Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
General

മോഹന്‍ലാല്‍ ദൈവത്തിന് എഴുതുന്ന കത്ത്

 

ഭീകരവാദികള്‍ വിശ്വാസത്തിന്‍റെ പേരില്‍ ചെയ്ത് കൂട്ടുന്ന കൊലകളെക്കുറിച്ചാണ് മോഹന്‍ലാല്‍ ഇത്തവണ തന്‍റെ ബ്ലോഗില്‍ പരാമര്‍ശിക്കുന്നത്. ദൈവത്തിനുള്ള കത്ത് എന്ന രീതിയിലാണ് ബ്ലോഗ്‌ തുടങ്ങുന്നത്. അകാലത്തില്‍ മരിക്കുന്നത് മനസിലാക്കാമെന്നും എന്നാല്‍ അകാലത്തില്‍ കൊല ചെയ്യപ്പെടുന്നത് തനിക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നും മോഹന്‍ലാല്‍ കുറിക്കുന്നു….

മോഹന്‍ലാല്‍ എഴുതിയ ബ്ലോഗ്‌ വായിക്കാം

ദൈവത്തിന് ഒരു കത്ത്
മരണം എന്ന കല
പ്രിയപ്പെട്ട ദൈവമേ,
ഒരുപാടായി ഒരു കത്തെഴുതിയിട്ട്. അല്ലെങ്കിലും എഴുതണം എന്ന് തോന്നുമ്പോള്‍ മാത്രം എഴുതുക എന്നതാണ് എപ്പോഴും നല്ലത്. എഴുതണം എന്ന് തോന്നുമ്പോഴല്ല, എഴുതാതിരിക്കാനാവില്ല എന്ന് തോന്നുമ്പോഴാണ് എഴുതേണ്ടത് എന്നാണ് വലിയ എഴുത്തുകാര്‍ പറയുന്നത്. ഈ കത്തും എഴുതാതിരിക്കാന്‍ പറ്റില്ല എന്ന അവസ്ഥയിലാണ്. എനിക്കുവേണ്ടി മാത്രമല്ല, എന്നെപ്പോലെ ചിന്തിക്കുന്ന ഒരുപാട് പേര്‍ക്കും വേണ്ടിക്കൂടിയാണ് ഞാനിതെഴുതുന്നത്.
ഞങ്ങള്‍ മനുഷ്യര്‍ക്ക് ചുറ്റും ഇപ്പോള്‍ മരണത്തിന്റെ വിളയാട്ടമാണ്. എങ്ങനെയൊക്കെയാണ് മനുഷ്യര്‍ മരിക്കുന്നത്!!! ഒറ്റവാചകത്തില്‍ പറഞ്ഞാല്‍, കൊതുകുകടി മുതല്‍ കുഴിബോംബും ചാവേര്‍ ബോംബും പൊട്ടിവരെ. ഞാനിപ്പോള്‍ കോഴിക്കോട് നഗരത്തിലാണ് ഇവിടെയെത്തിയപ്പോഴാണ് അറിഞ്ഞത് കഴിഞ്ഞമാസം ഇവിടെ ഒരു മനുഷ്യന്‍ മരിച്ചത് തുറന്നുവച്ച ഒടയില്‍ വീണാണ് എന്ന്. കൊതുക് കടിച്ചും മലിനജലം കുടിച്ചും പലവിധ പനികള്‍ വന്നും ഒരുപാട് പേര്‍ ഞങ്ങളുടെ നാട്ടില്‍ ഇപ്പോള്‍ മരിക്കുന്നു. ഇതിനെല്ലാമുപരിയായി ആയിരക്കണക്കിനാളുകള്‍ കഴിഞ്ഞ മാസങ്ങളിലായി ഭീകരവാദികളാല്‍ കൊലചെയ്യപ്പെട്ടു.

