Bollywood

രാധികാ ആപ്തെയുടെ അഭിനയമികവില്‍ അടിയന്തിരാവസ്ഥയെപ്പറ്റി ചിത്രം

‘ഫോബിയ’ എന്ന പുതിയ ഹൊറര്‍ സിനിമയിലെ അഭിനയത്തിന് എല്ലാവരുടെയും പ്രശംസ ആസ്വദിച്ചു തീരുന്നതിനു മുന്‍പ് ബോളിവുഡിലെ പുതിയ താരോദയം രാധികാ ആപ്തെയെ തേടി ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കറുടെ സിനിമയിലെ ഏതൊരു അഭിനേത്രിയേയും മോഹിപ്പിക്കുന്ന വേഷമെത്തി. ജൂണ്‍ 25, 1975 മുതല്‍ മാര്‍ച്ച്‌ 21, 1977 വരെ നീണ്ടുനിന്ന ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത അദ്ധ്യായമായ അടിയന്തിരാവസ്ഥക്കാലത്തെ കഥ പറയുന്ന ചിത്രത്തില്‍ ഒരു കവയിത്രിയുടെ വേഷമാണ് രാധികയ്ക്ക്. അക്കാലത്തെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ പ്രതിഷേധിക്കുന്ന കവയിത്രിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാകും “മെ, ഇന്ദു” എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്.

അനുഷ്കാ ശര്‍മ്മയെയായിരുന്നു ഈ വേഷത്തിലേക്ക് ഭണ്ഡാര്‍ക്കര്‍ ആദ്യം പരിഗണിച്ചതെങ്കിലും ഒടുവില്‍ രാധികയ്ക്ക് നറുക്കു വീണു. സ്ത്രീ-കേന്ദ്രീകൃതമായ കഥയാണ് “മെ, ഇന്ദു” പറയുകയെന്നും വ്യക്തമായിട്ടുണ്ട്.

കുറച്ചു നാളുകളായി ഭണ്ഡാര്‍ക്കര്‍ ഈ സിനിമയ്ക്ക് വേണ്ടിയുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു. വിഷയത്തിന്‍റെ രാഷ്ട്രീയ പ്രാധാന്യം കണക്കിലെടുത്ത് ഇന്ദിരാ ഗാന്ധിയെ സംബന്ധിക്കുന്ന നേരിട്ടുള്ള പരാമര്‍ശങ്ങള്‍ ഒന്നും തന്നെ ഉള്‍ക്കൊള്ളിച്ചിട്ടില്ലെന്നും സംവിധായകന്‍ പറഞ്ഞു. അടിയന്തിരാവസ്ഥയുടെ തിക്താനുഭവങ്ങള്‍ കൈമുതലായുള്ള ആളുകളുമായി ഭണ്ഡാര്‍ക്കര്‍ സുദീര്‍ഘ സംഭാഷണങ്ങള്‍ നടത്തിയ ശേഷമാണ് കഥ തയാറാക്കിയിരിക്കുന്നത്. കഥയുടെ ഗവേഷണസമയത്ത് ഭണ്ഡാര്‍ക്കര്‍ കണ്ടുമുട്ടിയവരില്‍ തീപ്പൊരി നേതാവ് സുബ്രമണ്യന്‍ സ്വാമിയും ഉള്‍പ്പെടും.

shortlink

Related Articles

Post Your Comments


Back to top button