Interviews

”അങ്ങനെ തന്നെ നേതാവേ..അഞ്ചെട്ടെണ്ണം പിന്നാലേ”യുടെ വിശേഷങ്ങളുമായി രമേഷ് പിഷാരടി

സൂര്യാ സുരേന്ദ്രന്‍

കൊമേഡിയന്‍, മിമിക്രി ആര്‍ട്ടിസ്റ്റ്, ടെലിവിഷന്‍ അവതാരകന്‍ എന്നീ നിലയില്‍ എല്ലാവരുടെയും പ്രിയങ്കരനായ രമേഷ് പിഷാരടി പോസിറ്റീവ് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. കപ്പലു മുതലാളി എന്ന ചിത്രത്തിലൂടെ നായകവേഷവും അണിഞ്ഞ പിഷാരടി ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹാസ്യം വളരെ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന പിഷാരടിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ടെലിവിഷന്‍ ഷോയാണ് ബഡായി ബംഗ്ലാവ്. ഒരു സീന്‍ മാത്രമാണ് സിനിമയിലില്‍ ഉള്ളതെങ്കില്‍ പോലും അതിന്റെ ഭംഗി ചോരാതെ അഭിനയിച്ചു പ്രതിഭലിപ്പിക്കാന്‍ പിഷാരടിക്ക് സാധിക്കാറുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രമായ ”അങ്ങനെ തന്നെ നേതാവേ..അഞ്ചെട്ടെണ്ണം പിന്നാലേ”യുടെ വിശേഷങ്ങള്‍ രമേഷ് പിഷാരടി ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലിയുമായി പങ്കുവെച്ചപ്പോള്‍.

അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടെണ്ണം പിന്നാലെ ഈ അഞ്ചെട്ടെണ്ണത്തില്‍ ഒരാളാണോ രമേഷ് പിഷാരടി ?

അല്ല..അല്ല അതില്‍ മുന്നില്‍ നടക്കുന്ന ആളാണ് ഞാന്‍. എന്റെ പിന്നാലെയാണ് എല്ലാവരും നടക്കുന്നത്.

കേരളം ഇപ്പോള്‍ രാഷ്ട്രീയ ചൂടിലാണല്ലോ ? ഇപ്പോള്‍ കാണുന്ന രാഷ്ട്രീയ വിഷയങ്ങള്‍ തന്നെയാണോ നമ്മുടെ സിനിമയിലും ഉള്ളത് ?

ഇപ്പോള്‍ കാണുന്ന രാഷ്ട്രീയ വിഷയങ്ങള്‍ അല്ല. രാഷ്ട്രീയത്തില്‍ എല്ലാ കാലത്തും കുറച്ച് വിഷയങ്ങള്‍ ഉണ്ട്. അത് മാറാതെ കിടക്കുന്ന രാഷ്ട്രീയ വിഷയങ്ങളാണ് അതിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. വളരെ സമകാലീനമായി ഇന്നു നടക്കുന്ന ഒരു അഴിമതി ആരോപണമോ, ഇന്നത്തെ ഏതെങ്കിലും ചൂട് വാര്‍ത്തകളോ അല്ല. സ്ഥിരമായിട്ടുള്ള ചില പ്രശ്‌നങ്ങള്‍ ഉണ്ട്. ആ പ്രശ്‌നങ്ങളില്‍ കൂടിയുള്ള ഒരു യാത്രയാണ് ഈ ചിത്രം. ഒരു നാട്ടു പ്രദേശത്തെ കഥയാണ് നമ്മുടെ ഈ സിനിമ. നല്ല കുറേ ലൊക്കേഷനുകളാണ് ഈ ചിത്രത്തിലുള്ളത്. കേരളത്തിനകത്തു തന്നെ വളരെ ഭംഗിയുള്ള ലൊക്കേഷനുകളാണ് ഈ ചിത്രത്തിലുള്ളത്. പാലക്കാട്, കടുത്തുരുത്തി എന്നിങ്ങനെ നല്ല പച്ചപ്പുള്ള സ്ഥലത്താണ് നമ്മുടെ ഈ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്.