ബംഗ്ലാദേശില്‍, തുര്‍ക്കിയില്‍, ബാഗ്ദാദില്‍, മദീനയില്‍, ഫ്രാന്‍സിലെ മനോഹരമായ നീസില്‍, കശ്മീരില്‍.. എത്ര പേരാണ് മരിച്ചുവീണത്! ഈ ഭൂമിയില്‍ അങ്ങ് അവര്‍ക്ക് നല്‍കിയ ആയുസ്സൊടുങ്ങി മരിച്ചുവീണവരല്ല അവരൊന്നും എന്ന് ഞാന്‍ വിശ്വസിക്കുന്നു. മറിച്ച്, ഏതൊക്കെയോ മനോരോഗികള്‍ മതത്തിന്റെയും അങ്ങയുടെയും പേര് പറഞ്ഞ് അവരെ കൊല്ലുകയായിരുന്നു..
കൊല്ലുന്നതും നിന്റെ മക്കള്‍, മരിക്കുന്നതും നിന്റെ മക്കള്‍. ഈ മരണക്കൊയ്ത്തിന് നടുവില്‍ ഇരുന്നപ്പോള്‍ മരണം എന്ന മനോഹര കലയെ എത്രമാത്രം വികലമായാണ് ഞങ്ങള്‍ മനുഷ്യര്‍ ഇപ്പോള്‍ നടപ്പാക്കുന്നതെന്ന് ഓര്‍ത്തുപോയി ഞാന്‍. അങ്ങ് ഞങ്ങള്‍ക്ക് തന്ന ഈ മനോഹര ജീവിതത്തില്‍ മരണത്തെക്കുറിച്ച് ഞങ്ങള്‍ എത്രയോ പഠിച്ചു, അതിനപ്പുറത്തുള്ള ലോകത്തെക്കുറിച്ച് അന്വേഷിച്ചു! സങ്കല്‍പ്പിച്ചു. ജീവിതം എന്ന രംഗകലയുടെ അവസാന പദമായാണ് ഞങ്ങളില്‍ ബുദ്ധിയുള്ളവര്‍ മരണത്തെ സങ്കല്‍പിച്ചത്. വേദിയില്‍ ആടിത്തകര്‍ത്തതിന് ശേഷം പതുക്കെപ്പതുക്കെ നിശബ്ദമായി ഇരുളിലേക്ക് പിന്‍വലിഞ്ഞ് അപ്രത്യക്ഷമാകുന്ന അതി മനോഹര കല..
രമണ മഹര്‍ഷി അദ്ദേഹത്തിന്റെ അമ്മ മരിച്ചപ്പോള്‍, മരണത്തെ ‘absorb’ എന്നാണ് വിശേഷിപ്പിച്ചത്. ചിദാകാശത്തിലേക്കുള്ള വിലയിക്കല്‍. ഇങ്ങനെ മരണത്തെ അനുഭവിക്കുകയും രുചിക്കുകയും ചെയ്യണമെങ്കില്‍ ജീവിതത്തെ സ്‌നേഹിച്ച്, ബഹുമാനിച്ച്, ആദരിച്ച്‌ അതിന്റെ പൂര്‍ണതയില്‍ അറിയണം.
എന്നാല്‍ ഇന്ന് ഞങ്ങള്‍ അകാലത്തില്‍ കൊലചെയ്യപ്പെടുന്നവരായിരിക്കുന്നു. അഖാലത്തില്‍ മരിക്കുന്നത് മനസിലാക്കാം. എന്നാല്‍ അകാലത്തില്‍ കൊലചെയ്യപ്പെടുന്നത് എനിക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ല. ഭൂമിയില്‍ മനോഹരമായി ജീവിതം നയിച്ച് തിരിച്ചുവരും എന്നനുഗ്രഹിച്ച് അങ്ങ് അയയ്ക്കുന്നവര്‍ എക്രയുംവേഗം തിരിച്ചുവരുന്നത് കണ്ട് ദൈവമേ, നീയും അമ്പരക്കുന്നുണ്ടാവാം. എന്താണ് ഈ മരണമാരിക്ക് പ്രത്യൗഷധം എന്ന് എനിക്കറിയില്ല. കൊന്നുതള്ളാനുള്ള മനുഷ്യന്റെ ഈ ദാഹം നീ സൃഷ്ടിച്ചതല്ല എന്ന് എനിക്കറിയാം. എന്നാല്‍ നിന്റെ പേര് പറഞ്ഞാണ് ഇവര്‍ ഇതെല്ലാം ചെയ്യുന്നത് എന്നതാണ് കഷ്ടം. ദൈവത്തിന് വേണ്ടിയും വിശ്വാസങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും വേണ്ടിയും കലഹിച്ച് കൊന്നൊടുങ്ങുക എന്നതാവുമോ ഞങ്ങള്‍ മനുഷ്യവംശത്തിന്റെ ആത്യന്തിക വിധി? മറ്റൊരാളോടും ഇത് ചോദിക്കാനില്ലാത്തതുകൊണ്ടാണ് ഞാന്‍ അങ്ങേയ്ക്ക് എഴുതുന്നത്. ‘ദൈവം മരിച്ചു’ എന്ന് പണ്ടൊരു തത്വചിന്തകന്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെയൊന്ന് സംഭവിച്ചാല്‍ നിനക്ക് വേണ്ടിയുള്ള, നിന്റെ പേര് പറഞ്ഞുള്ള ഈ കൊലകളും മരണവും അവസാനിക്കുമായിരിക്കും. ഇത് വായിച്ച് ഞാനൊരു ക്രൂരനാണെന്ന് അങ്ങ് കരുതരുത്. ചുറ്റിലും നടക്കുന്ന കുരുതികള്‍ കണ്ട്, മരണ ഭ്രാന്തുകള്‍ കണ്ട് മനം കടഞ്ഞ് ഒരു നിമിഷം അങ്ങനെയും ഞാന്‍ ചിന്തിച്ചുപോയി. എനിക്കിങ്ങനെ എന്തും പറയാനുള്ള ഒരാളായി നീ അവിടെയുണ്ടാവണം ഞാന്‍ മരിച്ചടര്‍ന്ന് പോകും വരെ.
സ്വന്തം ജീവിതംകൊണ്ട് ഈ ഭൂമിയെ ഭംഗിയില്‍ കുളിപ്പിച്ച് നിശബ്ദമായി മറഞ്ഞുപോകാന്‍.. പ്രിയപ്പെട്ട ദൈവമേ നീ മനുഷ്യരെ പഠിപ്പിക്കുക. അതിന് പ്രാപ്തരാക്കുക. അപ്പോള്‍ കൊലയല്ല.. ‘കല’യാണ് മരണം എന്ന് പുതിയ കാലം മനസിലാക്കും.

shortlink

Related Articles

Post Your Comments


Back to top button