GeneralNEWS

കലാകാരന്മാര്‍ക്കു കുടുംബജീവിതം നിഷിദ്ധമോ; ബാലചന്ദ്രമേനോന്‍

തന്‍റെ ആദ്യവിവാഹം തൊഴിലിനെ, നൃത്തത്തെ, സംഗീതത്തെ ഗിത്താറിനെ ഒക്കെ ആയിരുന്നു എന്നത് പോലുള്ള ഭംഗിവാക്കുകളോട് തനിക്ക് യോജിക്കാന്‍ കഴിയില്ലെന്ന് ബാലചന്ദ്രമേനോന്‍. അങ്ങനെ വെറുംവാക്ക്‌ പറയുന്നവര്‍ ജീവിതത്തോട് നീതിപുലര്‍ത്താത്തവരാണന്നും തന്‍റെ ഫെയ്സ്ബുക്ക്‌ പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞു.

ബാലചന്ദ്ര മേനോന്‍റെ ഫെയ്സ്ബൂക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

‘കടുത്ത’ കലാകാരന് കുടുംബജീവിതം നിഷിദ്ധം എന്ന് കരുതുന്ന ആളാണ്‌ ഞാൻ.
” ഞാൻ ആദ്യം കല്യാണം കഴിച്ചത് സംഗീതത്തെയാണ് …ഗിത്താറിനെയാണ്…..നൃത്തത്തെയാണ്… അല്ലെങ്കിൽ എന്റെ തൊഴിലിനെയാണ് ” എന്ന് ചിലർ ഭംഗി വാക്കു പറയുന്നതിനോട് ഞാൻ യോജിക്കില്ല. അങ്ങിനെയുള്ളവർക്ക് കുടുംബജീവിതത്തിൽ പലതിനോടും നീതി പുലർത്താനാവില്ല.
വിവാഹം അപ്രായോഗികവും അശാസ്ത്രീയവും എന്നാൽ അനിവാര്യവുമായ ഒരു സാമൂഹ്യ വിപത്ത് ആണെന്നു വിശ്വസിച്ചിരുന്ന ഒരാളാണ് ഞാൻ . രണ്ടു വ്യത്യസ്ത പശ്ചാത്തലത്തിൽ പിറന്നു വളർന്ന രണ്ടു നിരപരാധികളെ അഗ്നിയെയും കരക്കാരെയും സാക്ഷിയാക്കി കൂട്ടിക്കെട്ടി ശിഷ്ട്ട ജീവിതത്തിലേക്ക് തള്ളി വിടുന്ന ഒരു പ്രാകൃത സംബ്രദായമാണെന്ന് കോളേജ് വേദികളിൽ ഞാൻ ഇഷ്ട്ടം പോലെ പ്രസംഗിച്ചത്‌ കേട്ടു കൈയടിച്ച പലരും ഇപ്പോൾ ഈ ഭൂമുഖത്ത് പലയിടങ്ങളിലും ഉണ്ടെന്നും എനിക്കറിയാം. ഒരിക്കലും വിവാഹം കഴിക്കില്ലെന്നും ‘ പിള്ളാരുടെ അപ്പി ഒന്നും കോരാൻ എന്നെ കിട്ടില്ലന്നുമൊക്കെ ‘ വാച്ചകമടിച്ചുനടന്ന ഒരു കാലം….
മലയാള സിനിമ അടിമുടി മാറ്റാനുള്ള ആവേശത്തോടെ 22 മത്തെ വയസ്സിൽ ഞാൻ ചെന്നയിലേക്ക് ചേക്കേറുകയും സിനിമാത്തിരക്കിൽ ഒരാളായി മാറുകയും ചെയ്തു. ആദ്യമായി സംവിധായകനായപ്പോൾ എന്നെ ഒരുപാട് പേർ വിളിച്ചു അഭിനന്ദിച്ചു. ‘ഞാൻ ഭാവിയിൽ സംവിധായകനാവും ‘ എന്ന് കോളേജ് കാമ്പസ്സിലും റെയിൽവേ പ്ലാറ്റ് ഫോമിലും വാചകമടിച്ചു നടന്ന ഒരു കോളേജ് കുമാരൻ എം ജി ആർ പണ്ട് പറഞ്ഞതുപോലെ ‘ നിനയ്ത്തതേ മുടിപ്പവൻ ‘ ആയല്ലോ എന്ന് അവർ അംഗീകരിച്ചു …
അങ്ങനെയിരിക്കെ എന്നോ ഒരിക്കൽ ഒട്ടും പ്രതീക്ഷിക്കാതെ ഞാൻ ഒരു പതിനാറുകാരിയെ കണ്ടു .
എന്റെ ഉളളിൽ അത് വരെ പൊട്ടാത്ത ഒരു ‘ ലഡ്ഡു ‘ അന്ന് പൊട്ടി. എനിക്കപ്പോൾ തന്നെ ആ പെൺ കുട്ടിയെ സ്വന്തമാകണമെന്നു തോന്നി . പിന്നെ ഇടം വലം നോക്കിയില്ല. ആരോടും രണ്ടാമതൊരു അഭിപ്രായം ചോദിച്ചുമില്ല. നാണമില്ലാതെ നേരെ പെണ്ണു വീട്ടിലേക്കു. ചെന്നു എന്റെ മനസ്സിലെ ഇംഗിതം കുട്ടിയുടെ അച്ഛൻ മരിച്ചുപോയതു കൊണ്ട് അമ്മയോട് മുഖദാവിൽ പറഞ്ഞു .
വിവരം ഇന്നത്തെപ്പോലെ തന്നെ ആരൊക്കയൊ STD വിളിച്ചു ആരോടോക്കയോ പറഞ്ഞു
എന്റെ ചുറ്റും കാർമേഘങ്ങൾ ഉരുണ്ടുകൂടി..
