അഞ്ജു പ്രഭീഷ്
ഇന്നത്തെ പുലരിയില്‍ സ്വരരാഗകിരണത്തിന്റെ സ്പര്‍ശം നിങ്ങള്‍ക്ക് അനുഭവപ്പെട്ടിരുന്നോ ? ഇന്നത്തെ ഇളംകാറ്റില്‍ അങ്ങകലെ നിന്നും ഒഴുകിയൊഴുകി വരുന്നൊരു കളമുരളീരവം കേട്ടിരുന്നോ ?ഇന്നത്തെ വെയിലിനു പോലും ഏഴുസ്വരങ്ങളുടെ പൊന്‍തിളക്കം ഉണ്ടാവാന്‍ എന്തേ കാരണം?കൃത്യം അമ്പത്തിമൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ദിവസമായിരുന്നു തിരുവനന്തപുരത്തെ കരമനയെന്ന കൊച്ചു ഗ്രാമത്തില്‍ സ്വരകന്യകമാരുടെ അനുഗ്രഹാശിസ്സുകളോടെ, സംഗീതദേവതയുടെ അനുഗ്രഹവര്‍ഷത്തോടെ കെ.എസ് ചിത്രയെന്ന മലയാളികളുടെ വാനമ്പാടിയുടെ ജനനം.. ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം ആരാണ് ചിത്ര?വാക്കുകള്‍ കൊണ്ട് എഴുതാന്‍ കഴിയുന്നതിനപ്പുറമുള്ള സംഗീതത്തിന്റെ അമൃതധാര..മലയാളികളുടെ സംഗീതസങ്കല്‍പ്പത്തിന്റെ പരിപൂര്‍ണ്ണതയാണ് ഈ ഗായിക ..നമ്മുടെയൊക്കെ ആത്മാവില്‍ സ്നേഹമായ്,പ്രണയമായ്,വാത്സല്യമായ്,വിരഹമായ് ചിത്രയുടെ സ്വരം പല ഭാവങ്ങളില്‍ ഒരു മഴ പോലെ പെയ്തുനിറയാറുണ്ട് എന്നും എപ്പോഴും..കൊച്ചുകുട്ടികള്‍ തൊട്ടു മുതിര്‍ന്നവര്‍ക്ക് വരെ ചിത്ര ചിത്രചേച്ചിയാണ്.പ്രശസ്തിയുടെ നെറുകയില്‍ നില്ക്കുമ്പോഴും ഇത്രയും സാധാരണയായി പെരുമാറാനും നിറപുഞ്ചിരിയോടെ സ്നേഹം തുളുമ്പുന്നൊരു നിറകുടമായി നില്ക്കാനും ഈ ചിത്രചേച്ചിക്ക് മാത്രമല്ലേ കഴിയൂ..ഓരോ മലയാളിക്കും ചിത്രയെന്നാല്‍ സ്വന്തം സഹോദരിയാണ്.സ്നേഹത്തിന്റെ ഭൂമികയിലലിഞ്ഞു ചേര്‍ന്ന വിനയത്തിന്റെ രാഗപൗര്‍ണമിയാണ് ഈ ഗായിക.ഒരാള്‍ക്ക് ഇത്രമേല്‍ എങ്ങനെയാണ് വിനയന്വീതയായി പെരുമാറാന്‍ കഴിയുക?പ്രതിഭ കൊണ്ടും വിനയം കൊണ്ടും നമ്മുടെ മനസ്സില്‍ ഇരിപ്പിടമുറപ്പിച്ച അപൂര്‍വ്വം പേരില്‍ പ്രധാനിയാണ് നമ്മുടെയെല്ലാം ചിത്രചേച്ചി ..ചിത്രയെന്നത് മലയാളിയുടെ സ്വകാര്യ അഹങ്കാരമാകുമ്പോള്‍ അവരെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നത് ഇന്ത്യയൊട്ടുക്കാണ്.കേരളത്തിനു ചിത്രചേച്ചി വാനമ്പാടിയകുമ്പോള്‍ തമിഴര്‍ക്കു ചിന്നക്കുയിലാണ്. തെലുങ്കര്‍ക്കോ സംഗീതസരസ്വതിയാണ് ചിത്രചേച്ചി..കന്നടര്‍ക്ക് കന്നഡ കോകിലയും മുംബൈക്കാര്‍ക്ക് പിയ ബസന്തിയും …അതാണ് അതിരുകളില്ലാത്ത സംഗീതത്തിന്റെ ശക്തി ..
