GeneralNEWS

ചിത്ര …. !!! ഇന്ത്യയുടെ ഈ വാനമ്പാടിക്ക് സ്നേഹപൂര്‍വ്വം……

മലയാളത്തിന്റെ , അല്ല ഭാരതത്തിന്റെ ഈ ചൈത്രപൂർണ്ണിമയെ വിശേഷിപ്പിക്കാൻ നമുക്ക് വാക്കുകൾ തികയാതെ വരും. 1963 ജൂലായ്‌ 27 ന് വിടർന്ന ഈ പൊൻവസന്തം സ്വരമാധുരിയുടെ തേൻനിലാവ് പൊഴിക്കുന്നത് കാണുകയും കേൾക്കുകയും ചെയ്യുന്നത് സംഗീതത്തെ സ്നേഹിക്കുന്നവരുടെ സുകൃതം. ചിത്ര എന്ന മഹാഗായികയുടെ ജനനം മുതൽ ഇങ്ങോട്ടുള്ള കാര്യങ്ങൾ ഒരുവിധം എല്ലാവർക്കും ഹൃദിസ്ഥമാണ്. അത്രമേൽ എല്ലാവരും ചിത്രയെ സ്നേഹിക്കുന്നു.

മാധുര്യമേറുന്ന ശബ്ദവും അക്ഷരങ്ങൾ ഉച്ചരിക്കുമ്പോഴുള്ള കൃത്യതയും ഏതു ശ്രുതിയിലും ഒട്ടും പിഴക്കാതെ പാടാനുള്ള കഴിവും ഭാഷയുടെ തടസ്സങ്ങളില്ലാതെ കൃതികളോ ഗാനങ്ങളോ വളരെ പെട്ടെന്ന് പഠിച്ചെടുക്കാനുള്ള കഴിവും ഒരു ഗാനത്തിന് വേണ്ടുന്ന ഭാവതീവ്രതയിൽ അവതരിപ്പിക്കാനുള്ള കഴിവുമെല്ലാം ഒരു ഗായകനിൽ അല്ലെങ്കില്‍ ഗായികയിൽ ഒത്തിണങ്ങുക എന്നത് ഒരുപക്ഷെ നൂറ്റാണ്ടിൽ പോലും അപൂർവ്വമായി സംഭവിക്കുന്ന ഒന്നാണ്. ഈശ്വരകടാക്ഷം കൊണ്ട് ചിത്ര എന്ന ഗായികയിൽ ഇതെല്ലാം പൂർണ്ണതയോടെ വന്നു ചേർന്നു. എന്നാൽ ചിത്ര എന്ന അത്ഭുതഗായിക ഒരു മഹാഗായിക ആകുന്നതു ഇതുകൊണ്ട് മാത്രമല്ല. വിനയവും സ്വഭാവശുദ്ധിയും ഭക്തിയും ആത്മാർഥതയും ഇവരുടെ സംഗീതത്തോടൊപ്പം ചേരുന്നത് കൊണ്ട് കൂടിയാണ്. സംഗീതരംഗത്തെ പലരും ‘ലേഡി യേശുദാസ്’ എന്ന് ചിത്രയെ വിശേഷിപ്പിക്കാറുണ്ട്.

അനേക ഫലങ്ങളുള്ള വൃക്ഷശിഖരം എല്ലായ്പ്പോഴും താഴ്ന്നു തന്നെയേ നിൽക്കൂ എന്നൊരു പഴമൊഴിയുണ്ട്. അതുപോലെയാണ് ചിത്രയുടെ കാര്യവും. ഗാനചക്രവർത്തിനിയുടെ സിംഹാസനത്തിൽ കയറിയിട്ടും കിരീടത്തിൽ എണ്ണമറ്റ തൂവലുകൾ ചാർത്തിയിട്ടും ഒരു പുഞ്ചിരിയോടെ ഏവരുടെയും മുന്നിൽ വിനയാന്വിതയായി നിൽക്കുന്ന ചിത്രയെ മാത്രമേ നമുക്കിന്നും കാണാനാകൂ.

പ്രായഭേദമെന്യേ നമ്മൾ ചിത്രയെ സ്നേഹിക്കുന്നു. ചിത്ര പലർക്കും ചിത്രാമ്മയാണ് , ചിത്ര ചേച്ചിയാണ് , മകളാണ് , ദൈവമാണ് , മാലാഖയാണ് . അതുകൊണ്ടെല്ലാം ചിത്രയുടെ സന്തോഷവും സങ്കടങ്ങളും നമ്മുടെതുമാണ്. എന്നിട്ടും എല്ലാ സൌഭാഗ്യങ്ങളും ചിത്ര ദൈവത്തിന്റെ വരദാനമാണ് , ഏവരുടെയും സ്നേഹമാണ് എന്ന് പറഞ്ഞ് കൈകൂപ്പുന്നു.