ഇടിവെട്ടി …
കൊടും കാറ്റടിച്ചു..
തുംബിക്കൈ വണ്ണത്തിൽ മഴ പെയ്തു …
പക്ഷെ ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചു മുൻപോട്ടു പോയി ..
പണ്ട് അഭിനന്ദിച്ചവർ അപ്പോഴും ജീവിച്ചിരിപ്പുള്ള കാര്യം ഞാൻ പെട്ടന്ന് ഓർത്തില്ല . എനിക്ക് എതിരെ ആക്ഷേപ ശരങ്ങൾ എയ്യാൻ അവർ മറന്നില്ല
നയ വഞ്ചകൻ …
നാണം കേട്ടവൻ …
വാക്ക് പാലിക്കാത്തവാൻ … …
പെൺകൊന്തൻ …
അങ്ങിനെ പലതും …
ഞാൻ അവരോടു പറഞ്ഞു .
എന്നെ തെറ്റിദ്ധരിക്കരുത് …മാപ്പാക്കണം …പറ്റിപ്പോയി ..നിങ്ങളിൽ ബൈബിൾ വായിച്ചിട്ടുള്ളവർ മറ്റുള്ളവർക്കു ഒന്ന് ദയവായി പറഞ്ഞുകൊടുക്കുക …
വിവാഹം സ്വർഗത്തിൽ നടക്കുന്നു !
അങ്ങിനെ ശിവശങ്കരപിള്ളയുടെയും ലളിതാ ദേവിയുടെയും പുത്രനായ ഞാൻ പരേതനായ രഘവമേനോന്റെയും ഇന്ദിരയുടെയും മകളായ വരദയുടെ കഴുത്തിൽ താലി അണിയിച്ച്
‘വിവാഹിതരെ ഇതിലെ.” എന്ന് മുദ്രാവാക്യം വിളിക്കാൻ തുടങ്ങി …
ഇത് നടന്നത് ഒരു മെയ്‌ 12 നു ആണെന്ന് പറഞ്ഞാൽ ഇന്ന് ഞങ്ങളുടെ വിവാഹ വാര്ഷികമാനെന്നു അർഥം..
വിവാഹം സ്വർഗത്തിൽ നടന്നതാ എന്ന് ഞാൻ നേരത്തെ ഘോഷിചെങ്കിലും വിവാഹ ജീവിതം സ്വർഗ്ഗമയമാണെന്നു ഞാൻ പറഞ്ഞാൽ അത് ഇത്തിരി കടന്നുപോകും..
എന്നാൽ കാറ്റിനൊത്തു അലക്ഷ്യമായി പറക്കുന്ന പട്ടത്തെക്കാൾ കുറ്റിയിൽ കെട്ടിയിട്ടു ചുറ്റുവട്ടം മേയുന്ന പശു തന്നെയാണ് മെച്ചമായ ജീവിതം എന്ന് ഞാൻ കരുതുന്നു . എടുക്കാനും കൊടുക്കാനും നമ്മെ പഠിപ്പിക്കുന്നത്‌ കുടുംബജീവിതമാണ് .സംസ്കാരത്തിന്റെ ബീജാവാപം നടക്കുന്നത് കുടുംബത്തിലാണ് . നാടിന്റെ അടുത്ത തലമുറയുടെ സ്വഭാവരൂപീകരണം വീട്ടിലെ ഊണ് മേശക്കരികിലായിരിക്കണം .
“എന്റെ കുടുംബം ശരിയല്ല. കുടുംബത്തിൽ പരാജയപ്പെട്ട എനിക്ക് ഒരു മന്ത്രിയായി ഇരിക്കാൻ യോഗ്യതയില്ല ‘” എന്ന് നയം വ്യക്തമാക്കുന്നു എന്നാ ചിത്രത്തിൽ മമ്മൂട്ടി പറയുന്നത് എന്റെ രാഷ്ട്രീയ ദർ ശനമാണ് .
എന്തായാലും ഈശ്വരന്റെ അനുഗ്രഹം കൊണ്ട് ഞാൻ തരക്കേടില്ലാത്ത ഒരു ഭർത്താവായി ..
വരദയുടെ വാക്കുകള കടം എടുത്താൽ ഭർത്താവിനെക്കാൾ നല്ല അച്ഛനായി …(.മക്കളായ വിനുവിന്റെയും ഭാവനയുടെയും പ്രതികരണം അറിവായിട്ടില്ല)
GRAND PAA ( അപ്പൂപ്പൻ എന്ന പ്രയോഗം എനിക്കു സ്വീകാര്യമല്ല ആവശ്യമില്ലാത്ത .അച്ഛൻ കഥാപാത്രങ്ങൾ സിനിമയിൽ ചെയ്തു ബോറടിച്ച എന്നെ ഒരു സ്ഥിരം അപ്പൂപ്പനാക്കാൻ മലയാള സിനിമയിൽ ഇത് കൊണ്ട് ഒരു വാസന ഉണ്ടാകാതിരിക്കാനുള്ള ഒരു പ്രതിരോധമാണ് ഈ പ്രയോഗം.) GRANDPAA എങ്ങിനുണ്ട് എന്ന് വിലയിരുത്താനുള്ള പ്രായം എന്റെ പേരക്കുട്ടികളായ തന്മയക്കും അമേയക്കും ആയിട്ടില്ല …
വലിയ കൊഴപ്പമില്ലാത്ത ഒരു കുടുംബജീവിതത്തിനു APRIL 18 നേക്കാൾ ഞാൻ MAY 12 ശുപാർശ ചെയ്യുന്നു …
എന്താ മുഖത്തു ഒരു സംശയം ?
എത്രാമത്തെ വാര്ഷികമാനെന്നോ ?
സോറി …അത് പരസ്യപ്പെടുത്താൻ ഹൈ കമ്മാണ്ടിന്റെ അനുവാദമില്ല.