ഇന്ന് പിറന്നാള്‍ ദിനത്തില്‍ ചിത്രചേച്ചിക്കായി നമുക്ക് നല്കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം അവരുടെ സ്വരരാഗജതികളിലൂടെ നമ്മുടെ മനസ്സില്‍ അനശ്വരമായി തീര്‍ന്ന ആയിരക്കണക്കിന് ഗാനങ്ങളില്‍ നിന്നും ചില ഗാനങ്ങള്‍ കോര്‍ത്തെടുത്തു കൊണ്ട് ഒരു രാഗമാലിക കോര്‍ത്തുണ്ടാക്കുക എന്നത് മാത്രമാണ്.സംഗീതത്തിനു അതിര്‍വരമ്പുകള്‍ ഇല്ലായെന്നും സംഗീതത്തിന്റെ ഭാഷ ഒന്നുമാത്രമാണെന്നും നമ്മെ പഠിപ്പിച്ച ഈ ഗായികയ്ക്കായി സമര്‍പ്പിക്കാം ഈ ഗാനോപഹാരം..കുമ്മാട്ടിയെന്ന ചിത്രത്തിലെ കോറസിലും അട്ടഹാസമെന്ന ചിത്രത്തിലെ ചെല്ലം ചെല്ലമെന്ന ഗാനത്തിലൂടെയും മലയാളസംഗീതലോകത്തില്‍ കാലെടുത്തുവെച്ച ഈ ഗായികയെ നമ്മള്‍ ആദ്യമായി കേട്ടത് ഞാന്‍ ഏകനായിരുന്നുവെന്ന ചിത്രത്തിലൂടെയായിരുന്നു.. ആ ഗാനത്തിലെ നായികയോട് പ്രണയവസന്തം തളിരിടുമ്പോള്‍ പ്രിയസഖിയെന്തേ മൌനമെന്നു നായകന്‍ ചോദിച്ചുവെങ്കിലും സംഗീതവസന്തം തളിരിടുമ്പോള്‍ മൗനമായിട്ടിരിക്കാന്‍ അതിലെ ഗായികയ്ക്ക് കഴിഞ്ഞില്ലെന്നത് ചരിത്രം ..പൂനിലാവിന്‍ പരിലാളനത്താല്‍ നൊമ്പരങ്ങള്‍ മാറുമോയെന്നു രജനിയോട് ചോദിക്കുന്ന ചിത്രയെ പിന്നീടു സ്നേഹിച്ചത് രജനിമാത്രമല്ല .പകലുകളും കൂടിയായിരുന്നു..
