മലയാളത്തിന്‍റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് മെഗാതാരങ്ങളാണ് മമ്മൂട്ടിയും സുരേഷ്ഗോപിയും. സുരേഷ്ഗോപി ഈയാഴ്ച തന്നെത്തേടി വന്ന രാജ്യസഭാംഗത്വം എന്ന നേട്ടത്തിന്‍റെ തിളക്കവുമായി അന്തരിച്ച നടന്‍ രതീഷിന്‍റെ മകള്‍ പദ്മയുടെ കല്യാണത്തിന് കൊച്ചിയില്‍ എത്തിയപ്പോള്‍ മലയാള സിനിമാപ്രേമികളെ ആശങ്കയിലാഴ്ത്തുന്ന ചില സംഭവങ്ങള്‍ നടന്നു. മമ്മൂട്ടിയുമായി വളരെക്കാലമായി സുരേഷ്ഗോപി പിണക്കത്തിലാണ് എന്ന വാര്‍ത്തകളെ സാധൂകരിക്കുന്ന സംഭവങ്ങളായിരുന്നു അവ. കല്യാണച്ചടങ്ങിന്‍റെ വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് മമ്മൂട്ടി സുരേഷ്ഗോപിയെ കണ്ടഭാവം നടിച്ചില്ല എന്നാണ്.
സദസ്സില്‍ ഇരുന്ന് സിനിമാരംഗത്തെ മറ്റു സുഹൃത്തുക്കളോട് കുശലം പറഞ്ഞു ചിരിക്കുകയായിരുന്ന മമ്മൂട്ടിയുടെ അടുത്തേക്ക് വന്ന സുരേഷ്ഗോപി അദ്ദേഹത്തിന്‍റെ തോളില്‍ തട്ടി തന്‍റെ സാന്നിദ്ധ്യമറിയിച്ചു. ആള്‍ സുരേഷ്ഗോപിയാണെന്ന് കണ്ട മമ്മൂട്ടി തന്‍റെ ശ്രദ്ധ ഉടന്‍തന്നെ മറ്റൊരാളിലേക്ക് തിരിച്ച് സുരേഷ്ഗോപിയെ അവഗണിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇത് കാര്യമാക്കാതെ സുരേഷ്ഗോപി ഉടന്‍തന്നെ തൊട്ടടുത്തിരുന്ന ജോഷിയുമായി കുശലപ്രശ്നം നടത്തി സാഹചര്യത്തെ നേരിട്ടു.
ഈ മെഗാതാരങ്ങള്‍ തമ്മിലുള്ള പിണക്കത്തിന് കാരണമായി ഒന്ന്‍-രണ്ട് അണിയറക്കഥകള്‍ സിനിമാലോകത്ത് പ്രചാരത്തിലുണ്ട്. ആദ്യത്തെ സംഭവം ഇരുവരും ഒന്നിച്ചഭിനയിച്ച ഫാസില്‍ ചിത്രം പപ്പയുടെ സ്വന്തം അപ്പൂസിന്‍റെ ഷൂട്ടിംഗ് സമയത്ത് നടന്നതാണ്. അത്യാവശ്യമായി തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന സുരേഷ്ഗോപിക്ക് മമ്മൂട്ടി തന്‍റെ കാറില്‍ ലിഫ്റ്റ് നല്‍കി. യാത്രാമദ്ധ്യേ മമ്മൂട്ടിയുടെ അമിതമായ ഡ്രൈവിംഗ് വേഗത സഹിക്കാന്‍ പറ്റാതെ സുരേഷ്ഗോപി വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതിഷ്ടപ്പെടാത്ത മമ്മൂട്ടി സുരേഷ്ഗോപിയെ കോയമ്പത്തൂരിനടുത്ത് പെരുവഴിയില്‍ ഇറക്കിവിട്ടു. തുടര്‍ന്ന് ലോറിയിലൊക്കെ കയറിയാണ് സുരേഷ്ഗോപി തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നത്. ഇതോടെ രണ്ടുപേരും തമ്മില്‍ ചെറിയ ഒരു അലോസരം ഉടലെടുത്തു.
പിന്നീട് സുരേഷ്ഗോപിക്ക് കളിയാട്ടത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ അവസാനറൗണ്ടില്‍ മമ്മൂട്ടിയുടെ ഭൂതക്കണ്ണാടിയിലെ പ്രകടനവും ഉണ്ടായിരുന്നു. അവിടെ സുരേഷിനോട് പരാജയപ്പെട്ടത് ഇഷ്ടപ്പെടാത്ത മമ്മൂട്ടി അവാര്‍ഡ് വിവരം അറിയിക്കാന്‍ ഫോണ്‍ വിളിച്ച സുരേഷിനെ അഭിനന്ദിക്കാന്‍ കൂട്ടാക്കിയില്ല. ഇതുകൂടെ ആയതോടെ സുരേഷ്ഗോപി മമ്മൂട്ടിയുമായി പൂര്‍ണ്ണമായ പിണക്കത്തിലായി എന്നാണ് സിനിമാ അണിയറക്കഥകള്‍.
രണ്ട് പേരുടേയും രാഷ്ട്രീയമായ വേര്‍തിരിവുകളും പിണക്കത്തിന്‍റെ കാരണമായി പറയുന്നുണ്ട്. സുരേഷ്ഗോപി ബിജെപി പാളയത്തിലെ ശ്രദ്ധേയ ദേശീയസാന്നിധ്യം വരെയായി നില്‍ക്കുമ്പോള്‍ മമ്മൂട്ടി വളരെക്കാലമായി സിപിഐ-എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും അവരുടെ പാര്‍ട്ടി ചാനലിന്‍റെ ചെയര്‍മാന്‍ പദവി വഹിക്കുകയും ഒക്കെ ചെയ്യുന്നു. ഈ രാഷ്ട്രീയ ഭിന്നതയും ഇരുവര്‍ക്കുമിടയിലെ പിണക്കത്തെ സജീവമാക്കി നിലനിര്‍ത്തുന്നില്ലേ എന്നതാണ് പലരും ചോദിക്കുന്ന ചോദ്യം.
Post Your Comments