പരസ്യ തന്ത്രങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയാണ് പ്രമുഖ മജിഷ്യന്‍ ഗോപിനാഥ് മുതുകാട്. ഇഷ്ടതാരങ്ങള്‍ക്ക് കോടികള്‍ നല്‍കി പച്ചക്കള്ളം പറയിപ്പിക്കുന്ന പരസ്യ കമ്പനികള്‍ക്കെതിരെയാണ് മുതുകാടിന്‍റെ രൂക്ഷ വിമര്‍ശനം. ഏലസ് കെട്ടിയാല്‍ വീട്ടില്‍ ഐശ്വര്യം വരില്ലെന്നും അതിന് ഓരോരുത്തരും വിവേചന ബുദ്ധിയോടെ ചിന്തിക്കണമെന്നും മുതുകാട് വ്യക്തമാക്കുന്നു.
മുതുകാടിന്‍റെ വാക്കുകള്‍
ഒരുകാര്യം ഞാന്‍ നിങ്ങളോട് അടിവരയിട്ട് പറയാന്‍ ആഗ്രഹിക്കുന്നു. വീട്ടില്‍ വലംപിരിശംഖ് വാങ്ങി വെച്ചതുകൊണ്ടോ കയ്യില്‍ ഏലസ്സ് കെട്ടിയതുകൊണ്ടോ നിലവറയ്ക്കുള്ളില്‍ നാഗമാണിക്യമോ സ്വര്‍ണ വെള്ളരി വെച്ചതുകൊണ്ടോ വീട്ടില്‍ ഐശ്വര്യം വരില്ല. വീട്ടില്‍ ഐശ്വര്യം വരണമെങ്കില്‍ നമ്മള്‍ മനസ്സ് വെക്കണം. പക്ഷെ നമ്മുടെ മനസ്സിന്റെ ദുര്‍ബലമായ കേന്ദ്രം ഏതാണ് എന്നുള്ളത് ഈ ശംഖ് വില്‍പ്പനക്കാരന് കൃത്യമായി അറിയാം. എത്രമാത്രം ദൃഢമായ മനസ്സ് ഉണ്ടെന്ന് അവകാശപ്പെടുന്നവന്റേയും ഉള്ളിന്റെ ഉള്ളില്‍ ദുര്‍ബലമായ കേന്ദ്രമുണ്ട്. അത് നമ്മള്‍ വളര്‍ന്നുവരുന്ന സാഹചര്യങ്ങള്‍ സമ്മാനിക്കുന്നതാണ്. അത് നമ്മള്‍ക്ക് മാറ്റാനും സാധിക്കില്ല. പക്ഷെ ഈ ദുര്‍ബലമായ കേന്ദ്രത്തെ പിടിച്ചുകൊണ്ട് ഇത്രമാത്രം സാധനങ്ങള്‍, ആവശ്യമില്ലാത്ത സാധനങ്ങള്‍ വില്‍ക്കപ്പെടുന്നു എന്ന് പറയുന്നതാണ് പരസ്യത്തിന്റെ തന്ത്രം. അതിനുവേണ്ടിയാണ് ഈ കമ്പനികള്‍ കോടികള്‍ മുടക്കുന്നത്. നിങ്ങള്‍ക്കറിയാമോ ഒരു പരസ്യം ക്ലിക്ക് ആകണമെങ്കില്‍ എത്രമാത്രം പണം മുടക്കണമെന്നത്? മനുഷ്യ മനസ്സിന്റെ ദുര്‍ബലമായ കേന്ദ്രം ഏതാണെന്ന് മനസ്സിലാക്കുന്നതിന് വേണ്ടി ഗവേഷണം നടത്തുന്നതിന് വേണ്ടി കൊടുക്കുന്ന ലക്ഷങ്ങള്‍ ഒരുഭാഗത്ത്. എന്റെ സൗന്ദര്യത്തിന്റെ രഹസ്യം ഈ സോപ്പാണ്. എന്റെ മുടിയുടെ രഹസ്യം ഈ തൈലമാണ്. എന്റെ ആരോഗ്യത്തിന്റെ, ഊര്‍ജ്ജത്തിന്റെ രഹസ്യം ഈ പ്രോട്ടീന്‍ പൗഡറാണ്. എന്റെ ആകര്‍ഷണത്തിന്റെ രഹസ്യം ഈ സൗന്ദര്യ വര്‍ധക വസ്തുവാണ്. എന്റെ പല്ലിന്റെ തിളക്കം ഈ പേസ്റ്റാണ്. ഇതെല്ലാം പറഞ്ഞ്, അതായത് നമ്മുടെ ഇഷ്ട താരങ്ങളെ കൊണ്ട് പച്ചക്കള്ളം പറയിപ്പിക്കാന്‍ വേണ്ടി അവര്‍ക്ക് കൊടുക്കുന്ന കോടികള്‍ ഒരുഭാഗത്ത്. അവര്‍ പറയുന്ന കാര്യങ്ങളെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നമ്മുടെ മനസ്സിന്റെ അഗാധതലങ്ങളിലേക്ക് എത്തിക്കുന്നതിന്റെ വേണ്ടി പരസ്യം തയ്യാറാക്കുന്നതിന് വേണ്ടി പരസ്യകമ്പനികള്‍ക്ക് കൊടുക്കുന്ന കോടികള്‍ ഒരുഭാഗത്ത്. ഇത്രയും മാത്രം പോര, ഈ പരസ്യങ്ങള്‍ പലതവണ നമ്മുടെ മനസ്സിലേക്ക്, നമ്മുടെ കണ്ണുകളിലേക്കും