എന്റെ മാമ്മാട്ടുക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയ്ക്കൊപ്പം മലയാളികള്‍ നെഞ്ചിലേറ്റിയ രണ്ടുപേര്‍ ആയിരുന്നു ബേബി ശാലിനിയും ഗായിക ചിത്രയും . ആളൊരുങ്ങി അരങ്ങൊരുങ്ങി ആയിരം തേരൊരുങ്ങിയെന്ന പാട്ടും അതിലെ ദൃശ്യങ്ങളും ജനലക്ഷങ്ങള്‍ ഹൃദയത്തില്‍ തലോലിച്ചപ്പോള്‍ ആ ശബ്ദത്തിന്റെ ഉടമയേയും മലയാളികള്‍ ആര്‍പ്പും കുരവയുമിട്ട് സ്വീകരിക്കുകയായിരുന്നു.അത്തപ്പൂവും നുള്ളി തൃത്താപ്പൂവും നുള്ളി പുന്നാരം ചൊല്ലി ചൊല്ലി ഈ ഗായിക മെല്ലെ മെല്ലെ മലയാളി മനസ്സിനെ കീഴടക്കി.. ജെറി അമല്‍ദേവിന്റെ മഞ്ഞുപോലുള്ള ഈണങ്ങളില്‍ ആലാപനത്തിന്റെ മാസ്മരികത കൊണ്ട് ഈ ഗായിക സൃഷ്ടിച്ചത് സ്വരരാഗപ്പെയ്ത്തായിരുന്നു..ആയിരം കണ്ണുമായി നോക്കെത്താദൂരത്തോളം കണ്ണുംനട്ട് കാത്തിരുന്ന റാഹേലിനെ മറക്കാന്‍ മലയാളികള്‍ക്ക് ഇന്നും കഴിയാത്തത് ചിത്രയുടെ സ്വരമാധുരി കൊണ്ട് കൂടിയാണ് .മഞ്ഞുവീണതും വെയില്‍വന്നു പോയതും അറിഞ്ഞീല്ലായെന്നു ചിത്ര പാടിയപ്പോള്‍ കാത്തിരിപ്പിന്റെ നൊമ്പരം പടര്‍ന്നത് നമ്മള്‍ ഓരോരുത്തരിലും കൂടിയായിരുന്നുവല്ലോ..
രവീന്ദ്രസംഗീതത്തിനു ചിത്ര സ്വരരാഗങ്ങള്‍ കൊണ്ട് അര്‍ച്ചന ചെയ്തപ്പോഴെല്ലാം മലയാളിക്ക് കിട്ടിയത് അപൂര്‍വ്വഗാനങ്ങളുടെ സംഗീതമഴ തന്നെയായിരുന്നു.മഴയെന്ന ചിത്രത്തിലെ വാര്‍മുകിലേ വാനില്‍ നീ വന്നു നിന്നാല്‍ ഓര്‍മ്മകളില്‍ ശ്യാമവര്‍ണ്ണനെന്ന ഗാനം നമ്മുടെ മനസ്സില്‍ ഒരിക്കലും മായാത്ത മാരിവില്ലായി വിരിഞ്ഞുനില്ക്കുന്നു..പ്രണയവിരഹം നിറഞ്ഞ വാനില്‍ പോരുമോ നീ വീണ്ടുമെന്നു ചിത്രചോദിക്കുമ്പോള്‍ പെയ്യതിരിക്കാന്‍ മഴയാകുന്ന പ്രണയത്തിനു കഴിയുമോ?കളഭം തരാം ഭഗവാനെന്‍ മനസ്സും തരാമെന്നു ചിത്ര പാടുമ്പോള്‍ ആ ഭാവസാന്ദ്രസ്വരത്തെ കേള്‍ക്കാതിരിക്കാന്‍ ഭഗവാനാകുമോ ?കാര്‍മുകില്‍വര്‍ണ്ണനെ ക്കുറിച്ച് കരഞ്ഞു പാടുന്ന നന്ദനത്തിലെ ബാലാമണിയെ ഇത്രമേല്‍ അനശ്വരയാക്കിയത് ചിത്രയുടെ സ്വരകല്ലോല്ലിനി തന്നെയാണ്..
