പാട്ന / കോട്ടയം ● തന്റെ മുത്തശിയുടെ സംസ്കാരം നിഷേധിച്ച കുമരകം ആറ്റാമംഗലം സെന്റ് ജോണ്‍സ് പള്ളിയ്ക്കെതിരെ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര രംഗത്ത്. പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്താന്‍ അനുവദിക്കാത്തത് ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് പ്രിയങ്ക ചോപ്ര പറഞ്ഞു. എങ്കിലും താന്‍ അതൊന്നും കണക്കിലെടുക്കുന്നില്ല. കുടുംബത്തിലെ മുതിര്‍ന്ന അംഗം നഷ്ടപ്പെട്ടതാണ് പ്രധാന കാര്യമെന്നും പ്രിയങ്ക എഎന്‍ഐയോട് പറഞ്ഞു.
അന്യമതത്തില്‍പ്പെട്ട ഒരാളെ വിവാഹം കഴിച്ച മേരി ജോണ്‍ പിന്നീട് അക്രൈസ്തവ ജീവിതമാണ് നയിച്ചതെന്നും ഇക്കാരണത്തില്‍ ക്രൈസ്തവ വിശ്വാസികളെ അടക്കുന്ന സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു പള്ളി അധികൃതര്‍ അറിയിച്ചത്. മാത്രമല്ല, വിവാഹ ശേഷം മേരി സ്വന്തം സമുദായത്തിലേക്ക് മടങ്ങി വരികയോ ജീവിച്ചിരിക്കുന്നതായി അറിയിക്കുകയോ പോലും ചെയ്തിട്ടില്ലെന്നും കുമരകം പള്ളി അധികൃതര്‍ പറഞ്ഞുവെന്നും അവര്‍ പറഞ്ഞു. മാമ്മോദീസ സ്വീകരിച്ച കുമരകത്തെ പള്ളിയില്‍ തന്നെ തന്റെ ശവസംസ്‌കാരം നടത്തണമെന്നായിരുന്നു മേരി ജോണിന്റെ ആഗ്രഹം.
ജൂണ്‍ മൂന്നിനാണ് പ്രിയങ്കയുടെ മുത്തശി മേരി ജോണ്‍ അഖൗരി മരിച്ചത്. മുത്തശിയുടെ അന്ത്യാഭിലാഷ പ്രകാരം സംസ്കാരത്തിനായി ജൂണ്‍ അഞ്ചിന് മൃതദേഹം കുമരകത്തെ ദേവാലയ അധികൃതരുടെ എതിര്‍പ്പിനെ തുടര്‍ന്നു പൊന്‍കുന്നം സെന്റ് തോമസ് യാക്കോബായ പള്ളിയിലാണു സംസ്‌കരിച്ചത്.
അതേസമയം, കുമരകം പള്ളിയുടെ നടപടിയ്ക്കെതിരെ ആഞ്ഞടിച്ച് യാക്കോബായ കോട്ടയം ബിഷപ്പ് തോമസ് മാര്‍ തിമോത്തിയോസ് മെത്രാപോലിത്ത രംഗത്തെത്തി . പള്ളിയുടെ നടപടി മാനുഷികമല്ലെന്നും അക്രൈസ്തവമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പള്ളിക്കമ്മറ്റിയുടെ നടപടി വിശ്വാസത്തിന്‍റെ ഭാഗമല്ലെന്നും അന്ത്യാഭിലാഷം നടത്തിക്കൊടുക്കാതിരുന്നത് നീതികേടായിപ്പോയെന്നും ബിഷപ്പ് പ്രതികരിച്ചു.
Post Your Comments