തിരുവനന്തപുരം: സ്ത്രീകള്‍ക്കു നേരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ തടയാന്‍ ശക്തമായ നിയമമാണ് വേണ്ടതെന്ന് ചലച്ചിത്ര നടി ഭാവന. കഠിന നിയമങ്ങള്‍ നിലവിലുള്ള രാജ്യങ്ങളിലെ സ്ഥിതി നമുക്ക് അറിവുള്ളതാണ്. അവിടെ ഇത്തരം സംഭവങ്ങള്‍ കുറവാണെന്നും അവര്‍ പറഞ്ഞു.തന്റെ പുതിയ ചിത്രമായ ‘വിളക്കുമര’ വുമായി ബന്ധപ്പെട്ട് പ്രസ്ക്ളബില്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു ഭാവന.ജിഷയുടെ കൊലപാതക സംഭവത്തെക്കുറിച്ചുള്ള മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കാണ് ഭാവന വ്യക്തവും ശക്തവുമായ മറുപടി പറഞ്ഞത്. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ ചില വീഴ്ചകളുണ്ട് . ഇതുകൊണ്ടാണ് സംസ്ഥാനത്ത് ജിഷാവധം പോലെയുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നത്. കുറ്റവാളികള്‍ക്കെതിരെ ഗവണ്‍മെന്റ് കൃത്യമായും ശക്തമായും നടപടികളെടുത്താല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കും. കേരളം, ഗുജറാത്ത്, ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമില്ല.
ജിഷാ വധത്തില്‍ സമൂഹ മാധ്യമങ്ങളുള്‍പ്പെടെ നന്നായി പ്രതികരിച്ചത് കൊണ്ടു മാത്രം ഒന്നുമാകുന്നില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികളും ഉണ്ടാവണം. സോഷ്യല്‍ മീഡിയയില്‍ പതിവായി പ്രതികരിക്കുന്ന ആളല്ല താന്‍. സ്ത്രീകളുടെ സമീപനമോ പെരുമാറ്റമോ അല്ല ഇത്തരം സംഭവങ്ങളിലേക്കു നയിക്കുന്നത്. പുതിയ തലമുറയിലെ പെണ്‍കുട്ടികളോട് വീട്ടില്‍ ഇരിക്കാന്‍ പറയാന്‍ കഴിയുമോ. രാത്രി വൈകിയൊക്കെ വീട്ടിലെത്തുന്നവരാണ് പലരും. ബിക്കിനി ധരിക്കുകയും ജീന്‍സ് ധരിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍ മാത്രമല്ല ആക്രമിക്കപ്പെടുന്നത് എന്നും ഭാവന പറയുന്നു.
മാറേണ്ടത് പുരുഷന്റെ ചിന്തയും ചിന്താഗതികളുമാണ്. ഏത് മാനസികാവസ്ഥയിലാണ് പുരുഷന്മാര്‍ ഇത്തരം അവസ്ഥയിലെത്തുന്നതെന്ന് തനിക്കറിയില്ല. ലൈംഗിക നൈരാശ്യം പോലുള്ള മാനസികാവസ്ഥയും കാരണമാവാം. മരണപ്പെട്ട ജിഷയ്ക്ക് അല്ല യഥാര്‍ത്ഥത്തില്‍ നീതീ കിട്ടേണ്ടതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ വിജയ് മേനോന്‍ പറഞ്ഞു. ജീവിച്ചിരിക്കുന്നവര്‍ക്കാണ് ശരിക്കും നീതി കിട്ടേണ്ടത്. ഇതേക്കുറിച്ചു വേണം സമൂഹം ചിന്തിക്കാനെന്നും സംവിധായകനും തിരക്കഥാകൃത്തുമായ വിജയ് മേനോന്‍ അഭിപ്രായപ്പെട്ടു.
ചില്‍ഡ്രന്‍സ് ഹോമിലെത്തുന്ന പുതിയ അദ്ധ്യാപികയുടെ വേഷമാണ് ചിത്രത്തില്‍ ഭാവനയ്ക്ക്. കഥാപാത്രം തനിക്ക് ഏറെ ഇഷ്ടപ്പെട്ടതിനാലാണ് ഏറ്റെടുത്തതെന്നും ഭാവന പറഞ്ഞു. മൂന്നു ചിത്രങ്ങളിലാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ‘വിളക്കുമരത്തിന്റെ’ കഥ വിജയ് മേനോന്റെ മകന്‍ നിഖില്‍ മേനോന്റേതാണ് . തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് വിജയ് മേനോനും. മനോജ് കെ ജയന്‍, നന്ദു, സുരാജ് വെഞ്ഞാറമൂട്, വിനോദ് കോവൂര്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. അനില്‍ പനച്ചൂരാന്‍ ഗാനരചനയും സഞ്ജീവ് തോമസ് സംഗീതവും നിര്‍വഹിക്കുന്നു. ശിവാനി ക്രിയേഷന്‍സിന്റെ ബാനറില്‍ ജയനാഥ് അമ്ബാഴത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ജോഷ്വാ റൊണാള്‍ഡ്. ചിത്രം ആഗസ്റ്റില്‍ തീയറ്ററിലെത്തും. തിരുവനന്തപുരം, ലഡാക്ക്, ചുഷൂല്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം.
Post Your Comments