
പത്തനാപുരം ● പത്തനാപുരം നിയോജകമണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.ബി.ഗണേഷ് കുമാറിന് വോട്ടുതേടി നടന് ദിലീപും. കഴിഞ്ഞദിവസം ഗണേഷിന് വോട്ടഭ്യര്ഥിച്ചതിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന നടന് മോഹന്‍ലാലിന് ദിലീപ് പിന്തുണ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവാദങ്ങള്‍ അനാവശ്യമാണ്. ‘അമ്മ’യില്‍ പ്രത്യേകിച്ച് നിയമങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. അമ്മയില്‍ കൂടിയാലോചിച്ചിട്ടല്ല ആരും സ്ഥാനാര്‍ഥിയായത്. ഇപ്പോള്‍ ഉയരുന്നത് അനാവശ്യ വിവാദമാണെന്നും ആര്‍ക്കുവേണമെങ്കിലും പ്രചരണത്തിന് പോകുവാനുളള സ്വാതന്ത്ര്യമുണ്ടെന്നും താരം പറഞ്ഞു.
ഗണേഷ്കുമാറിന്റെ പ്രചാരണത്തിന് നടന് മോഹന്‍ലാല്‍ എത്തിയതിന്റെ പേരില്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. മോഹന്‍ലാലിന്റെ പത്തനാപുരത്തേയ്ക്കുള്ള വരവില്‍ തനിക്ക് അതിയായ വേദനയുള്ളതായി യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ നടന് ജഗദീഷ് പ്രതികരിച്ചിരുന്നു. സംഭവത്തിനു പിന്നില്‍ ബ്ളാക്മെയിലിംഗ് നടത്തതായി സംശയിക്കുന്നതായും ജഗദീഷ് പറഞ്ഞിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് നടന് സലിം കുമാര്‍ അമ്മയില്‍ നിന്ന് രാജി വച്ചിരുന്നു.
എന്നാല്‍ താരങ്ങള്‍ വ്യക്തിബന്ധങ്ങളുടെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നത് വിലക്കാന്‍ കഴിയില്ല എന്നായിരുന്നു അമ്മ പ്രസിഡന്റ് ഇന്നസെന്റിന്റെ പ്രതികരണം.
ജഗദീഷിന്റെ പ്രതികരണത്തെ പരിഹസിച്ച് സംവിധായകന് ബി.ഉണ്ണികൃഷ്ണനും രംഗത്തെത്തിയിരുന്നു. “നീ പോ മോനെ ജഗദീഷേ..” എന്നായിരുന്നു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്കിലെ പരിഹാസം.
Post Your Comments