GeneralNEWS

രണ്ടു നക്ഷത്രങ്ങള്‍ ആകാശത്തേക്ക് തിരിച്ചു പോകുന്നു: കരളലിയിപ്പിച്ചു മഞ്ജു വാര്യരുടെ കുറിപ്പ്

ഹൃദയവും ശ്വാസകോശവും മാറ്റിവച്ച് ഒടുവില്‍ വിടപറഞ്ഞ അമ്പിളി ഫാത്തിമയുടെ വിടപറച്ചിലില്‍ മനമുരുകി നടി മഞ്ജു വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സുമനസ്സുകളുടെ കാരുണ്യത്തില്‍ ചികിത്സ നടന്നുവെങ്കിലും കാത്തിരിപ്പുകളും പ്രാര്‍ത്ഥനയും വിഫലമാക്കി അമ്പിളിയെന്ന വെള്ളാരംകണ്ണുകാരി വിടപറയുകയായിരുന്നു. കോട്ടയം സിംഎംഎസ് കോളേജില്‍ എംകോം വിദ്യാര്‍ത്ഥിയായിരുന്ന അമ്പിളിക്ക് ചികിത്സാസഹായവുമായി നടി മജ്ഞു വാര്യരുമെത്തിയിരുന്നു.

അമ്പിളി ഫാത്തിമയുടെ വിരഹത്തില്‍ മജ്ഞു വാര്യര്‍ എഴുതിയ ഫേസ്ബുക്ക്‌ കുറിപ്പ്: രണ്ടുനക്ഷത്രങ്ങള്‍ ആകാശത്തേക്ക് തിരിച്ചുപോകുന്നു. അമ്പിളി ഫാത്തിമയുടെ കണ്ണുകള്‍ അവിടെയെങ്ങോ ഇരുന്ന് നമ്മെ നോക്കി ചിരിക്കും. നിലാവുകാണുമ്പോഴൊക്കെ ഇനി നമുക്ക് അവളെ ഓര്‍ക്കാം..

ഒരുവര്‍ഷം മുമ്പ് ഒരുപത്രവാര്‍ത്തയിലാണ് ഞാന്‍ ആദ്യമായി അമ്പിളി ഫാത്തിമയെ കണ്ടത്. അന്നുമുതല്‍ സുഷിരം വീണ അവളുടെ ഹൃദയത്തിനും കിതച്ചുതളര്‍ന്ന ശ്വാസകോശത്തിനുംവേണ്ടി പ്രാര്‍ഥിക്കുന്ന ലോകത്തെ അനേകരില്‍ ഒരാളായി ഞാനും.

ദൂരെ ഒരാശുപത്രി മുറിയിലിരുന്നുകൊണ്ട് അമ്പിളി നമ്മെ നിശ്ചയദാര്‍ഢ്യമെന്തെന്ന് പഠിപ്പിച്ചു. പാവമായിരുന്നു അവള്‍. ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്ന ഒരു പെണ്‍കുട്ടി. മരുന്നുകളുടെ മണം മാത്രം നിറഞ്ഞ ജീവിതത്തിനിടയിലും മുല്ലപ്പൂക്കളെ സ്‌നേഹിച്ചവള്‍. തളിരിലയെന്നോണം ഞരമ്പുകള്‍ തെളിഞ്ഞുകിടന്ന കൈകളില്‍ നിറയെ സൂചികുത്തിയ പാടുകളായിരുന്നു. പക്ഷേ അവള്‍ക്ക് വേദനിച്ചില്ല. കാരണം അവള്‍ നക്ഷത്രവെളിച്ചമുള്ള കണ്ണുകള്‍ കൊണ്ട് ലോകത്തെ നോക്കി, പ്രകാശം പരത്തി..അതിനിടയില്‍ അവള്‍ക്ക് വേദനിക്കാന്‍ സമയമുണ്ടായിരുന്നില്ല എന്നതാണ് സത്യം.

ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കപ്പെട്ടപ്പോഴും മനസ്സുമാത്രം മാറ്റിവയ്ക്കാന്‍ അമ്പിളി അനുവദിച്ചില്ല. 85ശതമാനം മാര്‍ക്ക് നേടി പരീക്ഷ ജയിച്ചപ്പോള്‍ തോറ്റുപോയത് മറ്റുപലതുമാണ്. മുല്ലവള്ളിയോളം മാത്രമുള്ള പെണ്‍കുട്ടിക്ക് തുടരെ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകളും അണുബാധകളും അതിജീവിച്ച് ലോകത്തിന് പലതും കാണിച്ചുകൊടുക്കാനായെങ്കില്‍ അവള്‍ക്ക് മുന്നില്‍ മരണവും തോല്കും,നിശ്ചയമായും..അതുകൊണ്ട് അമ്പിളി ഫാത്തിമ നമുക്കിടയില്‍ നിന്ന് മറ്റൊരു രൂപത്തിലേക്ക് മാഞ്ഞുപോയെന്ന് മാത്രം. അവള്‍ നമ്മുടെ കണ്‍വെട്ടത്ത് തന്നെയുണ്ട്…നിലാവായും നക്ഷത്രമായും

shortlink

Related Articles

Post Your Comments


Back to top button