മണ്‍മറഞ്ഞുപോയ പല സംഗീതസംവിധായകരുടെയും പ്രിയഗായികയായിരുന്നു ചിത്ര. ഏതു ഗാനവും ഏറ്റവും ധൈര്യത്തോടെ ഏല്‍പ്പിക്കാവുന്ന ഗായിക. മലയാളികളെ സംബധിച്ച് പറയുകയാണെങ്കില്‍ ചിത്ര വന്ന കാലം മുതല്‍ക്കേ മലയാളചലച്ചിത്ര ഗാനരംഗത്ത്‌ വസന്തം തീര്‍ത്ത രവീന്ദ്രന്‍ മാസ്റ്ററുടെയും ഈണങ്ങള്‍ കൊണ്ട് അത്ഭുതങ്ങള്‍ കാട്ടിയ ജോണ്‍സണ്‍ മാസ്റ്ററുടെയും ഗാനങ്ങളിലെ അവിഭാജ്യഘടകമായിരുന്നു ചിത്ര. തമിഴില്‍ ചിത്രക്ക് വരവേല്‍പ്പ് നല്‍കിയത് എന്നത്തേയും ഈണങ്ങളുടെ ചക്രവര്‍ത്തി ഇസൈ മന്നന്‍ ഇളയരാജയാണ്. പിന്നീട് എ. ആര്‍. റഹ്മാന്റെയും ഗായികയായി. ടഫ് എന്ന് തോന്നിക്കുന്ന ഗാനങ്ങള്‍ എന്നും ചിത്രയില്‍ ഭദ്രമായിരുന്നു. അതുകൊണ്ട് തന്നെ സംഗീതസവിധായകര്‍ക്ക് ഇപ്പോഴും പ്രിയങ്കരിയാണ് അവര്‍. ഭാഷകള്‍ കടന്ന് ആ സംഗീതപ്പെരുമ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു.

ചിത്ര എന്ന ഗായികയുടെ നേട്ടങ്ങള്‍ വര്‍ണ്ണിക്കുന്നതിലോ എണ്ണിപ്പറയുന്നതിലോ വലിയ അര്‍ത്ഥമില്ല. കാരണം അതൊരായിരം ആവര്‍ത്തി പറഞ്ഞുകഴിഞ്ഞു. ചെറുപ്പം മുതല്‍ ഇന്നേവരെ നേട്ടങ്ങള്‍ മാത്രം കൊയ്യുകയും ഏവര്‍ക്കും സ്നേഹവും പുഞ്ചിരിയും നന്ദിയും സമ്മാനിക്കുന്ന ചിത്രയെ മിസ്സിസ്. പെര്‍ഫക്റ്റ് എന്ന് പലരും പറയാറുണ്ട്‌. ഒന്നോ രണ്ടോ പാട്ട് ഹിറ്റ്‌ ആകുമ്പോഴേക്കും താന്‍ എവിടെയൊക്കെയോ എത്തിച്ചേര്‍ന്നു എന്ന് സ്വയം വിചാരിക്കുന്ന ഏതു ഗായികമാര്‍ക്കും ചിത്രയെ മാതൃകയാക്കാവുന്നതാണ്. ജീവിതത്തില്‍ ഒരു ദുരന്തം സംഭവിച്ചിട്ടും അതിനെ തന്റെ ജീവവായുവായ സംഗീതത്തിലൂടെ മറികടന്ന ധൈര്യവതിയായ ഒരു സ്ത്രീ കൂടിയാണ് ചിത്ര.

ചിത്രയുടെ ഓരോ ജന്മദിനവും ആരാധകര്‍ക്ക് ആഘോഷം തന്നെയാണ്. ചിത്രയോടുള്ള നമ്മുടെ സ്നേഹത്തിന്റെ പ്രതിഫലനമാണ് അതെല്ലാം. ഇനിയും സ്വരശുദ്ധിയോടെ മാധുരിയോടെ ചിത്രക്ക് പാടാനും അത് നമുക്ക് ആസ്വദിക്കാനും ഭാഗ്യമുണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് പ്രിയ വാനമ്പാടിക്ക് ജന്മദിനാശംകള്‍ നേരാം……

shortlink

Related Articles

Post Your Comments


Back to top button