രശ്മി രാധാകൃഷ്ണന്
സ്വാഭാവിക നര്‍മ്മത്തിന്റെ ഉസ്താദാണ് കൃഷ്ണ ശങ്കര്‍. ഇതുവരെ അഞ്ചു ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളസിനിമാപ്രേക്ഷകര്‍ക്ക് ഏറെ പരിചിതമാണ് ഈ മുഖം.പ്രേമത്തിലെ കോയയും നേരത്തിലെ മാണിക്കും കൃഷ്ണയുടെ പ്രതിഭ തെളിയിച്ച കഥാപാത്രങ്ങളാണ്.ഓഗസ്തില്‍ റിലീസാകുന്ന മരുഭൂയിലെ ആന എന്ന വി കെ പ്രകാശ് ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് കൃഷ്ണ..
വളരെ ഹ്യൂമറസ് ആയിട്ടുള്ള ഒരു ചിത്രമാണ് മരുഭൂമിയിലെ ആന.എന്റെ കഥാപാത്രത്തിന്റെ പേര് സുകു എന്നാണ്.ചില സാമ്പത്തികപ്രശ്നങ്ങള്‍ക്ക് പരിഹാരമായി സുകു ദോഹയ്ക്ക് പോകുന്നു.വരുന്ന വഴിയ്ക്ക് എയര്‍ പോര്‍ട്ടില്‍ വച്ച് സുകുവിന്റെ കൂടെ ഒരു അറബി കൂടുന്നു.തുടര്‍ന്ന് അറബിയുമായി സുകു നാട്ടിലെത്തുന്നതും ഗ്രാമത്തിലുണ്ടാകുന്ന തമാശ നിറഞ്ഞ സംഭവവികാസങ്ങളുമൊക്കെയാണ് ഈ സിനിമയില്‍ വരുന്നത്.
വി കെ പി ചിത്രം
വളരെ നന്നായി എടുത്തിരിയ്ക്കുന്ന രസകരമായ കഥയാണ് മരുഭൂമിയിലെ ആന.വി കെ പിയുടെ ക്ലാസ്സിക് ഫ്രെയിംസ്..തമാശയ്ക്കായി തമാശയുണ്ടാക്കിയിട്ടില്ല.സ്വാഭാവികമായി ബീഹെവ് ചെയ്യാനുള്ള സിറ്റുവേഷന്‍സ് ഒരുപാടുണ്ട്.നല്ല രസമുള്ള ഒരു സിനിമയായിരിക്കും.ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ തന്നെ നല്ല പ്രതികരണമാണ് ലഭിയ്ക്കുന്നത്.ഒരു ടോട്ടല്‍ ഹ്യൂമര്‍ സിനിമ.വി കെ പിയുടെ ക്രാഫ്റ്റ് സിനിമയെ ഉഗ്രനാക്കിയിട്ടുണ്ട്.
സിനിമാമോഹം
അഭിനയമായിരുന്നു ആഗ്രഹം.പക്ഷെ എങ്ങനെ സിനിമയിലേയ്ക്ക് എന്നറിയില്ലായിരുന്നു.മാറമ്പള്ളി എം ഇ എസില്‍ ഡിഗ്രിയ്ക്ക് പഠിയ്ക്കുമ്പോള്‍ അല്‍ഫോന്‍സ് പുത്രന് സീനിയര്‍ ആയിരുന്നു.പുത്രന് പിന്നീട് എഡിറ്റിംഗ് പഠിയ്ക്കാന്‍ പോയി.അഭിനയിയ്ക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സിനിമയില്‍ വേറെ ബന്ധങ്ങള്‍ ഉണ്ടായിരുന്നില്ല.
സിനിമയില്‍ കേറണം എന്ന ആഗ്രഹം കൊണ്ട് മനോജ് പിള്ളയുടെ അസ്സിസ്ററന്റ്റ് കാമാറാമന്‍ ആയി.എട്ടു സിനിമയില്‍ വര്‍ക്ക് ചെയ്തു.ബാവൂട്ടിയുടെ നാമത്തില്‍ ,റെഡ് വൈന്‍ അങ്ങനെ സലാം കാശ്മീര്‍ വരെ ചെയ്തു. ആ സമയത്ത് ആണ് നേരം വരുന്നത്.അതോടെ എന്റെ നേരവും തെളിഞ്ഞു.പിന്നെ ലോ പോയിന്റില്‍ .. സത്യം പറഞ്ഞാല്‍ അഭിനയത്തിലേയ്ക്ക് എത്താന്‍ അസിസ്റ്റന്റ് ആയി എന്നുപറയാം.