കാതുകളിലേക്കും എത്തിക്കുന്നതിന് വേണ്ടി ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും കൊടുക്കുന്ന കോടികള്‍ ഒരുഭാഗത്ത്. ഇത്രമാത്രം പണം ഇവര്‍ ചെലവഴിക്കുന്ന സമയത്ത് ഇവര്‍ക്ക് കൃത്യമായി അറിയാം നമ്മള്‍ പാവങ്ങള്‍ ഈ പരസ്യം കണ്ട് സാധനങ്ങള്‍ വാങ്ങിക്കൂട്ടി ഈ പണം തിരിച്ചുനല്‍കുമെന്ന്. നിങ്ങള്‍ക്കറിയാമോ പരസ്യം എന്ന വാക്കിന്റെ അര്‍ത്ഥമെന്താണെന്ന്? പരസ്യം എന്ന വാക്കിന്റെ അര്‍ത്ഥം പ്രകാശം പരത്തുന്നത് എന്നാണ്. പരസ്യം ആവശ്യമാണ്. ഒരു പ്രസ്ഥാനം തുടങ്ങുന്ന സമയത്ത്, ഒരു പ്രോഡക്ട് ലോഞ്ച് ചെയ്യുന്ന സമയത്ത് അത് ജനങ്ങളെ അറിയിക്കുന്നതിന് വേണ്ടി പരസ്യം ആവശ്യമാണ്. പക്ഷെ ആ പരസ്യം ഒരുപരിധി വരെയെങ്കിലും സത്യസന്ധമായിരിക്കണം. അല്ലാതെ പച്ചക്കള്ളം പറഞ്ഞുകൊണ്ട് ആളുകളെ ചതിയില്‍ പെടുത്തുന്ന രീതിയിലേക്ക് പരസ്യം ചെയ്യുക എന്ന് പറയുന്നത് തീര്‍ച്ചയായും കുറ്റകരമാണ്. ആ ഒരു ബോധം നമ്മുക്കുണ്ടാകണം. അല്ലെങ്കില്‍ നമ്മള്‍ പോകുന്നത് ഈ സാധനങ്ങള്‍ വാങ്ങിച്ചുകൂട്ടി നരകതുല്യമായ ജീവിത്തിലേക്കായിരിക്കും. യാഥാര്‍ത്ഥ്യവും പരസ്യവും തിരിച്ചറിയാന്‍ നമ്മള്‍ക്ക് സാധിക്കണം. പരസ്യങ്ങളില്‍ അഭിരമിക്കാതെ നമ്മുക്ക് പുതിയൊരു ലോകം കെട്ടിപ്പടുക്കണം. യാഥാര്‍ത്ഥ്യം എന്തെന്ന് സ്വയം അന്വേഷിച്ച് മനസ്സിലാക്കാനുള്ള ബുദ്ധിവൈഭവം നമ്മുക്ക് വേണം. പല പരസ്യങ്ങളും സ്ത്രീകളേയും കുട്ടികളേയുമാണ് ഫോക്കസ് ചെയ്യുന്നത്. പണ്ട് നമ്മുടെ വീട്ടില്‍ എന്തു വാങ്ങണം എന്ത് വാങ്ങിക്കേണ്ട എന്ന തീരുമാനമെടുക്കുന്നത് മാതാപിതാക്കളാണ്. പക്ഷെ അണുകുടുംബത്തിലേക്ക് മാറിയതോടെ കുട്ടികളാണ് തീരുമാനമെടുക്കുന്നത്. കുട്ടികള്‍ വാശിപിടിച്ചാല്‍ അച്ഛനമ്മമാര്‍ വാങ്ങിച്ചുകൊടുക്കും. അത് പരസ്യ കമ്പനികള്‍ക്ക് കൃത്യമായി അറിയാം. അതുകൊണ്ടാണ്ട് ഫ്രൈഡ് ചിക്കനും മാഗിയും കൊക്കക്കോളയുമെല്ലാം വേണമെന്ന് കുട്ടികള്‍ വാശി പിടിക്കുമ്പോള്‍ മാതാപിതാക്കള്‍ വാങ്ങികൊടുക്കുന്നത്. പക്ഷെ ഒരുകാര്യം എനിക്ക് പറയാനുള്ളത് മാതാപിതാക്കള്‍ക്ക് കുട്ടികളോട് സ്‌നേഹമുണ്ടെങ്കില്‍ ദയവായി ഇതൊന്നും വാങ്ങിച്ചുകൊടുക്കരുത്. അവര്‍ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം ഇത് പരസ്യക്കാരുടെ തന്ത്രമാണെന്ന്. ഇതിലൊന്നും യാഥാര്‍ത്ഥ്യമില്ലെന്ന്. അതിനുമുമ്പായി നമ്മള്‍ മനസ്സിലാക്കണം. പരസ്യം കാണുന്ന സമയത്ത് വിവേചന ബുദ്ധിയോട് കൂടി ഓരോ കാര്യവും നിരീക്ഷിക്കുക. അതിന്റെ യാഥാര്‍ത്ഥ്യം എന്താണെന്ന് സ്വയം ചോദിച്ച് തിരിച്ചറിഞ്ഞതിന് ശേഷം വാങ്ങിക്കുക. വീട്ടില്‍ ഐശ്വര്യം വരണമെങ്കില്‍ ഇക്കാര്യങ്ങളെല്ലാം തിരിച്ചറിയണം.
Leave a Comment