ദൈവത്തിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്കും കൊലപാതത്തിനും എതിരെ മോഹന്‍ലാലിന്റെ ബ്ലോഗ്. ദൈവത്തിന് ഒരു കത്ത്-മരണം ഒരു കല എന്ന തലക്കെട്ടിലാണ് മോഹന്‍ലാലിന്റെ ബ്ലോഗ് പോസ്റ്റ്.
ബ്ലോഗിന്റെ പൂർണ്ണരൂപം :
ദൈവത്തിന് ഒരു കത്ത്
മരണം എന്ന കല
പ്രിയപ്പെട്ട ദൈവമേ,
ഒരുപാടു നാളായി ഒരു കത്തെഴുതിയിട്ട്, അല്ലെങ്കിലും എഴുതണം എന്നു തോന്നുമ്പോൾ എഴുതുക എന്നതാണ് എപ്പോഴും നല്ലത്. എഴുതണം എന്നു തോന്നുമ്പോഴല്ല, എഴുതാതിരിക്കാനാവില്ല എന്ന് തോന്നുമ്പോഴാണ് എഴുതേണ്ടത് എന്നാണ് വലിയ എഴുത്തുകാർ പറയുന്നത്. ഈ കത്തും എഴുതാതിരിക്കാൻ പറ്റില്ല എന്ന അവസ്ഥയിലാണ്. എനിക്കു വേണ്ടി മാത്രമല്ല, എന്നെപ്പോലെ ചിന്തിക്കുന്ന ഒരുപാട് പേർക്കും വേണ്ടി കൂടിയാണ് ഞാനിതെഴുതുന്നത്.
ഞങ്ങൾ മനുഷ്യർക്ക് ചുറ്റും ഇപ്പോൾ മരണത്തിന്റെ വിളയാട്ടമാണ്. എങ്ങിനെയൊക്കെയാണ് മനുഷ്യൻ മരിക്കുന്നത്. കൊതുകു കടി മുതൽ കുഴി ബോംബും ചാവേർ ബോംബും പൊട്ടിവരെ. ഞാനിപ്പോൾ കോഴിക്കോട് നഗരത്തിലാണ്. ഇവിടെയെത്തിയപ്പോഴാണ് അറിഞ്ഞത്, കഴിഞ്ഞമാസം ഇവിടെ ഒരു മനുഷ്യൻ മരിച്ചത് തുറന്നുവച്ച ഓടയിൽ വീണാണ് എന്ന്. കൊതുകു കടിച്ചും മലിനജലം കുടിച്ചും പലവിധ പനികൾ വന്നും ഒരുപാട് പേർ ഞങ്ങളുടെ നാട്ടിൽ ഇപ്പോൾ മരിക്കുന്നു.
ഇതിനെല്ലാമുപരിയായി ആയിരക്കണക്കിനാളുകൾ കഴിഞ്ഞ മാസങ്ങളിലായി ഭീകരവാദികളാൽ കൊല ചെയ്യപ്പെട്ടു. ബംഗ്ലദേശിൽ, തുർക്കിയിൽ, ബഗ്ദാദിൽ, മദീനയിൽ, ഫ്രാൻസിലെ മനോഹരമായ നീസിൽ, കശ്മീരിൽ… എത്രപേരാണ് മരിച്ചു വീണത്. ഈ ഭൂമിയിൽ അങ്ങ് അവർക്ക് നൽകിയ ആയുസൊടുങ്ങി മരിച്ചു വീണവരല്ല അവരെന്നും എന്നു ഞാൻ വിശ്വസിക്കുന്നു. മറിച്ച് എന്തൊക്കയോ മനോരോഗികൾ മതത്തിന്റെയും അങ്ങയുടെയും പേരു പറഞ്ഞ് അവരെ കൊല്ലുകയായിരുന്നു.
