
‘കബാലി’ എന്ന ചിത്രം കേരളത്തില്‍ ഉത്സവം പോലെ ആഘോഷിക്കപ്പെടുമ്പോള്‍ മലയാള ചിത്രങ്ങളുടെ അവസ്ഥ എന്താണ്?. നമ്മുടെ നാട്ടില്‍ ആവേശത്തോടെ ആഘോഷിക്കപ്പെടേണ്ടത് നമ്മുടെ സിനിമകള്‍ തന്നെയാണ്.
നിരവധി പ്രമുഖര്‍ ഇതിനോടകം തന്നെ അന്യഭാഷാ സിനിമാ പ്രേമത്തെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു. മലയാള മാധ്യമങ്ങളില്‍ കബാലിക്ക് അമിത പ്രാധാന്യം നല്‍കുന്നത് എന്തിന്? എന്ന ചോദ്യവുമായി സംവിധായകന്‍ വിനയന്‍ രംഗത്ത് വന്നിരുന്നു. ഒടുവില്‍ കലവൂര്‍ രവികുമാര്‍ എന്ന തിരക്കഥാകൃത്തും ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ്. ഇഷ്ടം, നമ്മള്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച കലവൂര്‍ രവികുമാര്‍ ഫേസ്ബുക്കില്‍ പങ്കിട്ട പോസ്റ്റ് വായിക്കാം.
കബാലികളെ പേടിക്കേണ്ടി വരുമ്പോൾ
———————————————————-
വലിയ തമിഴ് – ഹിന്ദി സിനിമകൾ കേരളത്തിലെ തിയേറ്ററുകൾ ഒന്നടങ്കം പിടിച്ചടക്കുമ്പോൾ നന്നായി ഓടിക്കൊണ്ടിരിക്കുന്ന മലയാള ചിത്രങ്ങൾക്കും പരിക്കേൽക്കുന്ന കാഴ്ച ദാരുണമാണ്. ഇത്തവണയും ഇതാവർത്തിക്കപ്പെട്ടു.
രജനീകാന്തിന്‍റെ കബാലി വന്നപ്പോൾ പല ചിത്രങ്ങൾക്കും അവരുടെ തിയേറ്ററുകൾ നഷ്ടമായി. പുതുതായി റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങൾക്കു നല്ല തിയേറ്ററുകൾ ലഭിച്ചില്ല. കബാലിയെ ഭയന്ന് പലരും റിലീസ് മാറ്റി വെച്ചു.
വൻ അന്യഭാഷാ ചിത്രങ്ങൾ വരുമ്പോഴെല്ലാം ആദ്യ പ്രഹരം നമ്മുടെ സിനിമയ്ക്കാണ്.
മലയാള സിനിമയ്ക്കു ഈ ഇട്ടാവട്ടം മാത്രമാണു മാർക്കറ്റ്. അപ്പോൾ നന്നായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രമെങ്കിലും നിലനിർത്തണ്ടെ ?
എത്രയോ പ്രതിസന്ധികൾ മറികടന്നാണു ഇന്നൊരു സംവിധായകൻ ഒരു ചിത്രം തിയേറ്ററിലെത്തിക്കുന്നത്.
നിർമ്മാതാക്കളുടെ എണ്ണം കുറവ്, പഴയ പോലെ സാറ്റലൈറ്റില്ല, വിപണി മൂല്യമുള്ള നടന്മാരുടെ എണ്ണം കുറവ്, അവരുടെ ഡേറ്റ് ലഭിക്കാനുള്ള പ്രയാസം, കാത്തിരിപ്പ്, ഇതിനിടയിൽ സംവിധായകന്‍റെ വ്യക്തിജീവിതവും ദുരന്തമായിട്ടുണ്ടാവും. അതൊക്കെ കടന്നു ചിത്രം തിയേറ്ററിലെത്തുമ്പോഴാണ് കബാലികൾ പടയുമായി വരുന്നത്.
അത്തരം അന്യഭാഷാചിത്രങ്ങളോടു തികഞ്ഞ ആദരവു സൂക്ഷിച്ചു കൊണ്ടു പറയട്ടെ – സ്വന്തം സിനിമയ്ക്കു കൊരണ്ടിപ്പലവയെങ്കിലും ഇട്ടു കൊടുത്തിട്ടു വേണം, ആ ചിത്രങ്ങൾക്ക് സിംഹാസനം ഒരുക്കാൻ.
മലയാളത്തിലെ ഓരോ സിനിമയുടെയും പിന്നിൽ ഓരോ സംവിധായകന്‍റെയും നിർമ്മാതാവിന്റെയും യാതനയുണ്ട്. മറ്റു ഭാഷാ ചിത്രങ്ങൾക്കതില്ല എന്നല്ല. നമ്മുടെ വിപണി നേരത്തേ പറഞ്ഞ ഇട്ടാവട്ടമാണെന്നു ഓർക്കുക
Post Your Comments