ബോംബെ രവിയുടെ ഈണങ്ങള്‍ക്ക് മേല്‍ ചിത്രയുടെ സ്വരം പതഞ്ഞൊഴുകുമ്പോള്‍ ആസ്വാദകമനസ്സില്‍ സംഗീതത്തിന്റെ സ്വരഗംഗാപ്രവാഹമുണ്ടാകുന്നു..ആ രാത്രി മാഞ്ഞു പോയിയെന്നു ചിത്ര പാടിയപ്പോള്‍ മാഞ്ഞു പോകാതെ മനസ്സില്‍ തെളിഞ്ഞുനിന്നു ആ ഗാനം.പിന്നീടു മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി മഞ്ഞള്‍ക്കുറി മുണ്ടും ചുറ്റി മലയാളികളുടെ മനസ്സിന്റെ ശ്രീകോവിലില്‍ മോനിഷയെന്ന പൂത്തുമ്പി കടന്നുവന്നതും ചിത്രയുടെ സ്വരമാധുരിയിലൂടെയാണല്ലോ.കുന്നിമണി ച്ചെപ്പില്‍ നിന്നും ഒരു നുള്ള് കുങ്കുമം ഞാന്‍ തൊട്ടെടുത്തുവെന്നു ചിത്ര പാടുമ്പോള്‍ നാമും അറിയാതെ മനസ്സിന്റെ ചെപ്പില്‍ നിന്നും ഓര്‍മ്മകളുടെ കുങ്കുമം തൊട്ടെടുത്തു പോകുന്നു.ഇന്ദുപുഷ്പം ചൂടി നില്‍ക്കുന്ന രാത്രിയുടെ മനോഹാരിതയും നമ്മള്‍ ഏറെ അറിഞ്ഞത് ചിത്രയിലൂടെയായിരുന്നു .കണ്ണാടി ആദ്യമായെന്‍ ബാഹ്യരൂപം സ്വന്തമാക്കിയെന്നു ചിത്ര പാടിയപ്പോള്‍ ഓരോ പെണ്‍കൊടിയും കണ്ണാടിയെ വല്ലാതെ സ്നേഹിച്ചുപോയി ..
ഒരു കവിതാലാപനത്തിനു ഇത്രമേല്‍ ജീവനില്‍ പടരാന്‍ കഴിയുമെന്ന് നമ്മെ പഠിപ്പിച്ചതും ചിത്രചേച്ചി തന്നെ ..എം ജി രാധാകൃഷ്ണനെന്ന സംഗീതചക്രവര്‍ത്തിയുടെ ശിക്ഷണത്തില്‍ വളര്‍ന്നുവന്ന ചിത്രയൊരു സംഗീതപൂമരമായി പൂത്തു വിടര്‍ന്നു പരിലസിച്ചതില്‍ അത്ഭുതപ്പെടാനില്ല .മണിച്ചിത്രത്താഴിലെ വരുവാനില്ലാരുമീ വിജനമാം വീഥിയെന്ന സുന്ദരകാവ്യം ഓരോ മലയാളിയുടെയും ആത്മാവിലാണ് കാവ്യനര്‍ത്തനമാടിയത്.വരാനില്ലാത്ത ആരോ ഒരാള്‍ക്ക് വേണ്ടിയുള്ള ആ കാത്തിരിപ്പ് നമ്മുടെയെല്ലാം ആത്മാവിലും ഉണ്ടെന്നു നമുക്ക് മനസ്സിലാക്കി തന്നതും ഈ ഗായിക തന്നെ.. കാറ്റേ നീ വീശരുതിപ്പോള്‍ കാറെ നീ പെയ്യരുതിപ്പോള്‍ ആരോമല്‍ തോണിയില്ലെന്റെ ജീവന്റെ ജീവനിരിപ്പൂവെന്ന് ചിത്ര പാടുമ്പോള്‍ വീശാനും പെയ്യാനും കാറ്റിനും കാറിനും കഴിയുമോ ?
ചിത്രയെന്ന പൂത്താലത്തിന്റെ വലം കയ്യില്‍ വാസന്തത്തിന്റെ സംഗീതമഴ പെയ്യിക്കാന്‍ ജോണ്‍സണ്‍മാഷിനു ഒരുപാട് വട്ടം കഴിഞ്ഞിട്ടുണ്ട്.കണ്ണാടി ക്കയ്യില്‍ കല്യാണം കണ്ടോയെന്നു കാക്കാത്തി ക്കിളിയോടു ചോദിക്കുന്ന ചിത്ര പഞ്ചവര്‍ണ്ണപ്പൈങ്കിളിപ്പെണ്ണിനോട് പ്രിയനായി ദൂത് പോകാന്‍ ആവശ്യപ്പെടുന്നു ..തങ്കത്തോണി ,തെന്മലയോരം കണ്ടേ പാലക്കൊമ്പില്‍ പാല്‍ക്കാവടിയും കണ്ടേയെന്നു ചിത്ര പാടിയപ്പോള്‍ നമ്മുടെ മനസ്സില്‍ പീലി നീര്‍ത്തിയാടിയത് മഴവില്‍ക്കാവടിയായിരുന്നു..പാലപൂവിനോട് മംഗല്യതാലി ചോദിക്കുന്ന ചിത്ര മകരനിലാവിനോട് ചോദിക്കുന്നതാവട്ടെ നീഹാരക്കോടിയും..
