GeneralNEWS

ലോകസിനിമയുടെ ചെറിമധുരം അബ്ബാസ് കിയരോസ്തമി അന്തരിച്ചു

തന്‍റെ സൃഷ്ടികളിലൂടെ ലോകസിനിമയെ സമ്പന്നമാക്കിയ ഒരു സംവിധായക പ്രതിഭ കൂടി വിടപറഞ്ഞു. ഇറാനിയന്‍ സംവിധായകനായ അബ്ബാസ് കിയരോസ്തമിയാണ് കാന്‍സറിനോടുള്ള തന്‍റെ പോരാട്ടം അവസാനിപ്പിച്ച് മരണത്തെ പുല്‍കിയത്. 76-കാരനായ കിയരോസ്തമി കാന്‍സര്‍ ബാധിതനായി ഫ്രാന്‍സില്‍ ചികിത്സയിലായിരുന്നു.

1979-ലെ ഇറാനിയന്‍ വിപ്ലവാനന്തരം രാജ്യത്ത് തന്നെ താമസമാക്കി ഡോക്യുമെന്‍ററികള്‍ ഉള്‍പ്പെടെ 40-ലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്ത പ്രതിഭയാണ് കിയരോസ്തമി. കാന്‍ ചലച്ചിത്രോത്സവത്തിലെ പാം ‘ദ്യോര്‍ പുരസ്കാര ജേതാവാണ്‌ അദ്ദേഹം. 1997-ലെ “ടേസ്റ്റ് ഓഫ് ചെറി” എന്ന ചിത്രത്തിനാണ് കിയരോസ്തമിക്ക് ഈ പുരസ്കാരം ലഭിച്ചത്.

ലോകോത്തര സംവിധായകന്‍ ജീന്‍-ലുക് ഗൊദാര്‍ദ് കിയരോസ്തമിയെക്കുറിച്ച് പറഞ്ഞത്, “സിനിമ തുടങ്ങുന്നത് ഡി.ഡബ്ല്യൂ.ഗ്രിഫിത്തില്‍ നിന്നും അവസാനിക്കുന്നത് അബ്ബാസ്‌ കിയരോസ്തമിയിലുമാണ്” എന്നാണ്.

കാനില്‍ പുരസ്കൃതനായ ഏക ഇറാനിയന്‍ സംവിധായകന്‍ കൂടിയാണ് കിയരോസ്തമി.

തന്‍റെ അവസാന രണ്ടു ചിത്രങ്ങള്‍ അദ്ദേഹം ഇറാനു വെളിയില്‍ ആയിരുന്നു ചിത്രീകരിച്ചത്. “സര്‍ട്ടിഫൈഡ് കോപ്പി” എന്ന ചിത്രം ഇറ്റലിയിലും “ലൈക്ക് സംവണ്‍ ഇന്‍ ലവ്” ജപ്പാനിലും ആണ് കിയരോസ്തമി ചിത്രീകരിച്ചത്. കൊക്കെര്‍ ട്രിയോളജി (1987-94), ക്ലോസ്-അപ്പ് (1990), ദി വിന്‍ഡ് വില്‍ കാരി അസ് (1999), ടെന്‍ (2002), ഷിരിന്‍ (2008) എന്നിവയാണ് ചില പ്രശസ്ത കിയരോസ്തമി ചിത്രങ്ങള്‍.

വര്‍ത്തമാനകാല ലോകസിനിയ്ക്ക് ആസ്വാദനത്തിന്‍റെ ചെറിമധുരം സമ്മാനിച്ച ഒരു അസാധാരണപ്രതിഭയയെയാണ് കിയരോസ്തമിയുടെ വേര്‍പാടിലൂടെ നമുക്ക് നഷ്ടമാകുന്നത്.

shortlink

Related Articles

Post Your Comments


Back to top button