GeneralNEWS

കസബയിലെ സ്ത്രീവിരുദ്ധരംഗം : നിർമ്മാതാവിനും സംവിധായകനും നടനും വനിതാക്കമ്മിഷന്റെ നോട്ടീസ്

തിരുവനന്തപുരം ● കസബ എന്ന സിനിമയിൽ സ്ത്രീത്വത്തെ അവഹേളിക്കുന്ന രംഗവും സംഭാഷണവും ഉണ്ടെന്നു ചൂണ്ടിക്കാട്ടി സിനിമയുടെ സംവിധായകൻ നിഥിൻ രൺജി പണിക്കർ, നിർമ്മാതാവായ ആലീസ് ജോർജ്ജ്, നടൻ മമ്മൂട്ടി എന്നിവർക്ക് നോട്ടീസ് അയയ്ക്കാൻ കേരള വനിതാക്കമ്മിഷൻ തീരുമാനിച്ചു. സ്ത്രീകളെ മോശമായി ചിത്രീകരിക്കൽ നിരോധനനിയമം നിർവ്വചിക്കുന്നതരം രംഗങ്ങളും സംഭാഷണവും ഒഴിവാക്കാൻ പരിശോധനാവേളയിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഫിലിം സർട്ടിഫിക്കേഷൻ ബോർഡിനു നിർദ്ദേശം നൽകും. ഇത്തരം കാര്യങ്ങൾ ഒഴിവാക്കാൻ പ്രത്യേകശ്രദ്ധ പാലിക്കണമെന്ന് സിനിമാരംഗത്തെ പ്രധാന സംഘടനകളായ മാക്ടയോടും അമ്മയോടും ആവശ്യപ്പെടാനും ഇന്നു ചേർന്ന യോഗം തീരുമാനിച്ചു.

സിനിമയെപ്പറ്റി പൊതുവിലും മാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും വ്യാപകമായി ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ അവ പരിശോധിച്ചും കമ്മിഷനെ പ്രതിനിധീകരിച്ച് സിനിമ കണ്ട അംഗം നൽകിയ റിപ്പോർട്ട് അടിസ്ഥാനമാക്കിയുമാണു തീരുമാനം. സ്ത്രീവിരുദ്ധമായതും അശ്ലീലച്ചുവയുള്ളതുമായ ധാരാളം ദ്വയാർത്ഥപ്രയോഗങ്ങളുള്ള സിനിമയിൽ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ പാന്റ്സിന്റെ ബെൽറ്റിൽ പിടിച്ചു വലിച്ചുകൊണ്ട് രാജൻ സക്കറിയ എന്ന കഥാപാത്രം സ്ത്രീപദവിയെ ഇടിച്ചുതാഴ്ത്തുകയും അന്തസ്സിനു ഹാനിവരുത്തുകയും ചെയ്യുന്നതരത്തിൽ സംസാരിക്കുന്ന രംഗമാണ് ആരോപണവിധേയമായത്.

ആവിഷ്ക്കാരസ്വാതന്ത്ര്യം എന്നത് സ്ത്രീപദവി മോശമാക്കാനും സ്ത്രീത്വത്തെ അവഹേളിക്കാനുമുള്ള സ്വാതന്ത്ര്യമല്ലെന്നും അത് ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്നും കമ്മിഷൻ വിലയിരുത്തി. ഇത്തരം കാര്യങ്ങളിൽ ഇടപെടാനും സ്ത്രീസമൂഹത്തിന്റെ അന്തസ്സ് സംരക്ഷിക്കാനുമുള്ള സ്ഥാപനമെന്ന നിലയിൽ കമ്മിഷന് ഇത്തരം പ്രവണതകൾ അനുവദിക്കാനാവില്ല. വിപുലമായ ആരാധകരും വ്യാപകമായ അംഗീകാരവുമുള്ള മമ്മൂട്ടിയെപ്പോലൊരു നടൻ ഇത്തരം തരംതാണ കാര്യങ്ങൾ സിനിമയിൽ ചെയ്യുമ്പോൾ അതിന് സമൂഹത്തിൽ അപകടകരമായ സ്വീകാര്യതയാണ് ഉണ്ടാകുകയെന്നും സാമൂഹിക ഉത്തരവാദിത്തമുള്ള അഭിനേതാക്കൾ ഇത്തരം രംഗങ്ങൾ അഭിനയിക്കില്ലെന്നു നിലപാട് എടുക്കാനുള്ള ഔന്നത്യം കാണിക്കണമെന്നും കമ്മിഷൻ അഭിപ്രായപ്പെട്ടു.

ചെയർപേഴ്സൺ കെ.സി. റോസക്കുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അംഗങ്ങളായ അഡ്വ: നൂർബീന റഷീദ്, ഡോ: ലിസി ജോസ്, ഡോ: ജെ. പ്രമീളാദേവി എന്നിവരും മെംബർ സെക്രട്ടറി കെ. ഷൈലശ്രീയും പങ്കെടുത്തു. നേരത്തേ ഇക്കാര്യത്തിൽ ലോ ഓഫീസറുടെ ഉപദേശവും തേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button