ചെന്നൈ: ‘സബാഷ് നായിഡു’വിന്റെ സംവിധായകന്‍ മലയാളിയായ ടി.കെ.രാജീവ് കുമാറിന് ചിത്രീകരണത്തിനിടെ അസുഖം ബാധിച്ചതിനാല്‍ താന്‍ സംവിധാനവുമായി മുന്നോട്ടു പോവുകയാണെന്ന് നടന്‍ കമല്‍ഹാസന്‍. സിനിമ പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം നേരിടരുതെന്നുകരുതിയാണ് സബാഷ് നായിഡുവിന്റെ സംവിധാനച്ചുമതല താന്‍ ഏറ്റെടുത്തതെന്ന് കമല്‍ഹാസന്‍ ലോസ് ഏഞ്ചല്‍സില്‍ നിന്നറിയിച്ചു.
ലോസ് ഏഞ്ചല്‍സില്‍ ചിത്രീകരണം തുടങ്ങി നാലു ദിവസത്തിനകം സംവിധായകന്‍ രാജീവ് കുമാര്‍ അതീവരോഗബാധിതനായി. അപ്രതീക്ഷിതമായ ഈ തിരിച്ചടിയെത്തുടര്‍ന്ന് താന്‍ തന്നെ സംവിധാനച്ചുമതല ഏറ്റെടുക്കുകയായിരുന്നുവെന്നും കമല്‍ വ്യക്തമാക്കി. യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലും കാണപ്പെടുന്ന അസാധാരണമായ അണുബാധയുണ്ടായ രാജീവ് കുമാറിന് ലോസ് ഏഞ്ചല്‍സിലെ മികച്ച ആശുപത്രിയില്‍ കിട്ടാവുന്നത്ര മെച്ചപ്പെട്ട ചികിത്സ നല്‍കി വരികയാണെന്നും കമലഹാസന്‍ അറിയിച്ചു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരുക്കുന്ന ‘സബാഷ് നായിഡു’വില്‍ കമലഹാസനാണ് നായകന്‍. മകള്‍ ശ്രുതി ഹാസനും ശ്രദ്ധേയമായ വേഷത്തിലുണ്ട്. 2010 ല്‍ പുറത്തിറങ്ങിയ ‘ദശാവതാരം’ എന്ന ചിത്രത്തില്‍ കമലഹാസന്‍ അവതരിപ്പിച്ച പത്തു കഥാപാത്രങ്ങളില്‍ ഒന്നായ ബല്‍റാം നായിഡുവിനെ വികസിപ്പിച്ചാണ് സബാഷ് നായിഡു ഒരുക്കുന്നത്. രമ്യാ കൃഷ്ണന്‍, ബ്രഹ്മാനന്ദം, സൗരഭ് ശുക്ല, റോജര്‍ നാരായണന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
Post Your Comments