സൗഹൃദം
നേരവും പ്രേമവുമെല്ലാം സൌഹൃദത്തിന്റെ കഥകളാണ്.ചെയ്തതും സുഹൃത്തുക്കളാണ്.അതുകൊണ്ട് തന്നെ അഭിനയിയ്ക്കുകയാണ് എന്നൊന്നും തോന്നിയില്ല.ജീവിതത്തിലാണെങ്കിലും സിനിമയിലാണെങ്കിലും ഭയങ്കര എനര്‍ജിയാണ് സൌഹൃദങ്ങള്‍ നല്‍കുന്നത്.
ഗോപൂസ് കൂള്‍ബാറില്‍ വച്ചാണ് ഞാന്‍ ആദ്യമായി നിവിനെ കാണുന്നത്.അല്‍ഫോണ്‍സിനെ നേരത്തെ അറിയാമായിരുന്നു.അന്ന് തുടങ്ങിയ സൗഹൃദം ഇപ്പോഴും തുടരുന്നു.
വേഷങ്ങളില്‍ വ്യത്യസ്തത കൊണ്ടുവരുന്നത് എങ്ങനെ?
അത്രേമൊന്നും ആയിട്ടില്ല.അഞ്ചുപടമേ ആകെ ചെയ്തിട്ടുള്ളൂ..പിന്നെ വ്യത്യസ്തതഎന്ന് പറയുന്നത് കിട്ടുന്ന കഥാപാത്രങ്ങള്‍ പോലെയിരിയ്ക്കും.പ്രേമത്തിലെ കോയ ജോര്‍ജ്ജിന്റെ ഫ്രണ്ടാണ്.ഞാന്‍ ഞാനായിട്ട് തന്നെയങ്ങ് ബീഹേവ് ചെയ്താല്‍ മതിയായിരുന്നു.പക്ഷെ വള്ളീം തെറ്റി പുള്ളീം തെറ്റി വന്നപ്പോള്‍ കുറച്ചു മാറ്റം വരുത്തേണ്ടി വന്നു.ബോംബെയില്‍ നിന്ന് നാട്ടിന് പുറത്ത് എത്തുന്ന ഒരാള്‍ ആണ്.അതുകൊണ്ട് കുറച്ച് ഒതുക്കത്തിലാണ് അത് ചെയ്തത്. വ്യത്യസ്തത തീരുമാനിയ്ക്കുന്നത് കഥാപാത്രങ്ങളാണ്.കഥ കേള്‍ക്കും.കഥാപാത്രത്തെ ഉള്‍ക്കൊള്ളും.
മരുഭൂമിയിലെ ആനയില്‍ ബിജു മേനോനൊടൊപ്പം
ഭയങ്കര രസമാണ് ബിജുവേട്ടനോടൊപ്പം.സ്വന്തം ചേട്ടന് ആയിട്ടൊക്കെ കാണാവുന്ന ഒരാള്‍.ഇത്രയും എക്സ്പീരിയന്‍സുള്ള ആളാണല്ലോ.നമുക്ക് ചില ടിപ്സ് ഒക്കെ പറഞ്ഞുതരും.അച്ചടി ഭാഷയില്‍ സംസാരിച്ചോളൂ ഡബ്ബ് ചെയ്യാന്‍ എളുപ്പമാകും എന്നൊക്കെ.അതുപോലെ തന്നെ യാതൊരു ജാടയുമില്ലാതെ സിടുവേഷന്സ് ഒക്കെ ഡിസ്കസ് ചെയ്യും.നമുക്ക് അങ്ങനെ ചെയ്യാം അങ്ങനെ പറയാം എന്നൊക്കെ.
എന്തായാലും നല്ല രസമുള്ള ഒരു സിനിമയായിരിയ്ക്കും മരുഭൂമിയിലെ ആന .
കുടുംബം
ആലുവയാണ് സ്വദേശം.അച്ഛനും ചേട്ടനുമൊക്കെ ദുബായിലാണ്.വീട്ടില്‍ അമ്മയും ഭാര്യയും മോനും ഉണ്ട്.
Post Your Comments