മുംബൈ: അവിവാഹിതനായ ബോളിവുഡ് നടന്‍ തുഷാര്‍ കപൂര്‍ വാടകഗര്‍ഭത്തിലൂടെ ആണ്‍കുഞ്ഞിന്റെ അച്ഛനായി. ലക്ഷ്യ എന്ന് പേരിട്ട കുട്ടി മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ജനിച്ചത്. അച്ഛനാകാനുള്ള തുഷാറിന്റെ തീരുമാനം വളരെയധികം മതിപ്പുണ്ടാക്കിയെന്ന് ഐ.വി.എഫ്. ഡയറക്ടറായ ഡോ. ഫിറുസ പരീഖ് പ്രതികരിച്ചു. കുട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് എല്ലാ ഘട്ടങ്ങളിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു. പ്രശസ്തനായ ഒരു വ്യക്തിയെന്ന നിലയ്ക്ക് ഈ തീരുമാനം മറ്റുള്ളവര്‍ക്ക് പ്രചോദനകരവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശരീരത്തിനു പുറത്ത് കൃത്രിമാവസ്ഥയില്‍ അണ്ഡകോശത്തെ പുരുഷബീജം കൊണ്ട് ബീജസങ്കലനം ചെയ്യിക്കുന്ന ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐ.വി.എഫ്) അഥവാ കൃത്രിമ ബീജസങ്കലനം വഴിയാണ് കുട്ടി ജന്‍മമെടുത്തത്. തുഷാറിന്റെ തീരുമാനത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്നും പേരക്കുട്ടി ജനിച്ചതിന്റെ ആവേശത്തിലാണെന്നും മാതാപിതാക്കളായ ജിതേന്ദ്ര-ശോഭ കപൂര്‍ ദമ്പതികള്‍ പറഞ്ഞു.
മകന്റെ ജനനം തനിക്കേറെ സന്തോഷം പകരുന്നുവെന്ന് തുഷാര്‍ പറഞ്ഞു. തന്റെ തീരുമാനത്തിന് നൂറ് ശതമാനം പിന്തുണയുമായി മാതാപിതാക്കളായ ശോഭയും ജിതേന്ദ്രയും ഒപ്പമുണ്ട്. തുഷാറിന്റെ മാതാപിതാക്കളുടെ ആദ്യ പേരക്കുട്ടിയാണ് ലക്ഷ്യ.
വാടകഗര്‍ഭധാരണം എന്നത് ഇപ്പോള്‍ താരങ്ങള്‍ക്കിടയില്‍ ഒരു അപൂര്‍വ്വസംഭവമല്ല. ബോളിവുഡ് താരം ആമിര്‍ ഖാന്റെയും പത്‌നി കിരണ്‍ റാവുവിന്റെയും മകന്‍ ആസാദ് വാടകഗര്‍ഭധാരണത്തിലൂടെ ജന്‍മമെടുത്തതാണ്. ഷാരൂഖ് ഖാന്റെ മൂന്നാമത്തെ പുത്രന്‍ അബ്രാമും വാടകഗര്‍ഭധാരണത്തില്‍ പിറന്നതാണ്.
Post Your Comments