ഡിഷൂം എന്ന ചിത്രത്തിലെ ഗാനരംഗത്തില്‍ സിഖ് മതവിശ്വാസികള്‍ വിശ്വാസത്തിന്റെ ഭാഗമായി ധരിക്കുന്ന കൃപാണ്‍ അണിഞ്ഞ് തോക്കുയര്‍ത്തി നൃത്തരംഗത്തില്‍ പ്രത്യക്ഷപ്പെട്ടതിന് ബോളിവുഡ് താരം ജാക്വിലിന് ഫെര്‍ണാണ്ടസിനെതിരെ ക്രിമിനല്‍ കേസ്. ജാക്വിലിനെ കൂടാതെ നിര്‍മ്മാതാവ് സാജിദ് നദിയാവാല,സംവിധായകന് രോഹിത് ധവാന് എന്നിവര്‍ക്കെതിരെയും സിഖ് മതസംഘടനയുടെ പ്രതിനിധി രബീന്ദര്‍ സിംഗ് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രിമിനല്‍ കേസ്. ചണ്ഡീഗഡ് കോടതിയില്‍ സമര്‍പ്പിച്ച പരാതി അടുത്തമാസം കോടതി പരിഗണിക്കും.
ഇറക്കമില്ലാത്ത വസ്ത്രം ധരിച്ച് കാല് ഉയര്‍ത്തിക്കാട്ടുന്ന ജാക്വിലിന് ഗാനരംഗത്തില്‍ തങ്ങളുടെ വിശ്വാസമുദ്രയായ കൃപാണിനെയും സിഖ് മതവിശ്വാസത്തെയും അവഹേളിക്കുകയാണെന്ന് സിഖ് ഗുരുദ്വാര മാനേജ്മെന്റ് ജനറല്‍ സെക്രട്ടറി മജീന്ദര്‍ സിംഗ് സിര്‍സാ പറയുന്നു. ഗാനരംഗത്തില്‍ നിന്ന് ഈ ഭാഗം നീക്കണമെന്നാവശ്യപ്പെട്ട് സിബിഎഫ് അധ്യക്ഷന്‍ പഹലജ് നിഹലാനിക്ക് മജീന്ദര്‍ സിംഗ് കത്തെഴുതുകയും ചെയ്തു. ജാക്വിലിന് ഫെര്‍ണാണ്ടസ് സിഖ് സമുദായത്തോട് മാപ്പ് പറയണമെന്നും ഗുരുദ്വാര മാനേജ്മെന്റ് ആവശ്യപ്പെടുന്നു.
എന്നാല്‍ മൊറോക്കോയില്‍ ചിത്രീകരിച്ച ഈ ഗാനരംഗത്തില്‍ അറേബ്യന്‍ കത്തിയാണ് ഉപയോഗിക്കുന്നതെന്നും കൃപാണ്‍ അല്ലെന്നും നിര്‍മ്മാതാവ് സാജിദ് നാദിയാവാല പറഞ്ഞു. മലയാള ചിത്രം മുംബെ പോലീസിന്റെ റീമേക്ക് എന്ന് അവകാശപ്പെടുന്ന ചിത്രമാണ് ഡിഷൂം. മലയാള ചിത്രത്തില്‍ നിന്ന് ഏറെ മാറ്റങ്ങളോടെയാണ് ഹിന്ദി പതിപ്പ്. ജോണ്‍ എബ്രഹാമും വരുണ്‍ ധവാനുമാണ് നായകതാരങ്ങള്‍.
Post Your Comments