കൊല്ലുന്നതും നിന്റെ മക്കൾ, മരിക്കുന്നതും നിന്റെ മക്കൾ. ഈ മരണക്കൊയ്ത്തിന് നടുവിൽ ഇരുന്നപ്പോൾ മരണം എന്ന ‘മനോഹര കല’യെ എത്രമാത്രം വികലമായാണ് ഞങ്ങൾ മനുഷ്യർ ഇപ്പോൾ നടപ്പാക്കുന്നതെന്ന് ഓർത്തുപോയി ഞാൻ.. അങ്ങ് ഞങ്ങൾക്കു തന്ന ഈ മനോഹര ജീവിതത്തിൽ മരണത്തെക്കുറിച്ച് ഞങ്ങൾ എത്രയോ പഠിച്ചു, അതിനപ്പുറമുള്ള ലോകത്തെക്കുറിച്ച് അന്വേഷിച്ചു! സങ്കൽപ്പിച്ചു… ജീവിതം എന്ന രംഗകലയുടെ അവസാന പദമായാണ് ഞങ്ങളിൽ ബുദ്ധിയുള്ളവർ മരണത്തെ സങ്കൽപ്പിച്ചത്. വേദിയിൽ ആടിതകർത്തതിനു ശേഷം പതുക്കെപ്പതുക്കെ നിശ്ബദമായി ഇരുളിലേക്ക് പിൻവലിഞ്ഞ് അപ്രത്യക്ഷമാകുന്ന അതി ‘മനോഹരമായ കല’
ജീവിതത്തിൽ ചൊല്ലിപഠിക്കേണ്ടതാണ് ‘മൃത്യൂഞ്ജയമന്ത്രം’
‘ഒാം തൃംബകം യജമഹേ
സുഗന്ധിം പുഷ്ടിവർദ്ധനം
ഉർവാരുകമിവ ബന്ധനാത്
മൃത്യോർമുക്ഷീയ മാമൃതാത്’
ഈ മന്ത്രത്തിലെ പ്രധാനഭാഗത്ത് മരണത്തെ ഏറ്റവും മനോഹരമായിട്ടാണ് നിർവ്വഹിച്ചിട്ടുള്ളത്. ഉണങ്ങിയ ഒരു കായ അതിന്റെ ഞെട്ടിൽ നിന്ന് സൗമ്യമായി അടർന്ന് പോവുംപോലെ മരണത്തിലൂടെ അമൃതത്വത്തിലേക്ക്…
രമണ മഹർഷി അദ്ദേഹത്തിന്റെ അമ്മ മരിച്ചപ്പോൾ, മരണത്തെ ‘absord’ എന്നാണ് വിശേഷിപ്പിച്ചത്. ചിദാകാശത്തിലേക്കുള്ള വിലയിക്കൽ… ഇങ്ങിനെ മരണത്തെ അനുഭവിക്കുകയും രുചിക്കുകയും ചെയ്യണമെങ്കിൽ ജീവിതത്തെ സ്നേഹിച്ച്, ബഹുമാനിച്ച്, ആദരിച്ച് അതിന്റെ പൂർണ്ണതയിൽ അറിയണം. എന്നാൽ ഇന്ന് ഞങ്ങൾ അകാലത്തിൽ കൊല ചെയ്യപ്പെടുന്നവരായിരിക്കുന്നു. അകാലത്തിൽ മരിക്കുന്നത് മനസിലാക്കാം എന്നാൽ അകാലത്തിൽ കൊല ചെയ്യപ്പെടുന്നത് എനിക്ക് മനസിലാക്കാൻ സാധിക്കുന്നില്ല. ഭൂമിയിൽ മനോഹരമായി ജീവിതം നയിച്ച് തിരിച്ചുവരും എന്നനുഗ്രഹിച്ച് അങ്ങ് അയക്കുമ്പോൾ എത്രയും വേഗം തിരിച്ചുവരുന്നത് കണ്ട് ദൈവമേ, നീയും അമ്പരക്കുന്നുണ്ടാവാം. കൊന്നുതള്ളാനുള്ള മനുഷ്യന്റെ ഈ ദാഹം നീ സൃഷ്ടിച്ചതല്ല എന്നെനിക്കറിയാം.
