സൂര്യ സുരേന്ദ്രന്‍
നവാഗതനായ അജിത് പൂജപ്പുര സംവിധാനം ചെയ്യുന്ന ചിത്രമാണ് ” അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടെണ്ണം പിന്നാലേ..” . മീരാനന്ദന്‍, നരേന്‍ എന്നിവര്‍ നായികാ-നായകന്മാരായി എത്തുന്ന ചിത്രത്തിലെ പാട്ടുകള്‍ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. പേരില്‍ തന്നെ വ്യത്യസ്ത നിറഞ്ഞു നില്‍ക്കുന്ന വന്‍ താരനിരയുമായെത്തുന്ന ഈ സിനിമയുടെ വിശേഷങ്ങള്‍ അജിത് പൂജപ്പുര ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലിയുമായി പങ്കുവെച്ചപ്പോള്‍….
● നവാഗത സംവിധായകന്‍ എന്ന നിലയില്‍ ആദ്യ ചിത്രം തന്നെ ഒരു രാഷ്ട്രീയ പശ്ചാത്തലമുള്ള ചിത്രമാണല്ലോ ? ഇത്തരമൊരു രാഷ്ട്രീയ ചിത്രം എടുക്കാനുണ്ടായ പ്രചോദനം ?
ഒരു രാഷ്ട്രീയ ചിത്രം എന്നതിലുപരി ഈ ചിത്രം ഒരു സന്ദേശമാണ് നല്‍കുന്നത്. രാഷ്ട്രീയത്തെക്കുറിച്ചുള്ള ഗുണവും ദോഷവും ഒരു പോലെ ഈ ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ”കൃഷിയാണ് നമ്മുടെ രാഷ്ട്രീയം” എന്ന മെസേജാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. രാഷ്ട്രീയം ഇല്ലാത്ത ഒരു ഗ്രാമത്തില്‍ രാഷ്ട്രീയം എത്തുമ്പോഴുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ഈ സിനിമ.
● ഈ ചിത്രത്തിനു വേണ്ടി നടത്തിയ തയാറെടുപ്പുകള്‍ എന്തൊക്കെയായിരുന്നു ?
രാഷ്ട്രീയക്കാരെയും രാഷ്ട്രീയ പാര്‍ട്ടികളെയും നിരീക്ഷിച്ചു. പിന്നെ നമ്മുടെ കൃഷി രീതികളെക്കുറിച്ച് ഈ ചിത്രത്തില്‍ ഞാന്‍ പറയുന്നുണ്ട്. നമുക്ക് വേണ്ട കൃഷി വിളകള്‍ നമ്മള്‍ തന്നെ ഉത്പാദിപ്പിക്കണം. പില്‍ക്കാലത്ത് നമുക്ക് വേണ്ട ആഹാരത്തിനായി മറ്റു നാടുകളെ ആശ്രയിക്കേണ്ടി വരരുത്. നമുക്ക് വേണ്ട ഉപഭോഗങ്ങള്‍ നമ്മള്‍ ഇവിടെ തന്നെ വിളിയിക്കണം. നല്ല രാഷ്ട്രീയക്കാരെയും, നില്ല കൃഷിക്കാരെയും, നല്ല നേതാക്കന്മാരെയുമാണ് നമുക്കാവശ്യം എന്നാണ് പറയുന്നത്.
● സമകാലീന രാഷ്ട്രീയ വിഷയങ്ങള്‍ തന്നെയാണോ ഈ ചിത്രവും ചര്‍ച്ച ചെയ്യുന്നത് ?
സമകാലീന രാഷ്ട്രീയ വിഷയങ്ങളല്ല ഈ സിനിമ പറയുന്നത്. ഇത് ഒരു രാഷ്ട്രീയ ചിത്രമാണെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും ഒരു നേതാക്കന്മാരെയും അല്ലെങ്കില്‍ ഇന്നു നടക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങളെയും എടുത്ത് ഞാന്‍ ആരെയും മുറിവേല്‍പ്പിച്ചിട്ടില്ല.
