Movie Reviews

കിസ്മത്ത്:പ്രണയത്തിന്‍റെ മതവും നിറവും തേടുമ്പോള്‍

എല്ലാം ശരിയാകുമല്ലേ? നിയമവ്യവസ്ഥയിന്മേല്‍ സാധാരണപൌരനുള്ള വിശ്വാസത്തിന്‍റെ ഉറവ ഇനിയും വറ്റിയിട്ടില്ല എന്ന് തോന്നിപ്പിയ്ക്കുന്ന ഒരു ചോദ്യമാണിത്.ഈ ചോദ്യത്തിന്റെ ഉത്തരം തേടുന്ന, ജീവിയ്ക്കാനും പ്രേമിയ്ക്കാനും കൊള്ളില്ല എന്ന് മാറ്റി നിര്‍ത്തപ്പെട്ടിരിയ്ക്കുന്ന ഒരു വിഭാഗത്തെക്കുറിച്ച് മനോഹരമായ പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ചിത്രമാണ് കിസ്മത്ത്.

ഒരു ആണിന്റെയും പെണ്ണിന്റെയും അനശ്വരമായ പ്രണയത്തിന്‍റെ കഥയാണ്‌ കിസ്മത്ത്.ഇത്രയും പറഞ്ഞാല്‍ അത് വെറും കഥ മാത്രമായി.എന്നാല്‍ വിദ്യാസമ്പന്നയായ ഒരു ദളിത്‌ പെണ്‍കുട്ടിയുടെയും അവളെ പ്രേമിച്ച അവളെക്കാള്‍ അഞ്ചുവയസ്സിനിളപ്പമുള്ള മുസ്ലീം പയ്യന്റെയും കഥയാണ് ഇത് എന്ന് പറഞ്ഞാലോ?ഇപ്പോള്‍ സംഗതി സങ്കീര്‍ണ്ണമായില്ലേ? ആ സങ്കീര്‍ണ്ണതയിലേയ്ക്ക് നയിയ്ക്കുന്ന സമകാലിക സാമൂഹ്യ ചുറ്റുപാടുകള്‍ തന്നെയാണ് കിസ്മത്തിന്റെ പ്രമേയവും.

നമ്മുടെ നാട്ടില്‍ ഒരാള്‍ക്ക് പ്രണയിയ്ക്കപ്പെടാനുള്ള യോഗ്യതയെന്താണ്?ജാതി?നിറം?കുടുംബം?സൌന്ദര്യം?.നിനക്ക് ഇവളെ മാത്രമേ പ്രേമിയ്ക്കാന്‍ കണ്ടുള്ളോ എന്ന് താഴ്ന്ന ജാതിയില്‍ പെട്ട അവന്‍റെ പെണ്ണിനെ ചൂണ്ടി കാമുകനോട് വീട്ടുകാരും നാട്ടുകാരും ചോദിയ്ക്കുമ്പോള്‍ പ്രായപൂര്‍ത്തിയായ രണ്ടു പേരുടെ സ്വകാര്യമായ പ്രണയം എങ്ങനെ മൂന്നാമതൊരാളുടെ അല്ലെങ്കില്‍ ഒരു കൂട്ടത്തിന്‍റെ തിരഞ്ഞെടുപ്പാകുന്നു എന്ന ചോദ്യം ഉയരുന്നു.പ്രായവും ജാതിയും നിറവും രൂപവുമെല്ലാം പ്രണയിയ്ക്കുന്നവരേക്കാള്‍ അത് കണ്ടു നില്‍ക്കുന്നവര്‍ക്ക് പ്രശ്നമാവുന്നു.അല്ലെങ്കില്‍ ആ പ്രണയസാഫല്യത്തിന്‍റെ സാദ്ധ്യതകള്‍ അവന്‍റെയും അവളുടെയും കിസ്മത്ത് അഥവാ ഭാഗ്യം മാത്രമാകുന്നു.

2011 ല്‍ പൊന്നാനിയില്‍ നടന്ന യഥാര്‍ത്ഥജീവിത കഥയാണ് കിസ്മത്ത് എന്ന് രാജീവ് രവിയുടെ ശിഷ്യന്‍ കൂടിയായ സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടി പറഞ്ഞിട്ടുണ്ട്.ഇര്‍ഫാനും അനിതയും പ്രണയത്തിലാണ്.കുടുംബാംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒരുമിച്ച് ജീവിയ്ക്കാനുള്ള സാദ്ധ്യതകള്‍ തേടി ഒരു പോലീസ് സ്റെഷനില്‍ ചെല്ലുന്നതും ആ ഒരു പകലില്‍ തുടങ്ങി പിറ്റേന്നു വരെയുള്ള സമയം ആ പോലീസ് സ്റെഷനില്‍ നടക്കുന്ന സംഭവങ്ങളിലൂടെ പ്രണയത്തെ അധികാര വ്യവസ്ഥിതിയും മതത്തിന്‍റെ വക്താക്കളും ചേര്‍ന്ന് തകര്‍ക്കുന്നതെങ്ങനെ എന്നുമാണ് കിസ്മത്ത് പറഞ്ഞുവയ്ക്കുന്നത്. .