ഹാസ്യ വേഷം തന്നെയാണോ ഈ ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത് ?

ഇതില്‍ ഞാന്‍ ചെയ്യുന്ന കഥാപാത്രം ഹാസ്യത്തിന്റെ സ്വഭാവം ഉണ്ട്. ഹാസ്യം എന്നു പറഞ്ഞാല്‍ ഒരു തട്ടിപ്പുകാരനായാണ്.

ചിത്രത്തില്‍ ഉണ്ടായിട്ടുള്ള രസകരമായ അനുഭവം പങ്കുവെയ്ക്കാമോ ?

ചിത്രത്തിലെ രസകരമായ അനുഭവം എന്നു പറയുന്നത് പല സിനിമകളിലും ആള്‍ക്കാര്‍ മരിക്കുമ്പോള്‍ അവസാനം പറഞ്ഞ ഡയലോഗ് മരണവുമായി ബന്ധപ്പെട്ട ഡയലോഗുകള്‍ ആണെന്ന്. അങ്ങനെ പലരും പലകാലത്തും സിനിമയില്‍ പറഞ്ഞ കാര്യങ്ങള്‍ അറം പറ്റുക എന്നത് സംഭവിച്ചിട്ടുണ്ട്. അതുപോലെയാണ് ഈ സിനിമയില്‍ മുകേഷേട്ടന്‍ രാഷ്ട്രീയക്കാരനായിട്ട് അഭിനയിക്കുന്നതും ഈ സിനിമയിലും സീറ്റ് കിട്ടുന്നു. അപ്പോള്‍ സിനിമയില്‍ സംഭവിച്ച അതേ പോലെ തന്നെയാണ് പാരലലായി ഇവിടെയും സംഭവിച്ചത്. മുകേഷേട്ടന് സീറ്റ് കിട്ടുന്നു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എംഎല്‍എ ആകുന്നു. ഈ സിനിമയുടെ കൂടെ തന്നെ സംഭവിച്ച കാര്യങ്ങളാണ് ഇതൊക്കെ, ഈ ചിത്രത്തിന്റെ ഷൂട്ട് നടക്കുമ്പോഴാണ് മുകേഷേട്ടന്‍ എംഎല്‍എ ആയി വിജയിച്ചത്.

ബഡായി ബംഗ്ലാവിലും ഇപ്പോള്‍ അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടെണ്ണം പിന്നാലേ എന്ന ചിത്രത്തിലായാലും മുകേഷുമായുള്ള കെമിസ്ട്രിയെക്കുറിച്ച് ?