● മുകേഷിന്റെ കഥാപാത്രത്തിലൂടെയാണല്ലോ ചിത്രം മുന്നോട്ടു പോകുന്നത്. അതേപോലെ തന്നെയായിരുന്നല്ലോ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശവും, എംഎല്‍എ ആയുള്ള വിജയവും ?
അതെ..അതെ മുകേഷേട്ടന്‍ ഈ ചിത്രം കമ്മിറ്റ് ചെയ്യുമ്പോഴും ഇതിന്റെ ഷൂട്ടിംഗ് നടക്കുമ്പോഴും അദ്ദേഹം കാന്‍ഡിഡേറ്റ് ആയിരുന്നില്ല. ഏതാണ്ട് അദ്ദേഹത്തിന്റെ ഭാഗങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് അദ്ദേഹം മത്സരത്തിലേക്ക് പോകുന്നത്. എനിക്കു തോന്നുന്നു, അദ്ദേഹം ഈ സിനിമയില്‍ രാഷ്ട്രീയക്കാരനായി അഭിനയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലും രാഷ്ട്രീയക്കാരനാകേണ്ടി വന്നു.
● നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള നരേന്‍, മീര നന്ദന്‍ തിരിച്ചു വരവ് ?
നരേന്‍, ഒരു നല്ല റേഞ്ചുള്ള നടനാണ്. അദ്ദേഹം വളരെ ഡൗണ്‍ ടു എര്‍ത്തായ വ്യക്തിയാണ്. നമ്മളുമായി നന്നായി സഹകരിക്കുന്ന ഒരു ആര്‍ട്ടിസ്റ്റാണ്. ഞാനീ കഥ പറയുമ്പോള്‍ നരേന്‍ ഇതിലേക്ക് സന്തോഷപൂര്‍വ്വം എത്തി.
മീരയെക്കുറിച്ച് പറയുകയാണെങ്കില്‍ മീരയും ഒരു വ്യത്യസ്ത കഥാപാത്രത്തിനു വേണ്ടി വെയ്റ്റ് ചെയ്ത ആളാണ്. മീരയുടെ കഥാപാത്രം കൃഷിയോട് ഒരു കമ്മിറ്റ്‌മെന്റും ഇല്ലാത്ത ഒരു കൃഷി ഓഫീസറായാണ് എത്തുന്നത്. നല്ലൊരു മൈലേജായിരിക്കും മീരയ്ക്ക് ഈ ചിത്രത്തിലൂടെ കിട്ടുന്നത്.
മലയാള സിനിമയില്‍ ഒരിക്കലും പരാജയപ്പെട്ട് പിന്മാറിയവരല്ല നരേനും മീരാനന്ദനും. അവര്‍ക്ക് അവരുടേതായ സ്‌പേസ് ഇന്നുമുണ്ട്. അപ്പോള്‍ നല്ല ചിത്രങ്ങള്‍ നല്ല ബാനറും നോക്കി കാത്തിരുന്നവരാണ് ഇരുവരും.
● പാട്ടുകള്‍ ?
മുരുകന്‍ കാട്ടാക്കട എഴുതി എം ജയചന്ദ്രന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന പാട്ടുകളാണ് ഇതിലുള്ളത്. ജനങ്ങളുടെ മനസില്‍ എപ്പോഴും നില്‍ക്കുന്ന പാട്ടുകള്‍ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എം ജയചന്ദ്രന്‍ അത്തരത്തിലുള്ള പാട്ടുകള്‍ ചിട്ടപ്പെടുത്തി. ഇതിനോടകം തന്നെ പാട്ടുകള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ കമ്പോസിംഗിന് ശേഷമാണ് എം ജയചന്ദ്രന് ദേശീയ അവാര്‍ഡ് ലഭിച്ചത്. അത് ഒരുപാട് സന്തോഷമുണ്ടാക്കി.
● പ്രമുഖതാരങ്ങളുടെ നീണ്ടനിരയെക്കുറിച്ച് ?
