GeneralNEWS

ചലച്ചിത്ര നടന്‍ ജിഷ്ണുവിന്‍റെ അവസാനനാളുകള്‍ കണ്ണീരോടെ പിതാവ് രാഘവന്‍ ഓര്‍ക്കുന്നു

മകനെ കുറിച്ചുള്ള സങ്കടം നിറഞ്ഞ ഓർമ്മകൾ മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ രാഘവൻ പങ്കു വച്ചു.അഭിനയം എല്ലാം ഉപേക്ഷിച്ച്‌ കഴിഞ്ഞ രണ്ട് വര്‍ഷക്കാലവും ജിഷ്ണുവിന്റെ നിഴലായി കൂടെ തന്നെയുണ്ടായിരുന്നു അച്ഛന്‍ രാഘവന്‍.

” കുഞ്ഞു നാൾ മുതൽ ജിഷ്ണുവിനു അഭിനയിക്കാൻ താല്പര്യമുണ്ടായിരുന്നു.കിളിപ്പാട്ട് എന്ന ചിത്രത്തിന് ശേഷം സിനിമയില്‍ ധാരാളം അവസരം വന്നു. പക്ഷെ ചെറുപ്പത്തില്‍ ലൊക്കേഷനില്‍ പോകുമ്പോള്‍ അവനൊപ്പം ആരെങ്കിലും പോകണം. പക്ഷെ എനിക്ക് ഷൂട്ടിങ്ങ് തിരക്കുകളും അവന്റെ അമ്മക്ക് വെളിയിൽ അധികം പോകാത്ത സ്വഭാവവും. ഇത് മനസ്സിലാക്കി ജിഷ്ണു അഭിനയത്തെ കുറിച്ച്‌ പറഞ്ഞില്ല, പഠനത്തിലായി ശ്രദ്ധ” – രാഘവന്‍ പറയുന്നു.

ചലച്ചിത്ര അക്കാദമിയുടെ ഒരു പ്രോഗ്രാമില്‍ വച്ച്‌ കമലിനെ കണ്ടപ്പോള്‍ അദ്ദേഹം തന്റെ പുതിയ ചിത്രത്തെ കുറിച്ച്‌ പറഞ്ഞു. ‘രണ്ട് പുതുമുഖങ്ങളെയാണ് ആലോചിക്കുന്നത്. ഒരാളെ കിട്ടി. ഭരതേട്ടന്റെ മകന്‍ സിദ്ധാര്‍ത്ഥ്. രണ്ടാമത്തെ ആള്‍ക്ക് അല്‍പം പൊക്കം വേണം.’ എന്ന് കമല്‍ പറഞ്ഞപ്പോള്‍ ആറടി പൊക്കമുള്ള ഒരാള്‍ വീട്ടിലുണ്ട്, എന്ന് പറഞ്ഞത് രാഘവനാണ്. എന്നാൽ കുറേ പടങ്ങള്‍ അഭിനയിച്ചെങ്കിലും ചിലത് വിചാരിച്ചതുപോലെ ക്ലിക്കായില്ല. ആ സമയത്ത് മറ്റെന്തെങ്കിലും സൈഡ് ബിസിനസിനെ കുറിച്ച്‌ ചിന്തിച്ചത്. സര്‍ക്കാര്‍ സഹകരണത്തോടെ കമ്ബ്യൂട്ടര്‍ ടീച്ചേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം നടപ്പാക്കാന്‍ വേണ്ടി സൊസൈറ്റി ഫോം ചെയ്തു. ഓരോ സ്റ്റേറ്റിലും അതിന് ഓഫീസുകളുണ്ടാക്കി. ഇതിനിടയ്ക്കാണ് അണപ്പല്ല് ഉരഞ്ഞ് നാവില്‍ മുറിവുണ്ടായത്. തിരക്കുപിടിച്ച ജീവിതത്തില്‍ അതത്ര കാര്യമാക്കിയില്ല. മരുന്നുപോലും കഴിച്ചില്ല. വല്ലാതെ വേദന വന്നപ്പോള്‍ ഡോക്ടറെ കാണിച്ചു. മുറിവില്‍ ഫംഗസ് ബാധയുണ്ടായാല്‍ അത് ലുക്കോപ്ലാക്കിയ എന്ന കാന്‍സറിന് വഴിവയ്ക്കും. അതുകൊണ്ട് ശ്രദ്ധിക്കണം എന്ന് ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പിന്നീടൊരിക്കല്‍ നാട്ടിലെത്തിയപ്പോള്‍ ആര്‍ സി സിയില്‍ പോയി കാണിച്ചു. എന്‍ഡോസ്കോപ്പി ചെയ്തുനോക്കിയെങ്കിലും പ്രശ്നമില്ലെന്നാണ് അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്. പക്ഷേ കുറച്ചുനാളുകള്‍ക്കുള്ളില്‍ വീണ്ടും വേദന വന്നു. എം ആര്‍ ഐ സ്കാന്‍ ചെയ്തപ്പോള്‍ കാന്‍സറാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. അത്യാവശ്യമായി സര്‍ജറി വേണമെന്നായിരുന്നു അവരുടെ അഭിപ്രായം. എന്നാല്‍ ആ സമയത്ത് രണ്ടു സിനിമകളുടെ വര്‍ക്കിലായിരുന്നു ജിഷ്ണു. ഒരു തമിഴ്പടവും ‘ട്രാഫിക്കി’ന്റെ ഹിന്ദി പതിപ്പും. സര്‍ജറി കഴിഞ്ഞാല്‍ കുറച്ചുനാളത്തേക്ക് സംസാരിക്കാന്‍ പോലും കഴിയില്ലെന്ന് അവനറിയാമായിരുന്നു. അതുകൊണ്ടുതന്നെയാണ് കുറച്ചുദിവസത്തെ സാവകാശം ഡോക്ടര്‍മാരോട് ചോദിച്ചത്. ബാംഗ്ലൂരില്‍ വച്ചായിരുന്നു സര്‍ജറി. അത് വിജയകരമായി നടത്തി. അവൻ ജീവിതത്തിലേക്ക് തിരിച്ചുവന്നതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങള്‍.

