കബാലി തരംഗം ഇന്ത്യയിലും വിദേശത്തും പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കെ ഒരു രജനീകാന്ത് ആരാധകന് തന്റെ ആരാധനാമൂര്‍ത്തി പല സിനിമകളിലും ചെയ്യുന്ന കാര്യം യഥാര്‍ത്ഥ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി ഏവരുടേയും പ്രശംസ പിടിച്ചു പറ്റുന്നു. വസന്ത് പോള്‍ എന്ന രജനി ആരാധകനാണ് ഒരു കൂട്ടബലാത്സംഗ ശ്രമം തടഞ്ഞ് വനിതയെ രക്ഷിച്ചത്. കബാലിയുടെ ആദ്യദിവസത്തെ ഫസ്റ്റ്ഷോ കണ്ടശേഷം വീട്ടിലേക്ക് മടങ്ങവെയാണ് വസന്ത് പോള്‍ ഈ ധീരകൃത്യം നിര്‍വഹിച്ചത്.
കബാലി കണ്ടശേഷം കാറില്‍ മടങ്ങുകയായിരുന്ന വസന്ത് എയര്‍പോര്‍ട്ട് റോഡിലെ ട്രാഫിക് തടസ്സം കാരണം തിരക്കുകുറഞ്ഞ ഇടറോഡിലൂടെ കയറി അളണ്ടൂര് ഭാഗത്തെത്തിയപ്പോള്‍ ഒറ്റപ്പെട്ട ഒരു പ്രദേശത്ത് നിന്ന് ഒരു സ്ത്രീയുടെ കരച്ചില് കേള്‍ക്കുകയായിരുന്നു. അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഏതോ മൃഗത്തിന്റെ കരച്ചിലായിരിക്കും എന്ന് കരുതി ആദ്യം അവഗണിച്ചെങ്കിലും, കരച്ചില് ഉച്ചത്തിലായതോടെ സഹായത്തിനു വേണ്ടി വിളിക്കുന്ന സ്ത്രീയുടെ ശബ്ദമാണെന്ന് മനസിലായ വസന്ത് കാറില്‍ നിന്നറങ്ങി കരച്ചില്‍കേട്ട സ്ഥലത്തേക്ക് അതിലേ പൊയ്ക്കൊണ്ടിരുന്ന ആളുകളുടെ ശ്രദ്ധ ക്ഷണിക്കുമാറ് ശബ്ദമുണ്ടാക്കിക്കൊണ്ട് ഓടിച്ചെന്നു.
ഓടിച്ചെന്ന വസന്ത് കണ്ടകാഴ്ച മൂന്ന് ആളുകള്‍ ചേര്‍ന്ന് ഒരു വനിതയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നതായിരുന്നു. വസന്തിനെക്കണ്ടയുടന് മൂന്നുപേരും അയാളെ ആക്രമിക്കാന്‍ തുടങ്ങി. ഒരാള്‍ വസന്തിനെ പിന്നില്‍ നിന്നും പിടിച്ചുനിര്‍ത്തിയപ്പോള്‍ മറ്റൊരാള്‍ ചണച്ചരട് കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു. അപ്പോഴേക്കും വസന്തിന്റെ ശബ്ദംകേട്ട് അവിടേക്കെത്തിയ ഒരു ഓട്ടോ ഡ്രൈവര്‍ പ്രശ്നത്തില്‍ ഇടപെട്ടു. ഓട്ടോറിക്ഷാ ഡ്രൈവര്‍ മൂന്ന് അക്രമികളേയും ശരിക്ക് കൈകാര്യം ചെയ്തു. ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ അവര്‍ ഓടിരക്ഷപ്പെട്ടു. ഈ ബഹളത്തിനിടയില്‍ ബലാത്സംഗശ്രമത്തിനിരയായ സ്ത്രീയും ഓടി രക്ഷപെട്ടിരുന്നു.
ഇപ്പോള്‍ വസന്തും കൂട്ടുകാരും ചേര്‍ന്ന് ഈ മൂന്ന് അക്രമികളേയും കണ്ടെത്താനുള്ള ശ്രമത്തിലാണ്.
Post Your Comments