എന്നാൽ നിന്റെ പേരുപറഞ്ഞാണ് ഇവർ ഇതെല്ലാം ചെയ്യുന്നത് എന്നതാണ് കഷ്ടം. ദൈവത്തിന് വേണ്ടിയും, മതങ്ങൾക്കു വേണ്ടിയും വിശ്വാസങ്ങൾക്കും വിഭാഗങ്ങൾക്കുവേണ്ടിയും കലഹിച്ച് കൊന്നുടുക്കുക എന്നതാവുമോ ഞങ്ങൾ മനുഷ്യവംശത്തിന്റെ അത്യന്തിക വിധി? മറ്റൊരാളോടും ഇതു ചോദിക്കാനില്ലാത്തതുകൊണ്ടാണ് ഞാൻ അങ്ങയ്ക്ക് എഴുതുന്നത്. ദയവു ചെയ്ത് ദൈവമേ നീ ഈ ചോദ്യങ്ങൾ എന്നോട് തിരിച്ചു ചോദിക്കരുത്. ‘ദൈവം മരിച്ചു’ എന്ന് പണ്ടൊരു തത്വചിന്തകൻ പറഞ്ഞിട്ടുണ്ട്. അങ്ങനെയൊന്ന് സംഭവിച്ചാൽ നിനക്ക് വേണ്ടിയുള്ള, നിന്റെ പേര് പറഞ്ഞുള്ള ഈ കൊലകളും മരണവും അവസാനിക്കുമായിരിക്കും. ഇതു വായിച്ച് ഞാനൊരു ക്രൂരനാണ് എന്ന് അങ്ങ് കരുതരുത്. ചുറ്റിലും നടക്കുന്ന കുരുതികൾ കണ്ട്, മരണ ഭ്രാന്തുകൾ കണ്ട് മനംമടുത്ത് ഒരു നിമിഷം അങ്ങനെയും ഞാൻ ചിന്തിച്ചു പോയി. എനിയ്ക്കിങ്ങനെ എന്തും പറയാനുള്ള ഒരാളായി നീ അവിടെയുണ്ടാവണം. ഞാൻ മരിച്ചടർന്നു പോകും വരെ.
രണ്ടുദിവസം മുൻപ് ഗുരു പൂർണ്ണിമയായിരുന്നു. ആകാശത്ത് പൂർണ ചന്ദ്രൻ, ഭൂമിയിൽ പൂനിലാവ്. അന്നു രാത്രി ഞാനൊരു സ്വപ്നം കണ്ടും. ഒരു ചന്ദ്രബിംബം വളർന്ന് വളർന്ന് പൂർണ്ണ ചന്ദ്രനാവുന്നു. പിന്നീടത് ചെറുതായിച്ചെറുതായി, മങ്ങി മങ്ങി ഇരുളിലേക്ക് പിൻവലിയുന്നു. അതുപോലെ തന്നെയായിരിക്കണം മനുഷ്യന്റെ ജീവിതവും മരണവും. സ്വന്തം ജീവിതംകൊണ്ട് ഈ ഭൂമിയെ ഭംഗിയിൽ കുളിപ്പിച്ചതിനു ശേഷം നിശബ്ദമായ ഒരു മറഞ്ഞുപോകൽ… പ്രിയപ്പെട്ട ദൈവമേ.. അതു നീ ഞങ്ങൾ മനുഷ്യപഠിപ്പിക്കുക. അതിന് പ്രാപ്തരാക്കുക. അപ്പോൾ കൊലയല്ല ‘കലയാണ് മരണം’ എന്ന് പുതിയ കാലം മനസിലാക്കും.
സ്നേഹപൂർവ്വം മോഹൻലാൽ.
Post Your Comments