ചാര്‍ലിയുടെ കുപ്പായം തുന്നിയ സമീറ സനീഷ് ആ വേഷവിധാനത്തെക്കുറിച്ചുള്ള ചില നല്ല അനുഭവങ്ങള്‍ പങ്കിടുകയാണ്. കഴിഞ്ഞ വര്‍ഷത്തെ മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ സമീറ ഇന്ന് മലയാള സിനിമയില്‍ വളരെ തിരക്കേറിയ കോസ്റ്റ്യൂം ഡിസൈനര്‍മാരില്‍ ഒരാളാണ്.
ചാര്‍ലിയുടെ വസ്ത്രധാരണത്തെക്കുറിച്ച് സമീറ സനീഷിന്റെ വാക്കുകള്‍
അടുത്തിടെ ചെയ്ത സിനിമകളിൽ എനിക്ക് വ്യക്തിപരമായി അടുപ്പം തോന്നിയത് ‘ചാർളി’യോടാണ്. അതിലെ വർക്ക് എന്തുകൊണ്ടും സംതൃപ്തി തരുന്നതായിരുന്നു. ചാർളിയുടെ കഥാപാത്രത്തെക്കുറിച്ച് സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് പറഞ്ഞപ്പോൾത്തന്നെ ഉള്ളിൽ ചില സങ്കല്പങ്ങളുണ്ടായിരുന്നു. അതിനനുസരിച്ചായിരുന്നു രൂപകല്പന. ചാർളി ഒരുപാട് യാത്രചെയ്യുന്നയാളാണ്. ഒരു യാത്രികന് പറ്റിയ വസ്ത്രങ്ങളാണ് ആലോചിച്ചത്. അത് കൂടുതൽ ഫോർമൽ ആകാൻ പാടില്ല. അതേസമയം ദുൽഖറിന് യോജിക്കുന്നതും സ്റ്റൈലിഷ് ആകുകയും വേണം. റഫറൻസുകളൊന്നും പരതിയില്ല. ആദ്യം ചെയ്തത് പ്ലെയിൻ കുർത്തയാണ്. പിന്നീട് അത് പ്രിൻറഡ് ആക്കി മാറ്റി. ഒരു വുളൻ സ്റ്റോളും പരീക്ഷിച്ചു. പൈജാമയും ഹാരം പാന്റ്സുമാണ് ബോട്ടം ആക്കിയത്. അതിന് പോക്കറ്റുകളും കൊടുത്തു. കറുപ്പ്, മെറൂൺ നിറങ്ങൾക്കാണ് പ്രാമുഖ്യം കൊടുത്തത്. ചാർളിയുടെ സ്വഭാവത്തിന്റെ നിഴലുകൾ വീണതാണ് പാർവതിയുടെ ‘ടെസ’യെന്ന കഥാപാത്രം. അതുകൊണ്ട് അതും ഒരു വെല്ലുവിളിയായി.
ചാർളിയെ കീഴടക്കാനിറങ്ങിയ ഒരാൾക്ക് അയാളോട് കിടപിടിക്കുന്ന കോസ്റ്റ്യൂം വേണമല്ലോ..! അങ്ങനെയാണ് പാർവതിക്കായി പച്ചയും പീച്ചും നിറങ്ങളിലുള്ള വസ്ത്രങ്ങൾ പരീക്ഷിച്ചത്. ഫ്രോക്കിൽ ചില പരീക്ഷണങ്ങൾ നടത്തി. സ്ലിറ്റിലും ചില പുതുമകൾ വരുത്തി. ഏതു വസ്ത്രവും ഭംഗിയുള്ളതാകുന്നത് അണിയുന്നവരുടെ ചലനങ്ങളിലൂടെയാണ്. ദുൽഖറും പാർവതിയും വസ്ത്രങ്ങളുടെ കാര്യത്തിൽ നല്ല ബോധമുള്ളവരാണ്. ചാർളിയിലെ കോസ്റ്റ്യൂം ഹിറ്റായതിൽ അവർക്കാണ് എന്നേക്കാൾ ക്രഡിറ്റ്. പക്ഷേ ഒരു സങ്കടമുണ്ട് ചാര്‍ലിയുടെ കോസ്റ്റ്യൂമിനേക്കാള്‍ പേഴ്സണലായി ഇഷ്ടം ടെസയുടെതിനോടാണ്. പക്ഷേ ചാര്‍ലിയുടേതാണ് ഹിറ്റായത്
Post Your Comments