GeneralNEWS

ലണ്ടനില്‍ മലയാള സിനിമക്കാദരം

മലയാള സിനിമയ്ക്ക് ആദരമര്‍പ്പിച്ച് നടനും നാടകപരിശീലകനുമായ മനോജ്‌ ശിവ സംവിധാനം ചെയ്യുന്ന നാടകം “കാന്തി” ശനിയാഴ്ച അരങ്ങേറും. ബ്രിട്ടനിലെ ന്യൂകാസിലിലുള്ള ജൂബിലി തീയേറ്ററിലാകും നാടകത്തിന്‍റെ ആദ്യപ്രദര്‍ശനം നടക്കുക.

മൂന്നര മണിക്കൂറോളം നീളുന്ന നാടകത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത മലയാളസിനിമയിലെ മുത്തുകളായി മാറിയ വ്യത്യസ്ത കാലഘട്ടങ്ങളിലെ നായികാ കഥാപാത്രങ്ങള്‍ അരങ്ങിലെത്തുന്നു എന്നതാണ്. നീലക്കുയിലിലെ നീലി, ചെമ്മീനിലെ കറുത്തമ്മ, വൈശാലിയിലെ വൈശാലി, മണിച്ചിത്രത്താഴിലെ ഗംഗ, കളിയാട്ടത്തിലെ താമര, സെല്ലുലോയ്ഡിലെ റോസി എന്നിവര്‍ ഇപ്രകാരം വിവിധ കാലഘട്ടങ്ങളിലൂടെ അരങ്ങിലെത്തും.

ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കേരള കള്‍ച്ചറല്‍ ആന്‍ഡ്‌ വേല്‍ഫെയര്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സാംസ്കാരിക സംഘടനകളായ സരോജ വിഷ്വല്‍ മീഡിയ, വീ ബീറ്റ്സ് എന്നിവരാണ് നാടകം അരങ്ങിലെത്തിക്കുന്നത്.

ബ്രിട്ടനില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന അന്‍പതോളം പേര്‍ക്കൊപ്പം ലണ്ടന്‍ തീയേറ്റര്‍ ഗ്രൂപ്പിലെ നടീനടന്മാരും നാടകത്തില്‍ വേഷമിടും. മലയാള സിനിമയുടെ കാരണവര്‍ മധു ആകും മുഖ്യാതിഥി. ഈ നാടകത്തെ സംബന്ധിച്ച ദുഃഖകരമായ ഒരു കാര്യം ഇതിലെ പെരുമലയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഈയിടെ നമ്മെവിട്ടുപിരിഞ്ഞ അതുല്യപ്രതിഭ കലാഭവന്‍ മണി താത്പര്യം പ്രകടിപ്പിച്ചിരുന്നു എന്നുള്ളതാണ്. റിഹേഴ്സല്‍ ക്യാമ്പിലേക്ക് മെയ് ആദ്യവാരം തന്നെ എത്തിച്ചേരാമെന്ന ഉറപ്പും മണി കൊടുത്തിരുന്നു. മണിക്കുള്ള ആദരം കൂടിയാകും “കാന്തി” എന്ന് മനോജ്‌ ശിവ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button