മുകേഷേട്ടന്റെ കഥാപാത്രത്തിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. ഞങ്ങളുടെ കെമിസ്ട്രി എന്നു പറയുന്നത്. നമ്മള്‍ ഒരാളോട് ഓട്ടോമാറ്റിക്കലി അധികം ഇടപഴകുമ്പോള്‍ അതിലൊരു കെമിസ്ട്രി വരും. നമ്മള്‍ സ്ഥിരമായി ഓടിക്കുന്ന വണ്ടിയുടെ ബ്രേക്ക് എത്ര ചവിട്ടിയാല്‍ കിട്ടുമെന്ന് നമുക്കറിയാമല്ലോ, വേറൊരു വണ്ടി പെട്ടെന്നെടുത്ത് ഓടിക്കുമ്പോള്‍ നമുക്കത് പറ്റില്ല. നമ്മള്‍ സ്ഥിരം കൈകാര്യം ചെയ്യുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. നമ്മുടെ വീട്ടിലെ ഫാനിന്റെ സ്വിച്ചിടാന്‍ നമുക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. മറ്റൊരു വീട്ടില്‍ ചെന്നാല്‍ നമ്മള്‍ ഒന്നോ രണ്ടോ സ്വിച്ചുകള്‍ ഇട്ടു നോക്കുമ്പോള്‍ മാത്രമാണ് ഫാനിന്റെ സ്വിച്ച് തിരിച്ചറിയുന്നത്. അപ്പോള്‍ നമ്മള്‍ ഇടപെടുന്നതാണ്, ഒരാളോട് നമ്മള്‍ ഇടപെടുന്ന സമയത്തിന്റെ ദൈര്‍ഘ്യമാണ് പലപ്പോഴും അവരുമായി ഒരു കെമിസ്ട്രി ഉണ്ടാകുന്നത്. നമ്മള്‍ ഒരാളോട് സംസാരിക്കാന്‍ ധൈര്യം ഉണ്ടാകുന്നു. അങ്ങനെ ഒരു ധൈര്യം ഉണ്ടായാല്‍ നമ്മള്‍ ആശയപരമായിട്ട് നമ്മള്‍ തമ്മില്‍ എന്ത് വിഷയത്തിനെക്കുറിച്ചും സംസാരിക്കാന്‍ സാധിക്കുന്നു. മുകേഷേട്ടന്‍ എന്ന വ്യക്തി ഒരുപാട് ഡേറ്റാബേസുള്ള വ്യക്തിയാണ്. അദ്ദേഹത്തിന് ഒരുപാട് കഥകള്‍ ഓര്‍മ്മ നില്‍ക്കും. പഴയ കഥകളും കാര്യങ്ങളുമൊക്കെ അദ്ദേഹത്തിന് നല്ല ഓര്‍മ്മയുണ്ടാകും. എനിക്കും കുറച്ച് ഓര്‍മ്മ കൂടുതലാണ്. ഓട്ടോമാറ്റിക്കലി പുള്ളി പറഞ്ഞ ഒരു സാധനത്തില്‍ നിന്ന്് എനിക്കും ഞാന്‍ നിര്‍ത്തുന്നിടത്തു നിന്ന് പുള്ളിക്കും തുടരാന്‍ സാധിക്കുന്നുണ്ട്. സിനിമയില്‍ ഞങ്ങള്‍ രണ്ട് കഥാപാത്രങ്ങളാണ്. ബഡായി ബംഗ്ലാവില്‍ ഞാന്‍ രമേഷ് പിഷാരടിയും മുകേഷേട്ടന്‍ മുകേഷായും തന്നെയാണുള്ളത്. സിനിമയില്‍ ഞങ്ങള്‍ വേറെ വേറെ കഥാപാത്രങ്ങളാണെങ്കിലും രണ്ടര വര്‍ഷമായി തുടര്‍ച്ചയായി ഞങ്ങള്‍ സംസാരിക്കുന്നതു കൊണ്ട് ഞങ്ങളുടെ കെമിട്രി സിനിമയിലും പ്രതിഭലിക്കുന്നുണ്ട്. അത് സിനിമ കാണുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കും.

പാട്ടുകളെക്കുറിച്ച് ?

എം ജയചന്ദ്രന്റെ സംഗീതത്തിലുള്ള മനോഹരമായ പാട്ടുകളാണ് ഈ സിനിമയിലുള്ളത്. പിന്നെ ഞാന്‍ ഈ സിനിമയില്‍ പാടുന്നുണ്ട്. പക്ഷേ എന്റെ പാട്ടുകള്‍ കാസറ്റിലില്ല. എന്റെ പാട്ടുകള്‍ കേള്‍ക്കണമെങ്കില്‍ നിങ്ങള്‍ ഈ സിനിമ തിയേറ്ററില്‍ തന്നെ പോയി കാണണം.

ഈ ചിത്രത്തിലെ പോലെ തന്നെ രാഷ്ട്രീയം കടന്നു ചെല്ലാത്ത ഗ്രാമം ഉണ്ടാകുമോ ?

