GeneralNEWS

തൂക്കുമരത്തിലെ അനുഭവങ്ങളുമായി മോഹന്‍ലാല്‍

മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനു സിനിമയും സിനിമാനുഭവങ്ങളും ഒട്ടേറെയുണ്ടാകും. അവയില്‍, മനസ്സിന്‍റെ അടിത്തട്ടില്‍ സൂക്ഷിച്ച ചില ഓര്‍മ്മക്കുറിപ്പുകള്‍ മറ്റുള്ളവരുമായി പങ്കു വയ്ക്കുമ്പോള്‍ എക്കാലവും ഓര്‍ത്തിരിക്കാവുന്ന അദ്ദേഹത്തിന്‍റെ അനശ്വര കഥാപാത്രങ്ങള്‍ പോലെതന്നെ ചില അമൂല്യനിധികളാണ് നമുക്ക് ലഭിക്കുന്നത്. അത്തരത്തില്‍ ഉള്ള ഒരനുഭവം മോഹന്‍ലാല്‍ ഈയിടെ പങ്കു വയ്ക്കുകയുണ്ടായി.

1992- ല്‍ ‘സദയം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായിരുന്നു വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം മോഹലാല്‍ വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലെത്തിയത്. സിബി മലയില്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. റിപ്പര്‍ ചന്ദ്രന്‍ എന്ന കുപ്രസിദ്ധ കുറ്റവാളി കിടന്ന അതെ സെല്‍ തന്നെയാണ് മോഹലാലിനു വേണ്ടിയും ഒരുക്കിയിരുന്നത്. ചന്ദ്രനെ തൂക്കിക്കൊന്ന ശേഷം ആരെയും അവിടെ കിടത്തിയിട്ടില്ല. അന്ന് ചന്ദ്രന്‍ മരണത്തിനു മുൻപു ചുമരിൽ എന്തെല്ലാമോ എഴുതി വച്ചിരുന്നു. ലോക നേതാക്കൾ കൊല്ലപ്പെട്ട ദിനങ്ങളായിരുന്നു അതിൽ കുറേ. പിന്നെ, ദിവസങ്ങളോളം ആ സെല്ലിനകത്തായിരുന്നു ഷൂട്ടിങ്.

തൂക്കാൻ വിധിച്ച ശേഷം ദയാഹർജി നൽകി കാത്തിരിക്കുന്ന തടവുപുള്ളിയുടെ വേഷമായിരുന്നു മോഹന്‍ലാലിനു ഈ സിനിമയില്‍.

ദിവസങ്ങളോളം സെല്ലിൽ കിടന്നതോടെ തനിക്ക് ഉറക്കം നഷ്ടപ്പെട്ടു തുടങ്ങിയെന്നും, തൂക്കിലേറ്റപ്പെട്ട രാമസ്വാമി, ബാലകൃഷ്ണൻ എന്നിവരെല്ലാം കിടന്ന സെല്ലായിരുന്നതിനാല്‍ അവരിൽ ചിലർ തന്റെ കൂടെയുണ്ടോ എന്നു തോന്നിയ നിമിഷങ്ങളായിരുന്നു അതെന്നും മോഹന്‍ലാല്‍ ഓര്‍ക്കുന്നു.

ക്ലൈമാക്സ് ചിത്രീകരിക്കാനായി കൊലമരത്തിന്റെ സെറ്റ് ഇട്ടിരുന്നു. പക്ഷേ തലേ ദിവസം രാത്രി ജയിലിലെ യഥാർത്ഥ കൊലമരം ഒരു ദിവസത്തേക്കു മാത്രമായി ഷൂട്ടിങ്ങിനായി തുറന്നു കൊടുക്കാമെന്നു അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന്‍ തൂക്കിക്കൊലയുടെ ചടങ്ങുകളിലേക്കായിരുന്നു ക്യാമറ മിഴിതുറന്നത്.

വെളുപ്പിന് നാലു മണിക്ക് എഴുന്നേറ്റ് കുളിക്കണം. പിന്നെ ഇഷ്ടമുള്ള ഭക്ഷണം. പിന്നീടു തലയിൽ കറുത്ത തുണിയിട്ട് വരാന്തയിലൂടെ നടത്തിക്കൊണ്ടു പോകും. മറ്റ് തടവുകാർ അരണ്ട വെളിച്ചത്തിൽ അഴിയിലൂടെ നോക്കിക്കൊണ്ടിരിക്കും. ചന്ദ്രൻ വെളുപ്പിന് ഒന്നും കഴിച്ചിരുന്നില്ലത്രേ. കൊണ്ടു പോകുന്ന ശബ്ദം കേട്ട് പലരും പേടിച്ച് കരഞ്ഞു പോലും.

മോഹന്‍ലാലും കുളിയടക്കമുള്ള എല്ലാ ചടങ്ങുകളിലൂടെയും കടന്നു പോയി. ഷൂട്ടിങ് സ്ഥലത്ത് സൂചിയിട്ടാൽ കേൾക്കുന്ന നിശബ്ദത. കൊലമരത്തിനു കീഴെ നിന്ന ശേഷം ലാല്‍ കുറ്റപത്രം വായിച്ചു കേട്ടു. കയർ പതുക്കെ അദ്ദേഹത്തിന്റെ തലയിലൂടെ ഇട്ടു. കൈകൾ പിറകിൽ കെട്ടിയിരുന്നു. കാലുകൾ കൂടെയുണ്ടായിരുന്ന ആരോ ചേർത്തു വച്ചു. ലിവർ വലിക്കാനായി ഒരാൾ തയ്യാറായി നിൽപ്പുണ്ട്.

‘ ആക്ഷൻ’ – സിബി മലയിലിന്റെ നേർത്ത ശബ്ദം .ക്യാമറ ഓടുന്നതിന്റെ ശബ്ദം മാത്രം കേൾക്കാമായിരുന്നു.

അതിന് ശേഷം ഒരു ഷോട്ട് കൂടി ബാക്കിയുണ്ടായിരുന്നു കൊലമരത്തിൽ ചവിട്ടി നിൽക്കുന്ന വാതിൽ താഴോട്ട് തുറക്കുന്ന ഷോട്ട്. ലിവർ വലിച്ചപ്പോൾ ആ വാതിൽ താഴോട്ട് തുറന്ന് ശക്തിയിൽ മതിലിൽ വന്നിടിച്ചതിന്റെ ശബ്ദം ജയിലിൽ മുഴങ്ങി. ജയിൽ വളപ്പിലെ മരത്തിലെ വവ്വാലുകൾ കൂട്ടത്തോടെ പറന്നുയുര്‍ന്നു. മരണം ജയിൽ അറിയുന്നത് ഈ ശബ്ദത്തിലൂടെയാണ്. തന്റെ കഴുത്തിലിട്ടത് 13 വർഷം മുൻപു രാമസ്വാമിയെ തൂക്കിക്കൊന്ന അതേ പിത്തള വളയം കെട്ടിയ കയറാണ് എന്നും മോഹന്‍ലാല്‍ ഓര്‍ത്തെടുത്തു.

shortlink

Related Articles

Post Your Comments


Back to top button