GeneralNEWS

നിര്‍മ്മാതാവ് അജയ് കൃഷ്ണന്‍റെ ആത്മഹത്യ ഓര്‍മ്മിപ്പിക്കുന്നത്; സംഭവിക്കാന്‍ പോകുന്നത് എന്തെന്ന് തിരിച്ചറിയാന്‍ കഴിയാതെ കബളിക്കപ്പെടുന്നവര്‍ സിനിമയില്‍ നിരവധി

കൊല്ലം: സിനിമ മാത്രം മനസ്സിലിട്ട്, അതിനെ മാത്രം സ്നേഹിച്ച്, ഒരു സിനിമയെങ്കിലും സ്വന്തമായി പുറത്തിറക്കണം എന്ന ആഗ്രഹവുമായി നടക്കുന്ന ഒരു സിനിമാപ്രേമിക്ക് സംഭവിക്കാവുന്ന അബദ്ധമാണ് അജയ് കൃഷ്ണന്‍ എന്ന യുവനിര്‍മ്മാതാവിനും സംഭവിച്ചത്. ഏറേക്കാലം മനസ്സില്‍ കൊണ്ടുനടന്ന ആദ്യസിനിമ എന്ന മോഹം പൂവണിയുന്നതിനു മുമ്പേ അജയ് യാത്രയായി.

ചെറുപ്പം മുതലേ സിനിമയെ മനസ്സില്‍ താലോലിച്ച് നടന്ന അജയിന്, ആ ലോകത്ത് താന്‍ വച്ച ചെറിയ ചുവടുകള്‍ പിഴച്ചു എന്ന തോന്നലുണ്ടായപ്പോഴാണ് ജീവിതം അവസാനിപ്പിച്ചത്.

ഉയര്‍ന്ന നിലയില്‍ എന്‍ജിനീയറിംഗ് പാസായ അജയ് നാലുവര്‍ഷം മുമ്പ് ഗള്‍ഫില്‍ ആരംഭിച്ച നിര്‍മ്മാണക്കമ്പനിയില്‍ ഇരുപതോളം പേര്‍ ജോലി ചെയ്തിരുന്നു. ഇടയ്ക്കിടെ നാട്ടിലെത്തി ഇവിടെയും സിനിമാ-സീരിയല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

അജയ് എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രമായ “അവരുടെ രാവുകള്‍” എന്ന ചിത്രത്തിന്‍റെ പണിപ്പുരയിലായിരുന്നു അജയ്. ഷാനില്‍ മുഹമ്മദ്‌ സംവിധാനം ചെയ്യുന്ന ഈ ചിത്രം കൊച്ചിയിലെത്തി ഒന്നിച്ച് താമസിക്കുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥ പറയുന്നു.

തിങ്കളാഴ്ച തുടങ്ങിയ ചിത്രത്തിന്‍റെ ഡബ്ബിങ്ങ് ജോലികള്‍ക്കായി തിരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ തിരക്കുകള്‍ക്കിടയിലും നടന്‍ മുകേഷ് അടക്കമുള്ളവര്‍ വന്ന് സഹകരിച്ചിരുന്നു. പക്ഷേ എഡിറ്റിങ്ങിന് മുമ്പുള്ള പ്രിവ്യൂ കണ്ട അജയ് അസ്വസ്ഥനായിരുന്നു.

തന്‍റെ പണം മുഴുവന്‍ പോയി എന്ന് അജയ് വിലപിച്ചിരുന്നതായി അച്ഛന്‍ രാധാകൃഷ്ണ പിള്ള പറയുന്നു. കൊല്ലത്തുള്ള വീട്ടില്‍ എത്തിയ അജയ് സിനിമയ്ക്കായി മുടക്കിയ പണം നഷ്ടമായി എന്നു പറഞ്ഞ് വിലപിച്ചിരുന്നതായും മതാപിതാകള്‍ ആശ്വസിപ്പിച്ചിരുന്നതായും പറയുന്നു.

സിനിമയുടെ മായിക പ്രഭാവലയത്തിന്‍റെ ആകര്‍ഷണത്തില്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ വിശ്വസിച്ച് കബളിക്കപ്പെട്ട അസംഖ്യം പേരുടെ കൂട്ടത്തില്‍ അവസാനത്തെ ആളായി മാറുട്ടെ അജയ് കൃഷ്ണന്‍ എന്ന് അദ്ദേഹത്തിന്‍റെ ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട് നമുക്ക് പ്രതീക്ഷിക്കാം.

shortlink

Post Your Comments


Back to top button