
മലയാളത്തിന്‍റെ മഹാനടനാണ് മുരളി. കരുത്തുറ്റ കഥാപാത്രങ്ങളെ സ്വഭാവികതയോടെ വെള്ളിത്തിരയില്‍ കൊളുത്തിവെച്ച മുരളി എന്ന അതുല്യ കലാകാരന്‍ ഓര്‍മയായിട്ട് ഇന്ന് ഏഴ് വര്‍ഷം തികയുന്നു.
വെങ്കലവും, ചമയവും, ചമ്പക്കുളം തച്ചനും പോലെ എത്രയെത്ര ചിത്രങ്ങളില്‍ മുരളിയുടെ അഭിനയ കരുത്ത് നാം ദര്‍ശിച്ചതാണ്. നല്ല നടനുള്ള ദേശീയ പുരസ്കാരങ്ങള്‍ ഉള്‍പ്പടെ സംസ്ഥാന പുരസ്കാരങ്ങളും മറ്റ് നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കിയ മുരളി എന്ന അഭിനയ സൂര്യന്‍ മലയാള സിനിമ ലോകത്തിന്‍റെ അഭിമാനമാണ്. നായകനായും, സ്വഭാവ നടനായും, വില്ലനായുമൊക്കെ മുരളി തകര്‍ത്താടിയ വേഷങ്ങള്‍ നിരവധിയുണ്ട് മലയാള സിനിമയില്‍. ‘മുരളി ജീവിച്ചിരിപ്പുണ്ട്’ എന്ന തോന്നലോടെയാണ് ഓരോ പ്രേക്ഷകരും അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ ഇന്നും ആസ്വദിക്കുന്നത്. മുരളി എന്ന നടന്‍ നമ്മുടെയൊക്കെ മനസ്സില്‍ അത്രത്തോളം ആഴത്തില്‍ സ്ഥാനം പിടിച്ചത് കൊണ്ടാകാം വര്‍ഷങ്ങള്‍ക്കിപ്പുറവും മുരളി എന്ന നടന്‍ ‘ഇവിടെ തന്നെയുണ്ട്’ എന്ന തോന്നല്‍ നമ്മളില്‍ ജനിക്കുന്നത്. അദ്ദേഹം അത്ഭുതമാക്കിയ കഥാപാത്രങ്ങള്‍ തന്നെയാണ് അതിനുള്ള കാരണവും. മുരളിയിലെ അഭിനയ പൂര്‍ണത ഇന്നും പ്രേക്ഷകരുടെ ആസ്വദനത്തിന് നിറ വെളിച്ചം പകരുകയാണ്. അഭിനയത്തിന്‍റെ കൊടുംങ്കാറ്റ് വീശുന്ന എത്രയെത്ര കഥാപാത്രങ്ങള്‍ മുരളിയുടെ മരണത്തോടെ നമുക്ക് നഷ്ടമായി. മുരളി എന്ന നടന പൂര്‍ണതയുടെ നിലാവ് നമുക്കുള്ളില്‍ കാലങ്ങളോളം വെളിച്ചം വീശും.
ഓര്‍മകള്‍ക്ക് മുന്നില്‍ ഒരായിരം പ്രണാമം.
Post Your Comments