ഇരുപത്തയ്യായിരത്തിലേറെ ഗാനങ്ങള്‍ പല ഭാഷകളില്‍ പാടിയ ചിത്രചേച്ചിയെന്ന ഈ വാനമ്പാടിയുടെ ഗാനശേഖരത്തില്‍ നിന്നും മലയാളികള്‍ നെഞ്ചിലേറ്റിയ എണ്ണമറ്റ ഗാനങ്ങളില്‍ നിന്നും ഏതാനും മലരുകള്‍ കോര്‍ത്തിണക്കിയതാണ് ഈ ഗാനോപഹാരം..ഒവ്വൊരു പൂക്കളുമേ സൊല്‍ക്കിരുതേയെന്നു ചിത്ര തമിഴില്‍ പാടിയപ്പോള്‍ ആ ഗാനം ഹൃദയസ്പര്‍ശിയായി തൊട്ടുതലോടിയത് നമ്മള്‍ മലയാളികളെയും കൂടിയായിരുന്നു..മിന്നാമിനുങ്ങികള്‍ പോലെ അല്പായുസ്സു മാത്രമുള്ളതാണ് പല സിനിമാഗാനങ്ങളും .എന്നാല്‍ മറവിയുടെ ഇരുളില്‍ മറഞ്ഞുപോകാതെ തെളിമയോടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു ചിത്രയെന്ന വാനമ്പാടി പാടിയ ഓരോ ഗാനവും ..ഓര്‍മ്മയ്ക്കായി എന്ന ഈസ്റ്റ് കോസ്റ്റ് ആല്‍ബം ജനഹൃദയങ്ങളില്‍ സംഗീതമഴ പെയ്യിച്ചപ്പോള്‍ ഈ അതുല്യഗായികയുടെ സ്വരമാധുരിയില്‍ വിരിഞ്ഞ ഓര്‍മ്മയ്ക്കായി ഇനിയൊരു സ്നേഹഗീതമെന്ന ഗാനത്തിന്റെ ഈരടികള്‍ ഓരോ മലയാളികളുടെ ചുണ്ടില്‍ ഇന്നും തത്തികളിക്കുന്നു ..ഇന്ന് ഈ പിറന്നാള്‍ ദിനത്തിലും എന്റെ പ്രിയഗായികയ്ക്കായി ഞാന്‍ സമര്‍പ്പിക്കുന്നതും ഈ പിറന്നാള്‍ ദിനത്തിന്റെ ഓര്‍മ്മയ്ക്കായി കുറെ സ്നേഹഗീതങ്ങള്‍ ..ആദ്യമായി എന്റെ ആത്മാവ് പാടുന്നോരാത്മഗീതങ്ങള്‍ …നിനക്കായി കരുതിയോരിഷ്ടഗീതങ്ങള്‍ …എന്റെ പ്രാണനില്‍ പിടയുന്ന വര്‍ണ്ണഗീതങ്ങള്‍ കോര്‍ത്തുണ്ടാക്കിയ രാഗസാന്ദ്രമായ ഹൃദയോപഹാരം…ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കാണാന്‍ കഴിയുന്ന സംഗീതസാന്ദ്രമായ ഒരു കല്ലോല്ലിനിയായി ഒഴുകട്ടെ എന്റെയും നിങ്ങളുടെയും സ്വന്തം ചിത്രചേച്ചി….
Post Your Comments