കണ്‍ജുറിംഗ് 2 ഇന്ത്യയില്‍ നിന്ന് പണം വാരുകയാണ്. ഇന്ത്യയില്‍ നിന്ന് മാത്രമല്ല, സിനിമ റിലീസ് ചെയ്ത മറ്റുരാജ്യങ്ങളിലെ ബോക്സ് ഓഫീസുകളിലും കൊടുങ്കാറ്റ് സൃഷ്ടിച്ചിരിക്കുകയാണ് ഈ ഹൊറര്‍ ചിത്രം. ചിത്രത്തിന്റെ അടുത്ത ഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ഇപ്പോള്‍ത്തന്നെ സജീവമായി. ഇതുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ഒരു തമാശ എല്ലാവരിലും ചിരിയുടെ മാലപ്പടക്കം തീര്‍ത്തിരിക്കുകയാണ്.
ഇന്ത്യയില്‍ കണ്‍ജുറിംഗ് 2-വിന്റെ പ്രചരണാര്‍ത്ഥം എത്തിയ അണിയറപ്രവര്‍ത്തകര്‍ തങ്ങളുടെ സിനിമയേക്കാളും ആളുകളെ ഭയപ്പെടുത്തുന്ന ഒരു വ്യക്തി ഇന്ത്യയിലുണ്ടെന്ന് അറിഞ്ഞത്രേ. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളായിരുന്നു അത്. തന്നെ മറ്റു പാര്‍ട്ടിയുടെ നേതാക്കന്മാര് ഭയപ്പെടുന്നു എന്ന കെജ്രിവാളിന്റെ പതിവായുള്ള അവകാശവാദം മൂലമാണത്രേ ഇങ്ങനെ ഒരു ധാരണ കണ്‍ജുറിംഗ് അണിയറ പ്രവര്‍ത്തകരില്‍ ഉണ്ടായത്. തങ്ങളുടെ സിനിമയേക്കാള്‍ ആളുകളെ ഭയപ്പെടുത്തുന്ന ഒരു വ്യക്തി ഇന്ത്യയില്‍ ഉണ്ടെന്നറിഞ്ഞ അവര്‍ ആദ്യം നിരാശരായെങ്കിലും, എന്തുകൊണ്ട് ആ വ്യക്തിയെ തങ്ങള്‍ക്ക് അനുകൂലമായി ഉപയോഗിച്ചു കൂടാ എന്ന ചിന്ത ഉടന്‍തന്നെ അവരില്‍ വേരിട്ടു. ഏതായാലും ചിത്രത്തിന് ഒരു മൂന്നാം ഭാഗം വേണം. ഇപ്പോള്‍ ഇറങ്ങിയ രണ്ട് ഭാഗത്തേക്കാളും ആളുകളെ ഭയപ്പെടുത്തുന്നതും ആകണം അടുത്ത ഭാഗം. അപ്പോള്‍പ്പിന്നെ അടുത്ത ഭാഗത്തില്‍ കേന്ദ്രകഥാപാത്രമാകാന്‍, ലോകത്തെ ഏറ്റവും പവര്‍ഫുള്‍ ആയ നേതാക്കന്മാരില് ഒരാളായ നരേന്ദ്രമോദിയെ വരെ ഭയപ്പെടുത്തുന്നു എന്ന് അവകാശപ്പെടുന്ന വ്യക്തിയേക്കാള്‍ യോഗ്യനായി ആരുണ്ട്?
ഈ ആശയം ഉരുത്തിരിഞ്ഞതോടെ അണിയറപ്രവര്‍ത്തകര്‍ കെജ്രിവാളിനെ സമീപിച്ചു എന്നും, കെജ്രിവാള് അടുത്ത കണ്‍ജുറിംഗ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാകാന്‍ സമ്മതിച്ചു എന്നും ഒക്കെയാണ് ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ പ്രചരിക്കുന്ന തമാശകള്‍. ചിത്രത്തില്‍ അഭിനയിക്കുക മാത്രമല്ല, ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പേതന്നെ അതിന് ഒരു “ഫൈവ് സ്റ്റാര്‍” റിവ്യൂവും താന്‍ നല്‍കാം എന്ന് കെജ്രിവാള് സമ്മതിച്ചു എന്നൊക്കെയാണ് ട്രോളന്മാര് ഇപ്പോള്‍ പറയുന്നത്. ഈയിടെ സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ മൂലം വിവാദത്തിലായ “ഉഡ്താ പഞ്ചാബ്” എന്ന ചിത്രത്തെ പിന്തുണക്കുകയും, ചിത്രം കാണുന്നതിന് മുമ്പ് തന്നെ അതിനെക്കുറിച്ച് നല്ല അഭിപ്രായം പറയുകയും ചെയ്ത കേജ്രിവാളിന്റെ നടപടിക്കെതിരെയുള്ള ഒരു ട്രോള്‍ ആയിരുന്നു ഇത്.
യാതൊരുവിധ സ്പെഷ്യല്‍ ഇഫക്ടുകളുടേയോ, ചിലവേറിയ മെയ്ക്ക്-അപ്പ് സങ്കേതങ്ങളുടേയോ സഹായമില്ലാതെതന്നെ ആളുകളെ ഭയപ്പെടുത്തുന്ന കെജ്രിവാളിനെ തങ്ങളുടെ സിനിമയില്‍ എടുത്താല്‍ നിര്മ്മാണച്ചിലവിലും കുറവുവരും എന്ന ചിന്തയും എഎപി നേതാവിനെ സിനിമയിലെടുക്കാന്‍ അണിയറപ്രവര്‍ത്തകരെ പ്രേരിപ്പിച്ചു എന്നും ട്രോളുകളില്‍ പറയുന്നു. ഏതായാലും ഇത്തരം ട്രോളുകള്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ ചുറ്റിക്കളിക്കാന്‍ തുടങ്ങിയതോടെ, ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയമാദ്ധ്യമങ്ങള്‍ തങ്ങളുടെ പ്രത്യേക “ജോക്ക് പേജുകളില്‍” തമാശരൂപേണ അരവിന്ദ് കേജ്രിവാള് കണ്‍ജുറിംഗ് 3-ലെ കേന്ദ്രകഥാപാത്രമാകും എന്നമട്ടില്‍ വാര്‍ത്തകള്‍ കൊടുത്തിട്ടുണ്ട്.
ഒരുപക്ഷേ, ഒരു ട്രോള്‍ രൂപത്തില്‍ ഇറങ്ങിയ ഈ വാര്‍ത്ത വൈറല്‍ ആയി മാറിയാല്‍ അടുത്ത കണ്‍ജുറിംഗ് ചിത്രത്തില്‍ നായകനായേക്കാം എന്ന് അരവിന്ദ് കെജ്രിവാള് തീരുമാനിച്ചു കളയുമോ എന്നും സംശയിക്കുന്നവരുണ്ട്. കാത്തിരുന്നു കാണാം അല്ലേ…..?
Post Your Comments