അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനമോഹി ഡൊണാള്‍ഡ് ട്രംപിന്‍റെ അടിക്കടിയുള്ള മുസ്ലീംവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് അഭിനേത്രിയും സംവിധായകയുമായ ആഞ്ജലീന ഷോലി രംഗത്തെത്തി.
“ഞാന്‍ വിശ്വസിക്കുന്നത്, അമേരിക്ക ഉണ്ടായിരിക്കുന്നത് ലോകത്തിന്‍റെ എല്ലാക്കോണിലും നിന്ന്‍ വരുന്ന സ്വാതന്ത്ര്യമോഹികളായ – പ്രത്യേകിച്ച് മതപരമായ സ്വാതന്ത്ര്യം – ജനങ്ങളെക്കൊണ്ടാണ് എന്നാണ്. ആ അമേരിക്കയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരാളില്‍ നിന്ന്‍ ഇത്തരം ജല്‍പ്പനങ്ങള്‍ ഉണ്ടാകുന്നത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്,” ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ഹൈക്കമ്മീഷണറുടെ പ്രതിനിധി എന്ന നിലയില്‍ ഷോലി ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.
അഭയാര്‍ത്ഥികളുടെ ഇപ്പോഴുള്ള അവസ്ഥയെ രണ്ടാം ലോകമഹായുദ്ധകാലത്തേതിനോട് താരതമ്യപ്പെടുത്തിയ ഷോലി “വിവിധരാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കേണ്ട തലമുറകള്‍ക്കിടയില്‍ ഒരിക്കല്‍ മാത്രം വരുന്ന നിമിഷം” ആണ് ഇതെന്നും അഭിപ്രായപ്പെട്ടു. അഭയാര്‍ത്ഥികളെ സഹായിക്കാനുള്ള എല്ലാ ഉദ്യമങ്ങളിലും സാമ്പത്തികമായ പരാധീനതകള്‍ അനവധിയാണെന്നും ഷോലി ചൂണ്ടിക്കാട്ടി. ബിബിസിയാണ് അഭയാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി ഈ പരിപാടി സംഘടിപ്പിച്ചത്.
നേരത്തേ ഹോളിവുഡ് സൂപ്പര്‍താരങ്ങളായ ജോര്‍ജ് ക്ലൂണിയും, മിലി സൈറസും, ജെന്നിഫര്‍ ലോറന്‍സും ട്രംപിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഒരു ടെലിവിഷന്‍ പരിപാടിയ്ക്കിടെ ജെന്നിഫര്‍ ലോറന്‍സ് ട്രംപിനെ പരസ്യമായി ചീത്ത വിളിച്ചത് വന്‍വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
Post Your Comments