എന്റെ ഭാഗ്യം എന്നു വേണമെങ്കില്‍ പറയാം. ആദ്യ ചിത്രത്തില്‍ തന്നെ ഇത്രയും മെഗാതാരങ്ങളെ ഉള്‍പ്പെടുത്താന്‍ സാധിച്ചു. എല്ലാവരും വളരെ സഹകരണമായിരുന്നു. എല്ലാവരുമായി ബന്ധമുണ്ട്. 45 ഓളം ആര്‍ട്ടിസ്റ്റുകള്‍ ഈ ചിത്രത്തിലുണ്ട്. അതുപോലെ തന്നെ കുറേ മിമിക്രി താരങ്ങളെ കൊണ്ടുവരാന്‍ സാധിച്ചു. ഒരുപാട് പുതുമുഖങ്ങള്‍ക്കും അവസരം നല്‍കാന്‍ സാധിച്ചു.
● ലൊക്കേഷനുകള്‍ ?
പെരുമാള്‍ദേശം എന്ന ഗ്രാമത്തിലെ നന്മയുടെ ചിന്തയുള്ള കുറേപേരുടെ ചിത്രമാണിത്. പൊള്ളാച്ചി, ആലത്തൂര്‍, വടക്കാഞ്ചേരി, തിരുവനന്തപുരം, പാലക്കാട്, കോട്ടയം എന്നിവിടങ്ങളിലായിരുന്നു ലൊക്കേഷനുകള്‍.
● സിനിമയിലേക്കുള്ള രംഗപ്രവേശം ?
ഞാന്‍ കലാരംഗത്ത് നിന്നാണ് സിനിമയിലേക്ക് എത്തിയത്. പതിനെട്ട് വര്‍ഷത്തോളം സീരിയല്‍, പരസ്യസംവിധാനം, ഷോര്‍ട്ട് ഫിംലിം രംഗത്ത് സജീവമായിരുന്നു. സ്വതന്ത്ര കഥാസംവിധായകനായി ഞാന്‍ എത്തിയത് ജഗപൊഗയിലൂടെയാണ്. ജഗപൊഗ, പമ്പരം, എട്ടരപൊട്ടന്‍, മുഹൂര്‍ത്തം ഇങ്ങനെ ഒരുപാട് സീരിയല്‍ ചെയ്തു. പിന്നീട് ഞാന്‍ ടെക്‌നോപാര്‍ക്കില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് ”ജേര്‍ണി ഓഫ് ട്രെഡീഷണല്‍ ആര്‍ട്ട്” എന്ന ഡോക്യുമെന്ററി ചെയ്തു. അതിന് 2010 ല്‍ അവാര്‍ഡ് ലഭിച്ചു. പിന്നീട് ഏഴോളം പരസ്യചിത്രങ്ങള്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം ”അഭയാര്‍ത്ഥി” എന്ന പേരില്‍ ജയിലിലെ ഉദ്യോഗസ്ഥരെക്കുറിച്ച് ഷോര്‍ട്ട് ഫിലിം ചെയ്തു. അതില്‍ മൂന്ന് അവാര്‍ഡ് ലഭിച്ചു. ആ ഷോര്‍ട്ട് ഫിലിമാണ് സിനിമയിലേക്കുള്ള വാതില്‍ തുറന്നു തന്നത്.
● അടുത്ത പ്രൊജക്ട് ?
അടുത്തത് ഒരു ക്യാംപസ്-പ്രണയകഥയാണ്. പുതുമുഖളെ വച്ചായിരിക്കും ചെയ്യുന്നത്. അതിന്റെ ചര്‍ച്ചകള്‍ നടക്കുന്നു.
● കുടുംബം ?
അച്ഛന്‍ മരിച്ചു. അമ്മ ഉണ്ട്, അമ്മയുടെ പേര് ഓമന. ഭാര്യ സിനില, ടീച്ചറാണ്. മകന്‍ അഭിജിത്ത് ഒന്നാംക്ലാസില്‍ പഠിക്കുന്ന, മകള്‍ അഭിരാമി പത്ത് മാസം പ്രായം. ചേട്ടന്‍ അനില്‍ കുമാര്‍, ചേച്ചി അജിത ഇതാണ് എന്റെ കുടുംബം.
Post Your Comments