അങ്ങനെയൊരു ഗ്രാമം ഇപ്പോഴുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. വളരെ കുറഞ്ഞ കാര്യത്തില്‍ കേരളത്തില്‍ അവിടെയും ഇവിടെയും വടക്കേ ഇന്ത്യയിലുമൊക്കെ പാര്‍ട്ടികള്‍ ചെല്ലാത്ത ഗ്രാമങ്ങള്‍ ഉണ്ടാകും. രാഷ്ട്രീയം എന്നതിനെ പലപ്പോഴും ആള്‍ക്കാര്‍ മൂന്നു പാര്‍ട്ടികളെ വെച്ചു കൊണ്ട് ഈ പാര്‍ട്ടികള്‍ ചെയ്യുന്നതാണ് രാഷ്ട്രീയം എന്ന് തെറ്റിദ്ധരിക്കരുത്. രാഷ്ട്രീയം എന്നാല്‍ രാഷ്ട്രത്തെ സംബന്ധിക്കുന്നത് എന്നേയുള്ളൂ. അത് രാജാവ് ഭരിച്ചാലും ജന്മി ഭരിച്ചാലും ഇവരു തന്നെ തിരഞ്ഞെടുക്കപ്പെട്ട് ഭരിക്കുന്നു എന്നാലും അവിടെ രാഷ്ട്രീയം ഉണ്ട്. രാഷ്ട്രം സംബന്ധിച്ച കാര്യങ്ങള്‍ ഉണ്ട്. അപ്പോള്‍ രാഷ്ട്രീയം എത്താത്ത ഗ്രാമങ്ങള്‍ ഉണ്ടാകണമെന്നില്ല. പക്ഷേ പാര്‍ട്ടികള്‍ എത്താത്ത പാര്‍ട്ടിക്ക് ബലം ഇല്ലാത്ത സ്ഥലങ്ങള്‍ ഇഷ്ടം പോലെയുണ്ട്. ഇപ്പോഴുമുണ്ട്. നാട്ടുകാര് തീരുമാനിക്കും നാട്ടുകാര് തന്നെയാണ് തിരഞ്ഞെടുക്കുന്നത്. നമ്മുടെ എറണാകുളത്ത് കിഴക്കമ്പലത്ത് ട്വന്റി ട്വന്റി ഭരിക്കുന്നില്ലേ. അപ്പോള്‍ പാര്‍ട്ടിയില്ലാത്ത ഗ്രാമങ്ങളുണ്ടാകാം. രാഷ്ട്രീയം ഇല്ലാത്ത ഗ്രാമങ്ങള്‍ ഉണ്ടാകില്ല.

രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ താല്പര്യം ഉണ്ടോ ?

ഇപ്പോള്‍ നമ്മള്‍ സംസാരിക്കുന്ന നിമിഷം പോലും എന്റേത് പ്ലാന്‍ ചെയ്ത കാര്യമല്ല. അതുകൊണ്ട് ഇപ്പോള്‍ ഇല്ല എന്നു പറഞ്ഞിട്ട്് നാളെ ഞാന്‍ ഇറങ്ങിക്കഴിയുമ്പോള്‍ നിങ്ങള്‍ ഇത് കാണിക്കില്ലേ ? ഞാന്‍ പണ്ട് രാഷ്ട്രീയത്തില്‍ ഇറങ്ങില്ലാന്ന് പറഞ്ഞൂന്ന് പറയും. നാളെകളെക്കുറിച്ച് എനിക്ക് ഒന്നും പറയാന്‍ പറ്റില്ല. ഈ മിനിട്ടുകളെക്കുറിച്ചേ പറയാന്‍ സാധിക്കൂ. അപ്പോള്‍ ചിലപ്പോള്‍ രാഷ്ട്രീയത്തില്‍ വരാം വരാതിരിക്കാം. എനിക്കും അതിനെക്കുറിച്ച് കൃത്യമായി പറയാന്‍ സാധിക്കില്ല.

പുതിയ പ്രൊജക്ടുകള്‍ ?

ജൂഡ് ആന്റണിയുടെ ഒരു മുത്തശ്ശിഗദ എന്ന ചിത്രമാണ് ഇനി വരാനുള്ളത്.

കുടുംബം ?

ഭാര്യയുടെ പേര് സൗമ്യ രണ്ട് മക്കളുണ്ട് പൗര്‍ണമി, ഗിരിധര്‍

shortlink

Related Articles

Post Your Comments


Back to top button