പക്ഷേ ആ പ്രതീക്ഷ അധികം ഉണ്ടായില്ല . മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തൊണ്ടയില്‍ ഒരു മുഴ പോലെ വന്നു. ശ്വാസനാളം മൂടുന്നതുപോലെ തോന്നുന്നു എന്നു പറഞ്ഞപ്പോള്‍ വീണ്ടും ഡോക്ടറുടെ അടുത്തേക്ക്. കീമോ ചെയ്തു. ആ സമയത്തൊക്കെ അവന്‍ സന്തോഷവാനായിരുന്നു. വീണ്ടും അവന്‍ പഴയ പോലെ ഞങ്ങള്‍ക്കിടയിലേക്ക് വന്നു. അസുഖം മാറിത്തുടങ്ങി. വീണ്ടും അസുഖം വന്നപ്പോഴാണ് അമൃത ആശുപത്രിയിലെത്തിച്ചത്. ശരീരം നന്നായി ശോഷിച്ചു. കൈയും കാലും ചലിപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥ. വാചാലനായിരുന്ന അവന് ഒരു നിമിഷം സംസാരിക്കാന്‍ കഴിയാതായി. ഏതെങ്കിലുമൊരു അച്ഛന് കണ്ടുനില്‍ക്കാന്‍ കഴിയുമോ, ഈ അവസ്ഥ? രാഘവൻ പറയുന്നു.ജിഷ്ണുവിനെ ഒരു ദിവസം പോലും കാണാതിരിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. എല്ലാം അടുത്ത് നിന്ന് ഞാന്‍ തന്നെ നോക്കണം. അവസാന നാളുകളില്‍ ഷര്‍ട്ടിന്റെ ബട്ടന്‍ പോലും അഴിക്കാന്‍ കഴിയുമായിരുന്നില്ല. ഒരു കാറ്റ് വന്നാല്‍ വേദനിയ്ക്കുന്ന ശരീരമായിരുന്നു. ഞങ്ങളെ വേദനിപ്പിക്കേണ്ട എന്ന് കരുതി ഒന്നും പറയില്ല. ശരീരത്തില്‍ രണ്ട് തുള ഇട്ടിരുന്നു. ഒന്ന് ഭക്ഷണം കൊടുക്കാനും, മറ്റൊരെണ്ണം മൂത്രം എടുത്ത് കളയാനും. വല്ലാത്തൊരു അവസ്ഥയായിരുന്നു അതെന്നും രാഘവൻ അഭിമുഖത്തിൽ പറയുന്നു.

shortlink

Post Your Comments


Back to top button