് കേട്ട ലാല്‍ജോസ് ഒന്ന് ഞെട്ടി. എന്തിനാ ദേഷ്യം? ലാല്‍ജോസ് തിരിച്ചു ചോദിച്ചു . “സൂപ്പര്‍ ഹിറ്റാക്കാന്‍ കഴിയുമായിരുന്ന ഒരു സിനിമയെ നിങ്ങള്‍ കൊണ്ട് പോയി നശിപ്പിച്ചു കളഞ്ഞല്ലോ. നിങ്ങള്‍ രണ്ടാംഭാവം സിനിമയില്‍ ചില മാറ്റങ്ങള്‍ വരുത്തണമായിരുന്നു അങ്ങനെയായിരുന്നില്ല ആ കഥ പറയേണ്ടത്” എന്നൊക്കെയുള്ള ചില നിര്‍ദ്ദേശങ്ങള്‍ റാഫി ലാല്‍ജോസിനോട് പറഞ്ഞു. റാഫി പറയുന്നതിനോട് പൂര്‍ണമായി യോജിക്കാന്‍ ലാല്‍ജോസിന് കഴിഞ്ഞില്ലങ്കിലും എവിടെയൊക്കെയോ റാഫി പറഞ്ഞതിലും കാര്യമുണ്ടെന്നു ലാല്‍ജോസിന് തോന്നിയിരുന്നു.
അങ്ങനെയിരിക്കെ റാഫി മെക്കാര്‍ട്ടിന്‍ ടീമിന്‍റെ ‘തെങ്കാശിപ്പട്ടണം’ സിനിമയുടെ റിലീസ് ദിവസം ലാല്‍ജോസ് എന്തോ ആവശ്യവുമായി തിരുവനന്തപുരത്തുണ്ടായിരുന്നു. അന്ന് റാഫി പറഞ്ഞ കാര്യം മനസ്സില്‍ കിടന്നതു കൊണ്ട് ലാല്‍ജോസ് ആദ്യ ദിവസം തന്നെ സിനിമയ്ക്ക് കയറി. ഞങ്ങളുടെ സിനിമയെ കുറ്റം പറഞ്ഞവര്‍ അവരുടെ സിനിമയിലെന്താണ് കാണിച്ചുവെച്ചിരിക്കുന്നത് എന്നൊന്നറിയണമെല്ലോ? സിനിമ കണ്ടിറങ്ങിയപ്പോള്‍ ലാല്‍ജോസിന് മനസ്സിലായി അന്ന് റാഫി പറഞ്ഞത് എത്രമാത്രം ശരിയായിരുന്നു എന്നത്. അവര്‍ ‘തെങ്കാശിപ്പട്ടണം’ സിനിമ അത്ര മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഇതേ രീതിയില്‍ രണ്ടാംഭാവവും പറഞ്ഞു പോയിരുന്നേല്‍ ഒരു ഹിറ്റ് ഉറപ്പായിരുന്നു. ആ തോന്നല്‍ മനസ്സില്‍ ഇട്ടു കൊണ്ടാണ് ലാല്‍ജോസ് തിരുവന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് വണ്ടി കയറിയത്. അവിടെ ചെന്ന് രഞ്ജന്‍ പ്രമോദ് എഴുതിയ സ്ക്രിപ്റ്റ് വായിച്ചു നോക്കിയപ്പോള്‍ രണ്ടാംഭാവം എന്ന സിനിമയില്‍ ബാധിച്ച അതേ രീതിയിലുള്ള പ്രശ്നങ്ങള്‍ മീശമാധവന്‍റെ തിരക്കഥയിലും ഉണ്ട്. രണ്ടു പേരും കൂടി വീണ്ടും ചര്‍ച്ച ചെയ്തിട്ട് എഴുതിവെച്ചിരുന്ന തിരക്കഥ വീണ്ടും തിരുത്തിയെഴുതി. ‘തെങ്കാശിപ്പട്ടണം’ എന്ന സിനിമ നല്‍കിയ പ്രചോദനമാണ് മീശമാധവന്‍റെ തിരക്കഥ അവരെ മാറ്റിയെഴുതാന്‍ പ്രേരിപ്പിച്ചത് . ലാല്‍ജോസും റാഫിയും തമ്മില്‍ അന്ന് അങ്ങനെയൊരു കൂടികാഴ്ച നടന്നില്ലായിരുന്നുവെങ്കില്‍ ചിലപ്പോള്‍ മീശമാധവന്‍ ഇത്ര വലിയ ഒരു വിജയമായി മാറില്ലായിരുന്നു. അങ്ങനെ ഓരോ സിനിമകളുടെ ഹിറ്റുകള്‍ക്ക് പിന്നിലും ഇങ്ങനെ വിചിത്രമായ ചില കഥകളുണ്ട്. ആരും അറിയാതെ പോകുന്ന കഥ.
Post Your Comments