കിസ്മത്തിലൂടെ സംവിധായകന്‍ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം വളരെയേറെ കാലികപ്രസക്തമാണ്.പോലീസ് സ്റ്റേഷന്‍ വരാന്തയില്‍ നിയമത്തിന്‍റെ പരിഗണന കാത്ത് ഒരു ബഞ്ചില്‍ മൂന്നുപേര്‍.മൂന്ന് വിഭാഗങ്ങളുടെ പ്രതിനിധികള്‍.ആനുകാലിക സംഭവങ്ങളുടെ വെളിച്ചത്തില്‍ അസ്തിത്വം തേടുന്ന മൂന്ന് വിഭാഗങ്ങള്‍.ദളിത,മുസ്ലീം,അന്യസംസ്ഥാനത്തൊഴിലാളി.ആരുടെയൊക്കെയോ കാരണമറിയാത്ത വെറുപ്പിനും ശത്രുതയ്ക്കും പാത്രമാവുന്ന,പാര്‍ശ്വവല്ക്കരിയ്ക്കപ്പെട്ട ഈ മൂന്ന് കൂട്ടരുടേയും നിസ്സഹായതകളും ഇന്‍സെക്യൂരിറ്റിയും പറയാതെ പറഞ്ഞുപോകുന്നുണ്ട് ഈ ചിത്രം.

കഥയുടെ ആത്മാവ് ആകുന്ന പ്രണയത്തിന്‍റെ നോവ് എടുത്തു പറയേണ്ടതാണ്.സൌഹൃദത്തില്‍ നിന്ന് പെട്ടെന്ന് വളര്‍ന്നുകയറുന്ന പ്രണയം.കൗമാരത്തിന്റെ അടയാളങ്ങള്‍ വിട്ടുമാറാത്ത പയ്യനും പക്വമതിയായ പെണ്ണും അവരുടെ ആത്മാവിനെ നനച്ചുകൊണ്ട് ഒഴുകുന്ന പ്രണയവും..ആരുടെയൊക്കെയോ വിദ്വേഷങ്ങള്‍ക്ക് ഇരയാകുന്ന ആ പ്രണയം കണ്ടിറങ്ങുമ്പോള്‍ ഒരു വേദനയായി ആത്മാവിനെ കനപ്പെടുത്തും.

ഷെയ്ന്‍ നിഗം,ശ്രുതി മേനോന്‍ എന്നിവര്‍ അഭിനയത്തിലെ സ്വാഭാവികത കൊണ്ട് അത്ഭുതപ്പെടുത്തി.വിനയ് ഫോര്‍ട്ട്‌ ആണ് എടുത്തുപറയേണ്ട മറ്റൊരാള്‍.പ്രേമത്തിലെ വിമല്‍ സാറില്‍ നിന്ന് അജയ് മേനോന്‍ എന്ന സവര്‍ണ്ണ എസ് ഐയിലേയ്ക്കുള്ള ദൂരം വിനയുടെ അഭിനയത്തിന്റെ റേഞ്ചിന്റെ അളവുകോലാകുന്നുണ്ട്.സുനില്‍ സുഖദ,അലന്‍സിയാര്‍ ലെ,അനില്‍ നെടുമങ്ങാട് എന്നിവരും മികച്ചുനിന്നു.സുശീന്‍ ശ്യാമിന്റെ സംഗീതം കിസ്മത്തിലെ പ്രണയത്തെ പലപ്പോഴും മിസ്ടിക് ലെവലിലെയ്ക്ക് എത്തിയ്ക്കുന്നുണ്ട്.കഥപറച്ചില്‍ രീതി പല സന്ദര്‍ഭങ്ങളിലും രാജീവ് രവിയുടെ അന്നയും റസൂലും എന്ന ചിത്രത്തെ ഓര്‍മ്മിപ്പിച്ചു.കഥാഗതിയോട് ചേര്‍ന്ന് നിന്നുകൊണ്ട് മലപ്പുറം എന്ന ദേശത്തെ ഏറ്റവും മനോഹരമായി ചിത്രീകരിച്ചു സുരേഷ് രാജന്‍റെ കാമറ.ഈ ചിത്രത്തെ രക്ഷിച്ചു നിര്‍ത്തി കാണികളിലേയ്ക്ക് എത്തിച്ച ലാല്‍ ജോസിനും രാജീവ് രവിക്കും അഭിമാനിയ്ക്കാം.

കിസ്മത്തില്‍ നിന്ന് സിനിമാറ്റിക്’ ആയ ഒന്നും പ്രതീക്ഷിയ്ക്കേണ്ട.നമ്മുടെ ചുറ്റും നടക്കുന്ന ചില സംഭവങ്ങള്‍..കാണുന്ന ആളുകള്‍.. എന്നാല്‍ ഉപാധികളില്ലാതെ പ്രണയം അനുഭവിയ്ക്കണമെങ്കില്‍, അതുയര്‍ത്തുന്ന ചില ചോദ്യങ്ങളുടെ അസ്വസ്ഥതകളോടെയാണെങ്കിലും ഉറപ്പായും ഈ ചിത്രം കാണുക.

shortlink

Related Articles

Post Your Comments


Back to top button