ചെന്നൈ: നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാലിന്റെ നേതൃത്വത്തില്‍ നടന്ന വ്യാജ സി.ഡി വേട്ടയില്‍ ഒരു ലക്ഷത്തോളം വ്യാജ സി.ഡികള്‍ പിടിച്ചെടുത്തു. വിശാലിന്റെ നിര്‍ദ്ദേശ പ്രകാരം സംഘം പ്രവര്‍ത്തന സമിതി അംഗങ്ങളായ നടന് രമണ, നന്ദ എന്നിവരുടെ നേതൃത്വത്തില്‍ വ്യാജ സി.ഡി വേട്ടയ്ക്കു പുറപ്പെട്ട സംഘം സേലത്തു നിന്നുമാണ് വ്യാജ സി.ഡികള്‍ കണ്ടെടുത്തത്.
സേലത്തെ പഴയ ബസ് സ്റ്റാന്റിന് സമീപത്ത് രാം ചന്ദ്ലാല് സേട്ടിന്റെ ഉടമസ്ഥതതയിലുള്ള ഗോഡൗണില്‍ നിന്നും തമിഴ്നാട്ടിലെ പ്രധാന നഗരങ്ങളിലേയ്ക്കും ജില്ലകളിലേക്കും പുതിയ സിനിമകളുടെ വ്യാജ സി.ഡികള്‍ കയറ്റി അയയ്ക്കാന്‍ തുടങ്ങുമ്പോഴാണ് രമണയും നന്ദയും സംഘവും സിനിമാ ശൈലിയില്‍ ഇവരെ പിടികൂടിയത്. ഇവിടെ ഇരുപതില്‍ പരം ജീവനക്കാരാണത്രെ സി.ഡി കയറ്റി അയയ്ക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇരുപത് ലക്ഷത്തിന്റെ കമ്പ്യൂട്ടര്‍ സാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്.
ചെന്നൈ വിഡിയോ പൈറസി സെല്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഇ വി രാജിന്റെ നേതൃത്വത്തില്‍ സേലത്തെ കീഴപാളയത്ത് വ്യാജ സി.ഡികള്‍ റൈറ്റ് ചെയ്യുന്ന കേന്ദ്രവും കണ്ടെത്തി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടികര്‍ സംഘവും പൊലീസും ചേര്‍ന്ന് നടത്തിയ വ്യാജസിഡിവേട്ടയിലൂടെ മധുര, സേലം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വലിയൊരു വ്യാജ സി.ഡി മാഫിയായെയും അവരുടെ ശൃംഖലകളേയുമാണ് കണ്ടെത്തി പിടികൂടിയത്.
Post Your Comments