കൊച്ചി ● സെലിബ്രിറ്റികള്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ മാനേജര്‍മാരേയോ കമ്പനികളെയോ നിയമിക്കുന്നത് പതിവാണ്. അത്തരത്തില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മാനേജര്‍മാരെ വെച്ച് കൈകാര്യം ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി പിന്നണി ഗായിക ജ്യോത്സ്ന രംഗത്തെത്തിയിരിക്കുകയാണ്. ഏകദേശം ആറ് ലക്ഷത്തോളം ലൈക്കുണ്ടായിരുന്ന തന്റെ പേജ് വിശ്വസിച്ചേല്‍പ്പിച്ചവര്‍ കബളിപ്പിച്ചതു മൂലം നഷ്ടമായതും പിന്നീട് തിരിച്ചുപിടിച്ചതിന്റേയും അനുഭവമാണ് ജ്യോത്സ്ന തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്.
ക്രീയേറ്റീവ് കണക്റ്റ് എന്ന സ്ഥാപനത്തെയാണ് ജ്യോത്സ്ന പേജ് മാനേജ് ചെയ്യാന്‍ ഏല്‍പ്പിച്ചിരുന്നത്. ഒരു സുപ്രഭാതത്തില്‍ ഈ പേജ് കാണാതാവുകയും ഇക്കാര്യം കൈകാര്യം ചെയ്തിരുന്ന അഡ്മിനോട് അന്വേഷിച്ചപ്പോള്‍ അത് സിസ്റ്റം അപ്‌ഡേറ്റ് ചെയ്തപ്പോള്‍ ഡിലീറ്റ് ആയിപ്പോയി എന്ന മറുപടിയായിരുന്നു ലഭിച്ചത്. ഇത് ഒരിക്കലും തിരിച്ചുപിടിക്കാനാവില്ലെന്നായിരുന്നു അവര്‍ നല്‍കിയ മറുപടി. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ പേജിന്റെ അഡ്മിനുകളില്‍ ഒരാള്‍ ജ്യോത്സ്‌നയുടെ പേര് നീക്കം ചെയ്തിട്ട് പേജിന്റെ ലൈക്കുകള്‍ ഉപയോഗിച്ച് മറ്റൊരെണ്ണം തുടങ്ങുവാനുള്ള തയ്യാറെടുപ്പിലായിരുന്നു എന്ന് മനസിലായി. പണംവാങ്ങി തട്ടിപ്പ് നടത്തിയ കമ്പനിയ്ക്കെതിരെ ജ്യോത്സന നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയതോടെ പേജ് തിരികെ നല്‍കുകയായിരുന്നു.
സോഷ്യല്‍ മീഡിയ അക്കൗണ്ട് മറ്റൊരാളെ ഏല്‍പ്പിക്കുമ്പോള്‍ അതില്‍ പൂര്‍ണമായും നിയന്ത്രണം നമ്മള്‍ തന്നെ ഉറപ്പാക്കണമെന്നും കാര്യങ്ങള്‍ വ്യക്തമായി പഠിച്ചിരിക്കണമെന്നും ജ്യോത്സന പറഞ്ഞു.
.
Post Your Comments