ഇനി നമ്മൾ രണ്ടും മാത്രമായതുകൊണ്ട് പറയുവാ..എങ്ങിനെ ഇത്റയും ഒക്കെ ഒപ്പിച്ചു പോകുന്നു എന്ന് ചോദിച്ചാൽ മറുപടി എനിക്ക് പറയാനുള്ളത്‌ ഇംഗ്ലീഷ് ഭാഷയിലാണ്’
” I AM THE CAPTAIN OF MY FAMILY AND I HAVE MY WIFE’S PERMISSION TO SAY SO…”
വരദ അത് തന്നെ മലയാളത്തിൽ പണ്ടേ പറഞ്ഞിട്ടുണ്ട്
” ചന്ദ്രേട്ടൻ നല്ല ഒരു ഓന്താണ് …എപ്പഴും നിറം മാറിക്കൊണ്ടിരിക്കും ഭാഗ്യത്തിന് ഞാൻ ഒരു അരണയായിപ്പോയി എല്ലാം നിമിഷം തോറും മറന്നുകൊണ്ടുമിരിക്കും ….”
മെയ്‌ 12 നു കുറിപ്പ് ( കുരുക്ക് ?? ) വീണ ഏവർക്കും ഞങ്ങളുടെ വിവാഹ വാര്ഷിക ആശംസകൾ !
that’s ALL your honour !

shortlink

Related Articles

Post Your Comments


Back to top button